Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറന്റിലും പെട്രോളിലും ഓടും; ഒറ്റ ടാങ്കിൽ 1,100 കി.മീ.! എം.ജി ഹെക്ടർ ടോമഹോക്ക്

text_fields
bookmark_border
MG Hector Tomahawk plug-in hybrid SUV
cancel
camera_alt

എം.ജി ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി

"അല്ല, ഈ ജീപ്പ് പെട്രോളാണോ ഡീസലാണോ എന്ന് ചോദിച്ചതാ.."

"ഇതിൽ രണ്ടും പോകും!" 'നരസിംഹം' എന്ന സൂപ്പർ ഹിറ്റ്​ സിനിമയിൽ അനുരാധയുടെ ചോദ്യത്തിന് ലാലേട്ടന്‍റെ​ പൂവള്ളി ഇന്ദുചൂഡൻ നൽകുന്ന ഈ മാസ്​ മറുപടി മലയാളി സിനിമാപ്രേമികൾ ഇന്നും ആഘോഷിക്കുന്ന ഡയലോഗുകളിലൊന്നാണ്​. അന്ന് പെട്രോളും ഡീസലും ഒരുമിച്ച് ഓടുന്ന ജീപ്പിനെക്കുറിച്ച് ‘വെറുതെ’പറഞ്ഞ് പ്രേക്ഷകരെ ആവേശത്തിലാക്കിയെങ്കിൽ, ഇന്ന് അതിലും ഒരു പടി കടന്ന വാഹനവുമായാണ് എം.ജി എത്തുന്നത്. പെട്രോളിലും കറന്റിലും ഓടുന്ന എം.ജി ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി! ആകെ 1,100 കിലോമീറ്ററിലധികം റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അപ്പോൾ ഇന്ദുചൂഡന്റെ ഡയലോഗ് കടമെടുത്ത് ചോദിക്കാം: ഈ വണ്ടി കറന്റിലാണോ പെട്രോളിലാണോ ഓടുന്നത്? ഉത്തരം രണ്ടിലുമാണ്! എങ്ങനെയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്? സാധാരണ ഹൈബ്രിഡ് കാറുകളിൽനിന്ന് എന്താണ് വ്യത്യാസം?

വീട്ടിൽ ചാർജ് ചെയ്ത് 115 കിലോമീറ്ററിലധികം പൂർണമായും വൈദ്യുതിയിൽ സഞ്ചരിക്കാം. ബാറ്ററിയിലെ ചാർജ് കുറയുമ്പോൾ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ഹൈബ്രിഡ് സംവിധാനം യാത്ര തുടരാൻ സഹായിക്കും. പൂർണമായി ചാർജ് ചെയ്ത ബാറ്ററിയും നിറച്ച പെട്രോൾ ടാങ്കും ഉപയോഗിച്ച് 1,100 കിലോമീറ്ററിലധികം സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്താലേ, സംഭവം കൊള്ളാം, എന്തായാലും.ഇന്ത്യയിലെ മാസ് മാർക്കറ്റ് വിഭാഗത്തിൽ പുതിയൊരു അധ്യായം തുറക്കുന്ന ഈ ഏഴ് സീറ്റർ എസ്.യു.വിയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

പ്ലഗ്-ഇൻ ഹൈബ്രിഡ്? സാധാരണ ഹൈബ്രിഡിൽനിന്ന് എന്താണ്​ വ്യത്യസ്തം?

പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ച് ഉപയോഗിക്കുന്ന വാഹനമാണ് ഹൈബ്രിഡ് എന്നറിയാമല്ലോ. എന്നാൽ സാധാരണ ഹൈബ്രിഡ് വാഹനങ്ങളിൽ ബ്രേക്കിങ്ങിലൂടെയും എൻജിന്റെ പ്രവർത്തനത്തിലൂടെയും മാത്രമാണ് ബാറ്ററി ചാർജ് ചെയ്യുന്നത്. പുറത്തുനിന്ന് പ്ലഗ് കുത്തി ബാറ്ററി ചാർജ് ചെയ്യാൻ കഴിയില്ല.എന്നാൽ പ്ലഗ്-ഇൻ ഹൈബ്രിഡിൽ വീട്ടിലെ വൈദ്യുതി ഉപയോഗിച്ചും ബാറ്ററി ചാർജ് ചെയ്യാം. എം.ജി ഹെക്ടർ ടോമഹോക്കിൽ 20.5 kWh ബാറ്ററിയാണുള്ളത്. അതിനാൽ ദൈനംദിന യാത്രകളിൽ ഇലക്ട്രിക് കാറിനെപ്പോലെ ഉപയോഗിക്കാം. ദൂരയാത്രയിൽ ബാറ്ററിയിലെ ചാർജ് കുറഞ്ഞാലും പെട്രോൾ എൻജിൻ സഹായത്തിനെത്തും.

