തദ്ദേശീയൻ ജീപ്പ് അവതരിപ്പിച്ചു; വിചാരിച്ചത്ര വിലക്കുറവില്ലെന്ന് ആരാധകർ
text_fieldsതദ്ദേശീയമായി കൂട്ടിയോജിപ്പിച്ച ജീപ്പിന്‍റെ ഉയർന്ന മോഡലായ റാംഗ്ലർ അവതരിപ്പിച്ചു. ഇതുവരെ ഇറക്കുമതി ചെയ്ത് വിറ്റിരുന്ന വാഹനം ഇന്ത്യയിൽ കൂട്ടിയോജിപ്പിച്ചാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ ജീപ്പിന് വൻ വിലക്കുറവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശപ്പെടുത്തി വലിയ ഇളവൊന്നും പ്രഖ്യാപിക്കാതെയാണ് റാംഗ്ലർ വരുന്നത്. സെമി നോക്ക്ഡൗൺ (എസ്.കെ.ഡി) രീതിയിലാണ് വാഹനം നിർമിച്ചതെന്നും അതാണ് വൻ വിലക്കുറവ് നൽകാൻ കഴിയാത്തതെന്നുമാണ് ജീപ്പ് പറയുന്നത്. കുറച്ചുഭാഗങ്ങൾ പ്രാദേശികമായി നിർമിക്കുകയും ബാക്കിയുള്ളവ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് എസ്.കെ.ഡി. എങ്കിലും പഴയ വാഹനത്തെ അപേക്ഷിച്ച് 10 ലക്ഷത്തിന്‍റെ കുറവ് വിലയിൽ വരുത്തിയിട്ടുണ്ട്.
നാലാം തലമുറ റാംഗ്ലർ 2019 ഓഗസ്റ്റ് മുതൽ രാജ്യത്ത് വിൽപ്പനയിലുണ്ട്. 63.94-68.94 ലക്ഷമായിരുന്നു ജീപ്പ് റാംഗ്ലറുടെ വില. 2021 മോഡലിന് 53.90 ലക്ഷമാണ് വിലവരിക. ജീപ്പിന്‍റെ രഞ്ജൻഗാവോൺ പ്ലാന്‍റിൽ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ് റാംഗ്ലർ. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അൺലിമിറ്റഡ്, റുബിക്കൺ വേരിയന്‍റുകളിൽ വാഹനം ലഭ്യമാണ്. ഫിയറ്റ് ക്രിസ്‌ലർ കമ്പനിയുടെ ഇന്ത്യൻ വിപണിയിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ റാംഗ്ലർ പുറത്തിറക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജീപ്പ് ബ്രാൻഡിന് കീഴിൽ നാല് പുതിയ സ്‌പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവി) വിപണിയിലെത്തിക്കും. ഇതിനായി 250 മില്യൺ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. 2021 ജീപ്പ് കോമ്പസ് രഞ്ജൻഗാവ് പ്ലാന്‍റിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ ഉൽപ്പന്നമാണ്. രണ്ടാമത്തെ ഉൽപ്പന്നം പുതിയ റാംഗ്ലർ ആണ്. മൂന്ന് വരി ജീപ്പ് എസ്‌യുവിയും അടുത്ത തലമുറ ഗ്രാൻഡ് ചെറോക്കിയും ആയിരിക്കും ഇനി വരാനുള്ള വാഹനങ്ങൾ.
പുതിയ റാംഗ്ലറിന് ഉരുണ്ട എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫെൻഡർ ഘടിപ്പിച്ച സൈഡ് ഇൻഡിക്കേറ്ററുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഫോഗ് ലാമ്പുകൾ, എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ ലഭിക്കും. മേൽക്കൂരയും വാതിലുകളും നീക്കംചെയ്യാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലാക്ക്, ഫയർക്രാക്കർ റെഡ്, ഗ്രാനൈറ്റ് ക്രിസ്റ്റൽ, സ്റ്റിംഗ് ഗ്രേ, ബ്രൈറ്റ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ എസ്.യു.വി ലഭ്യമാകും. പരിഷ്കരിച്ച ഉൾവശത്ത് നിരവധി മാറ്റങ്ങളുണ്ട്. പുതുക്കിയ ഡാഷ്‌ബോർഡും സെൻട്രൽ കൺസോളും കൂടുതൽ ആകർകമാണ്. 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും യുകണക്ട് 4 സി എൻഎവി കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും ലഭിക്കും.
പുഷ്-ബട്ടൺ സ്റ്റാർട്ട്, ഇരട്ട സോൺ ക്ലൈമറ്റിക് സോൺ എ.സി, പ്രീമിയം ലെതർ അപ്ഹോൾസറി, കീലെസ് എൻട്രി എന്നിവയും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സെലക്ട് സ്പീഡ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ എയർബാഗ്, സപ്ലിമെന്‍റഡ് സീറ്റ് മൗണ്ടഡ് സൈഡ് എയർബാഗുകൾ, മുന്നിലെ പാർക്ക് അസിസ്റ്റ്, റിയർവ്യൂ ക്യാമറ എന്നിവ ഉൾപ്പെടെ 60 സുരക്ഷാ സവിശേഷതകളും റാംഗ്ലറിൽ ലഭ്യമാണ്.
2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ 262 എച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ്. എക്കാലത്തെയും മികച്ച എസ്‌യുവിയാണ് റാംഗ്ലർ എന്നാണ് ജീപ്പ് അവകാശപ്പെടുന്നത്.