ആഡംബരങ്ങളുടെ തമ്പുരാൻ, ബെൻസ് എസ് ക്ലാസ് അവതരിച്ചു; വില 2.17 കോടി
text_fieldsആഡംബരത്തിെൻറ അവസാന വാക്ക്, ലോകത്തിലെ ഏറ്റവും മികച്ച വാഹനം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ബെൻസ് എസ് ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2.17 കോടിയാണ് വാഹനത്തിെൻറ വില. എക്സ്റ്റൻറഡ് വീൽബേസ്, എ.എം.ജി കിറ്റ് എന്നിവയോടൊപ്പമാണ് എസ് ക്ലാസ് എത്തുന്നത്. സെഡാൻ എന്നതിൽ നിന്ന് വളർന്ന് ലിമോസിൻ രൂപഭാവങ്ങളിലേക്ക് വാഹനം എത്തി എന്നതാണ് എടുത്തുപറയേണ്ടത്. വാഹനത്തിെൻറ 150 യൂനിറ്റുകൾ ഇതിനകം രാജ്യത്ത് ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. ലോഞ്ച് എഡിഷൻ എന്ന ഒറ്റ ട്രിമ്മിലാണ് നിലവിൽ വാഹനം ലഭ്യമാവുക.
എക്സ്റ്റീരിയർ സ്റ്റൈലിങ്
ബെൻസിെൻറ പുതിയ ഇ-ക്ലാസ് രൂപകൽപ്പനയുമായി സാമ്യമുള്ളതാണ് എസ് ക്ലാസിൽ വരുത്തിയിരിക്കുന്ന പരിഷ്കരണങ്ങൾ. മെഴ്സിഡസിെൻറ പുതിയ 'ഡിജിറ്റൽ ലൈറ്റ്' എൽഇഡി ഹെഡ്ലൈറ്റുകൾ, മൂന്ന് തിരശ്ചീന ബ്ലേഡുകളുള്ള ക്രോം ഗ്രിൽ, വലിയ എയർ ഇൻടേക്കുകളുള്ള ബമ്പർ, അൺലോക്ക് ചെയ്യുേമ്പാൾ തുറന്നുവരുന്ന ഡോർ ഹാൻഡിലുകൾ, എൽഇഡി ടെയിൽ-ലൈറ്റുകൾ എന്നിവ പുറംഭാഗത്തെ പ്രത്യേകതകളാണ്.
ചില വാഹന ഭാഗങ്ങളും അലോയ് വീലുകളും എഎംജി ഡിസൈന് സമാനമായ സ്പോർട്ടി ലുക്ക് വാഹനത്തിന് നൽകുന്നുണ്ട്. അഞ്ച് കളർ ഓപ്ഷനുകളിൽ എസ് ക്ലാസ് ലഭ്യമാണ്. ഡയമണ്ട് വൈറ്റ്, ഫീനിക്സ് ബ്ലാക്, ആന്ത്രാസൈറ്റ് ബ്ലൂ, റുബലൈറ്റ് റെഡ്, എമറാൾഡ് ഗ്രീൻ എന്നിവയാണ് നിറങ്ങൾ.