ചാർജ് തീർന്നാൽ വാഹനം നിൽക്കുമോ?

ഇല്ല. ഇതാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. ബാറ്ററിയിലെ ചാർജ് കുറഞ്ഞാൽ വാഹനം നിശ്ചലമാകില്ല. സാഹചര്യത്തിനനുസരിച്ച് പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും പ്രവർത്തിക്കുന്ന ഹൈബ്രിഡ് സംവിധാനത്തിലേക്ക് മാറും. ഡ്രൈവർ പ്രത്യേകം മോഡ് മാറ്റേണ്ടതില്ല. വാഹനത്തിന്റെ നിയന്ത്രണ സംവിധാനം അനുയോജ്യമായ പ്രവർത്തനരീതി തിരഞ്ഞെടുക്കും.

നാല് ഡ്രൈവിങ് മോഡുകൾ

പ്യൂവർ ഇ.വി മോഡിൽ വാഹനം പൂർണമായും വൈദ്യുതിയിൽ ഓടും. സീരീസ് ഹൈബ്രിഡ് മോഡിൽ പെട്രോൾ എൻജിൻ ബാറ്ററിക്ക് വൈദ്യുതി നൽകുകയും ഇലക്ട്രിക് മോട്ടോർ ചക്രങ്ങളെ ചലിപ്പിക്കുകയും ചെയ്യും. പാരലൽ ഹൈബ്രിഡ് മോഡിൽ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് കരുത്ത് നൽകും. എൻജിൻ ഡയറക്ട് ഡ്രൈവ് മോഡിൽ പെട്രോൾ എൻജിൻ നേരിട്ട് ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. ഹൈവേ യാത്രയിൽ ഊർജനഷ്ടം കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും.

1,100 കിലോമീറ്റർ റേഞ്ച് എങ്ങനെയാണ് ലഭിക്കുന്നത്?

20.5 kWh ബാറ്ററിയിൽനിന്ന് 115 കിലോമീറ്ററിലധികം ഇലക്ട്രിക് റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ 52 ലിറ്റർ പെട്രോൾ ടാങ്കുമുണ്ട്. ബാറ്ററി പൂർണമായി ചാർജ് ചെയ്തും ടാങ്ക് നിറച്ചും യാത്ര തുടങ്ങിയാൽ 1,100 കിലോമീറ്ററിലധികം സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ കണക്ക്.

എന്നാൽ ഈ സംഖ്യ പൂർണമായും ഇലക്ട്രിക് റേഞ്ചല്ല. വൈദ്യുതിയും പെട്രോളും ചേർന്നുള്ള സംയുക്ത റേഞ്ചാണിത്. യാത്രയുടെ രീതി, വേഗം, റോഡിന്റെ അവസ്ഥ, കാലാവസ്ഥ തുടങ്ങിയവ അനുസരിച്ച് യഥാർഥ റേഞ്ചിൽ മാറ്റമുണ്ടാകും.

വീട്ടിൽ എത്ര സമയംകൊണ്ട് ചാർജ് ചെയ്യാം?

3.3 kW എ.സി ചാർജർ ഉപയോഗിച്ച് 10 ശതമാനത്തിൽനിന്ന് 100 ശതമാനത്തിലെത്താൻ ഏകദേശം 7.5 മണിക്കൂർ വേണം. രാത്രി വീട്ടിൽ ചാർജ് ചെയ്യാൻ സൗകര്യമുള്ളവർക്ക് ഇത് പ്രയോജനകരമാണ്.25 kW ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 30 ശതമാനത്തിൽനിന്ന് 80 ശതമാനത്തിലെത്താൻ ഏകദേശം 35 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്.

എൻജിനും മോട്ടോറും എത്ര കരുത്തുള്ളതാണ്?

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഇത് 102 പി.എസ് കരുത്തും 125 എൻ.എം ടോർക്കും നൽകും. ഇലക്ട്രിക് മോട്ടോറിന് 201 പി.എസ് കരുത്തും 237 എൻ.എം ടോർക്കുമുണ്ട്.എന്നാൽ ഇവ രണ്ടിന്റെയും കരുത്ത് കൂട്ടിയുള്ള കണക്കല്ല വാഹനത്തിന്റെ സംയുക്ത ഔട്ട്പുട്ട്. ഹൈബ്രിഡ് സംവിധാനത്തിലെ പ്രവർത്തനരീതിയും പവർ ഡെലിവറിയും കണക്കിലെടുക്കുമ്പോൾ സംയുക്ത കരുത്ത് 198 പി.എസ്.യും ടോർക്ക് 230 എൻ.എം.യുമാണ്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം ഒമ്പത് സെക്കൻഡ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇന്‍റീരിയർ, സുരക്ഷ?

