സ്വിഷ് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം; കേരള ടീമുകൾക്ക് വൻ വിജയം
text_fields40+ പുരുഷ വിഭാഗത്തിൽ വിജയികളായ ജോസ്കോ കേരള കൊമ്പൻസ്
തിരുവനന്തപുരം: സ്വിഷ് ബാസ്കറ്റ്ബോൾ അക്കാദമിയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇൻഡോർ കോർട്ടുകളിൽ സംഘടിപ്പിച്ച പ്രഥമ 'സ്വിഷ് പ്രൈസ് മണി ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമെന്റ്' ആവേശകരമായി സമാപിച്ചു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മുൻ അന്താരാഷ്ട്ര താരങ്ങളും വെറ്ററൻ താരങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 ടീമുകൾ പങ്കെടുത്തു.
കേരള ടീമുകളുടെ നേട്ടം
ഞായറാഴ്ച രാത്രി വൈകി നടന്ന 40+ പുരുഷ വിഭാഗം ഫൈനലിൽ, മുൻ അന്താരാഷ്ട്ര താരങ്ങളായ വിനീത് രവി മാത്യു, ഹരീഷ് കോരത്ത് (ഐ.ഒ.ബി ചെന്നൈ), മോനിഷ് വിൽസൺ, മനോജ് ആർ (കസ്റ്റംസ് കൊച്ചി) എന്നിവരടങ്ങിയ ജോസ്കോ കേരള കൊമ്പൻസ് 49-29 എന്ന സ്കോറിന് ചെന്നൈയിലെ 'എക്സ്യുബറന്റിനെ' (EXUBERANT) തകർത്ത് കിരീടവും 25,000 രൂപയും സ്വന്തമാക്കി. 30+ പുരുഷ വിഭാഗത്തിൽ കൊച്ചിയിൽ നിന്നുള്ള റോഷൻ 7 സ്റ്റാർ, ബാംഗ്ലൂർ വാരിയേഴ്സിനെ (52-40) പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. വിജയികളായവർക്ക് 25,000 രൂപയും, രണ്ടാം സ്ഥാനം നേടിയവർക്ക് 15,000 രൂപയുമാണ് സമ്മാനമായി ലഭിച്ചു.
35+ വിഭാഗത്തിൽ മുൻ അന്താരാഷ്ട്ര താരം എ.ഡി. സെന്തൂരേശ്വരൻ നയിച്ച ധ്യാൻ ചെന്നൈ, തിരുവനന്തപുരം നലാഞ്ചിറ സ്പോർട്സ് ഹോസ്റ്റലിലെ പഴയകാല താരങ്ങൾ ഒത്തുചേർന്ന സെന്റ് ജോൺസ് എച്ച്.എസ്.എസിനെ (39-19) പരാജയപ്പെടുത്തി കിരീടം നേടി. 50+ വിഭാഗത്തിൽ അന്താരാഷ്ട്ര താരങ്ങൾ അണിനിരന്ന ബാംഗ്ലൂരിലെ ബാങ്ക് ഓഫ് ബറോഡ ടീം, ഇന്ദാന ചെന്നൈയെ (50-41) പരാജയപ്പെടുത്തി കിരീടം നേടി.
കൊച്ചിയിൽ നിന്നുള്ള തെബാസ്കോ തേവര രണ്ട് വിഭാഗങ്ങളിൽ ജേതാക്കളായി. പുരുഷന്മാരുടെ 55+ വിഭാഗത്തിലും വനിതകളുടെ 30+ വിഭാഗത്തിലും ടീം കിരീടം ചൂടി. എന്നാൽ വനിതകളുടെ 40+ വിഭാഗം ഫൈനലിൽ വാരിയേഴ്സിനോട് (33-17) പരാജയപ്പെട്ടതോടെ ടീമിന് ട്രിപ്പിൾ കിരീടം നഷ്ടമായി. കേരള പൊലീസിലെ മുൻ താരങ്ങളാണ് വാരിയേഴ്സിനായി അണിനിരന്നത്. മുൻകാല താരങ്ങളുടെ കായിക മികവും സൗഹൃദവും പുതുക്കിയ ഈ ടൂർണമെന്റ് കേരളത്തിലെ മാസ്റ്റേഴ്സ് കായിക രംഗത്ത് പുതിയൊരു അധ്യായമാണ് കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