ഇൻറീരിയർ
എസ് ക്ലാസിെൻറ അകവശം വിഴുങ്ങിയിരിക്കുന്നത് രണ്ട് സ്ക്രീനുകളാണ്. ഡാഷ്‌ബോർഡിൽ മേഴ്സിഡസിെൻറ പുതിയ 12.8 ഇഞ്ച് പോർട്രെയിറ്റ് ഓറിയൻറഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, അതിനൊപ്പം 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ഡിസ്‌പ്ലേയും ഉണ്ട്. പുതിയ ഒ.എൽ.ഇ.ഡി ടച്ച്‌സ്‌ക്രീൻ ഏറ്റവും പുതിയ മെഴ്‌സിഡസ് എം.ബി.യു.എക്സ് സിസ്റ്റം പ്രവർത്തിപ്പിക്കുകയും ഫേഷ്യൽ, വോയ്‌സ്, ഫിംഗർപ്രിൻറ് തിരിച്ചറിയൽ പോലുള്ള സവിശേഷതകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സിസ്റ്റത്തിന് 320 ജിബി സ്റ്റോറേജും 16 ജിബി റാമും നൽകിയതും ശ്രദ്ധേയമാണ്. 64 നിറങ്ങളിലുള്ള ആക്റ്റീവ് ആംബിയൻറ് ലൈറ്റിങ്, പ്രീമിയം ബർമസ്റ്റർ 4 ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, മസാജിങ് സീറ്റുകൾ എന്നിവ പാക്കേജിെൻറ ഭാഗമാണ്.
പിൻസീറ്റ് യാത്രക്കാർക്ക് ലെഗ് റെസ്റ്റ്, മസാജ് ഫംഗ്ഷൻ എന്നിവ ഇലക്ട്രോണിക് രീതിയിലും ക്രമീകരിക്കാൻ കഴിയും. പിന്നിൽ നിന്ന് കോ-ഡ്രൈവർ സീറ്റ് ക്രമീകരണം, പിൻ സീറ്റ് എൻറർടൈൻമെൻറ് ടച്ച്‌സ്‌ക്രീനുകൾ, വിവിധ ഇൻ-കാർ പ്രവർത്തനങ്ങൾക്കായി സെൻട്രൽ ടാബ്‌ലെറ്റ് കൺട്രോളർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ എസ്-ക്ലാസിലെ മറ്റൊരു സവിശേഷത പിൻവശത്തെ യാത്രക്കാർക്കുള്ള മുൻ എയർബാഗുകളാണ്. ഇൻറീരിയറിൽ രണ്ട് കളർ സ്കീമുകളും ലഭിക്കും. മച്ചിയാറ്റോ ബീജ് അല്ലെങ്കിൽ സിയന്ന ബ്രൗൺ നിറത്തിലുള്ള നാപ്പ ലെതർ അപ്ഹോൾസറി ആഡംബരത്തിന് മാറ്റുകൂട്ടുന്നുണ്ട്.
എഞ്ചിൻ, ഗിയർബോക്‌സ്
പൂർണമായും ഇറക്കുമതി ചെയ്യുന്ന പുതിയ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ഇതിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളുമുണ്ട്. എസ് 400 ഡിയിൽ പരിചിതമായ ഒഎം 656 ഇൻ-ലൈൻ ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ 330 എച്ച്പി, 700 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കും. എസ് 450 പെട്രോൾ വേരിയൻറിൽ ഒരു ഇൻ-ലൈൻ 6-സിലിണ്ടർ, ടർബോചാർജ്ഡ് യൂനിറ്റ് ആണ് നൽകിയിരിക്കുന്നത്. ഇത് 367 എച്ച്പി, 500 എൻഎം എന്നിവ പുറത്തെടുക്കും. രണ്ട് വേരിയൻറുകളിലും മെഴ്സിഡസിെൻറ 4 മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും വരുന്നു. പുതിയ എസ്-ക്ലാസ് റിയർ-വീൽ സ്റ്റിയറിങും ഉൾക്കൊള്ളുന്നു.
എതിരാളികൾ
ബിഎംഡബ്ല്യു 7 സീരീസ്, ഓഡി എ 8 എന്നിവപോലുള്ള ആഡംബര ലിമോസിനുകളാണ് എസ് കലാസിെൻറ എതിരാളികൾ. വരും മാസങ്ങളിൽ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ മുൻനിര മേബാക്ക് എസ്-ക്ലാസ് ആഡംബര ലിമോസിൻ ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിലെ എസ് ക്ലാസിനും മുകളിലായിരിക്കും അവയുടെ സ്ഥാനം.