15.6 ഇഞ്ച് എച്ച്.ഡി. ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, മുൻനിരയിലെ വെന്റിലേറ്റഡ് സീറ്റുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകളുള്ള ഐ-സ്മാർട്ട് 3.0 സംവിധാനം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൂന്ന് നിര സീറ്റുകൾ, ഏഴ് സീറ്റർ ക്രമീകരണത്തിലാണ് പി.എച്ച്.ഇ.വി ലഭിക്കുക.സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ലെവൽ-2 അഡാസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.വാഹനത്തിലെ ബാറ്ററിയിൽനിന്ന് വീട്ടിലെ ഉപകരണങ്ങൾക്ക് വൈദ്യുതി നൽകാൻ സഹായിക്കുന്ന വി2എച്ച് സംവിധാനവും മറ്റൊരു പ്രത്യേകതയാണ്. എന്നാൽ ഇതിന് അനുയോജ്യമായ പ്രത്യേക കണക്ഷനും ഉപകരണങ്ങളും ആവശ്യമാണ്.

വില എത്രയാണ്? ബാറ്ററി വാടകയ്ക്ക് എടുക്കാമോ?

എം.ജി ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി രണ്ട് വേരിയന്റുകളിലാണ് ലഭിക്കുന്നത്.എക്സ്ക്ലൂസീവ് വേരിയന്റിന് 25.69 ലക്ഷം രൂപയും എസൻസ് വേരിയന്റിന് 27.79 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.ബാറ്ററി ആസ് എ സർവിസ് പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനത്തിൽ തുടക്കത്തിൽ നൽകേണ്ട തുക കുറയും. ബാറ്ററി ഉപയോഗത്തിന് ഓരോ കിലോമീറ്ററിനും 3.20 രൂപ വീതം വാടക നൽകണം.അതായത് കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്ക് ബാറ്ററി വാടക ഇനത്തിൽ വലിയ തുക ചെലവാകാം. അതിനാൽ സാധാരണ വിലയിൽ വാഹനം വാങ്ങുന്നതാണോ ബാറ്ററി വാടക പദ്ധതിയാണോ ലാഭകരമെന്ന് സ്വന്തം യാത്രാദൂരം കണക്കാക്കി തീരുമാനിക്കണം.

ആർക്കാണ് ഈ വാഹനം കൂടുതൽ അനുയോജ്യം?

ദിവസവും നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നവർക്കും വീട്ടിൽ ചാർജിങ് സൗകര്യമുള്ളവർക്കും ഇലക്ട്രിക് മോഡിന്റെ പ്രയോജനം ലഭിക്കും. അതേസമയം ഇടയ്ക്കിടെ ദീർഘദൂര യാത്രകൾ നടത്തുന്ന കുടുംബങ്ങൾക്ക് പെട്രോൾ എൻജിന്റെ പിന്തുണയും ആശ്വാസമാകും.മഹീന്ദ്ര എക്സ്.യു.വി. 7XO, ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ ഏഴ് സീറ്റർ വാഹനങ്ങൾ പരിഗണിക്കുന്നവർക്കും പുതിയൊരു ഓപ്ഷനാണ് ടോമഹോക്ക്. എന്നാൽ വാഹനത്തിന്റെ ഉയർന്ന പ്രാരംഭ വില, ചാർജിങ് സൗകര്യം, ബാറ്ററി വാടക തുടങ്ങിയ കാര്യങ്ങൾ കൂടി കണക്കിലെടുക്കണം.
2026 ആഗസ്റ്റ് 26നാണ് എം.ജി ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള എം.ജി ഡീലർഷിപ്പുകളിലും കമ്പനിയുടെ വെബ്സൈറ്റിലും ബുക്കിങ് നടത്താം. കേരളത്തിലെ ഷോറൂമുകളിലെ ലഭ്യതയും ഡെലിവറി സമയവും അതത് ഡീലർഷിപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും എന്നാൽ ദൂരയാത്രകളിൽ പെട്രോൾ എൻജിന്റെ പിന്തുണ വേണമെന്ന് കരുതുന്നവർക്കും ഇടയിലുള്ള ഒരു പാലമാകുമോ എം.ജി ഹെക്ടർ ടോമഹോക്ക്? കാത്തിരുന്ന് കാണാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MG Hector Tomahawk PHEV: Price and Features
Next Story