ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ഹോണ്ടയുടെ അവാൻസിയർ എസ്.യു.വി; ഇന്ത്യക്കാർ ഇനിയും കാത്തിരിക്കണം
text_fieldsഹോണ്ട അവാൻസിയർ
ഹൈബ്രിഡ് വാഹനങ്ങളുടെ അടുത്ത തലമുറയിലേക്ക് ചുവടുവെക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഇന്ധനക്ഷമതയ്ക്കൊപ്പം മികച്ച ഡ്രൈവിങ് അനുഭവവും ലക്ഷ്യമിടുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിന്റെ ആദ്യ അവതാരകനായി എത്തിയിരിക്കുന്നത് പുതിയ അവാൻസിയർ എസ്.യു.വിയാണ്. മൂന്ന് നിര സീറ്റുകളുള്ള ഈ മോഡലിൽ പുതിയ ഹൈബ്രിഡ് സംവിധാനം മാത്രമല്ല, ഇലക്ട്രിക് ഓൾവീൽ ഡ്രൈവ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.നവംബർ 20ന് നടന്ന ആഗോള അവതരണത്തിലൂടെയാണ് ഹോണ്ട പുതിയ അവാൻസിയറിനെ പരിചയപ്പെടുത്തിയത്. കമ്പനിയുടെ പുതിയ തലമുറ ഹൈബ്രിഡ് സംവിധാനം, പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോം, പരിഷ്കരിച്ച ഹോണ്ട ലോഗോ എന്നിവ ഒരുമിക്കുന്ന ആദ്യ മോഡലെന്ന പ്രത്യേകതയും വാഹനത്തിനുണ്ട്.
പുതിയ തലമുറ ഹൈബ്രിഡ് സംവിധാനം
ഹോണ്ടയുടെ മുൻനിര രണ്ട് മോട്ടോർ ഹൈബ്രിഡ് സാങ്കേതികവിദ്യയെ കൂടുതൽ മെച്ചപ്പെടുത്തിയാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. എൻജിന്റെ കാര്യക്ഷമത വർധിപ്പിക്കുക, ഡ്രൈവ് യൂനിറ്റിന്റെ വലുപ്പവും ഭാരവും കുറയ്ക്കുക, നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ മാറ്റങ്ങളാണ് ഇതിൽ വരുത്തിയിരിക്കുന്നത്.വാഹനത്തിന്റെ വിവിധ പ്രവർത്തന സാഹചര്യങ്ങൾക്കനുസരിച്ച് ഇലക്ട്രിക് മോട്ടോറിന്റെയും പെട്രോൾ എൻജിന്റെയും പ്രവർത്തനം ക്രമീകരിക്കാൻ ഈ സംവിധാനത്തിന് കഴിയും. കുറഞ്ഞ വേഗതയിലുള്ള യാത്ര മുതൽ ഉയർന്ന വേഗതയിലുള്ള സഞ്ചാരം വരെ അനുയോജ്യമായ ഡ്രൈവ് മോഡ് തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. ഇന്ധനക്ഷമത നിലനിർത്തുന്നതിനൊപ്പം മികച്ച ആക്സിലറേഷനും ഡ്രൈവിങ് അനുഭവവും നൽകാനാണ് ഹോണ്ട ശ്രമിക്കുന്നത്.അവാൻസിയറിലെ പ്രധാന സാങ്കേതിക ആകർഷണങ്ങളിലൊന്നാണ് ഡ്യൂവൽ പവർ eAWD.സാധാരണ ഓൾവീൽ ഡ്രൈവ് സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ചക്രങ്ങളെ സ്വതന്ത്രമായി നിയന്ത്രിക്കാൻ പ്രത്യേക ഇലക്ട്രിക് മോട്ടോറുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.മുന്നിലെയും പിന്നിലെയും ആക്സിലുകൾക്ക് ആവശ്യാനുസരണം ഡ്രൈവിങ് പവർ വിതരണം ചെയ്യാൻ സംവിധാനത്തിന് കഴിയും. വാഹനം നിർത്തിയിടത്തുനിന്ന് മുന്നോട്ടെടുക്കുമ്പോൾ മികച്ച ആക്സിലറേഷൻ ലഭിക്കാനും റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.ചക്രങ്ങളിലേക്ക് എത്രത്തോളം കരുത്ത് നൽകണമെന്ന് സാഹചര്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്നതിനാൽ യാത്ര കൂടുതൽ നിയന്ത്രിതമാക്കാനും ലക്ഷ്യമിടുന്നു.ഹോണ്ടയുടെ പുതിയ മോഷൻ മാനേജ്മെന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. ബ്രേക്കിങ്, എൻജിൻ, മോട്ടോർ എന്നിവയിൽനിന്നുള്ള കരുത്ത്, വാഹനത്തിന്റെ ചലനം തുടങ്ങിയ ഘടകങ്ങളെ ഏകോപിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.വളവുകളിലും വ്യത്യസ്ത റോഡ് സാഹചര്യങ്ങളിലും വാഹനത്തിന്റെ ചലനം കൂടുതൽ സ്ഥിരതയോടെ നിലനിർത്താൻ ഇത് സഹായിക്കും. റോബോട്ടിക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളും വാഹനത്തിന്റെ ചലനം കൃത്യമായി മനസ്സിലാക്കാനുള്ള നിയന്ത്രണ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഹോണ്ട ഉപയോഗിച്ചിട്ടുണ്ട്.
പുതിയ പ്ലാറ്റ്ഫോമും സോഫ്റ്റ്‌വെയർ അപ്ഡേറ്റും
അവാൻസിയറിനായി പ്രത്യേകം വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ബോഡിയുടെ ഉറപ്പും വാഹനത്തിന്റെ ഭാരവും തമ്മിൽ മികച്ച സന്തുലനം കണ്ടെത്തുന്നതിനാണ് ഇതിൽ ശ്രദ്ധ നൽകിയിരിക്കുന്നത്. വളവുകളിലെ നിയന്ത്രണവും റോഡുമായുള്ള ടയറുകളുടെ സമ്പർക്കവും മെച്ചപ്പെടുത്താൻ പുതിയ രൂപകൽപ്പന സഹായിക്കുമെന്ന് ഹോണ്ട പറയുന്നു.ഭാവിയിൽ വിവിധ മോഡലുകൾ വികസിപ്പിക്കുമ്പോൾ ഒരേ പ്ലാറ്റ്ഫോമിലെ ഘടകങ്ങൾ പങ്കുവെക്കാനും ഈ രൂപകൽപ്പന സഹായിക്കും. ഇതിലൂടെ നിർമാണവും വികസനവും കൂടുതൽ കാര്യക്ഷമമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.വാഹനം വാങ്ങിയ ശേഷവും പുതിയ ഫീച്ചറുകൾ ലഭ്യമാക്കാൻ ഓവർ ദ എയർ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിലേക്ക് എത്തുമോ?
ഏഷ്യൻ വിപണികളെയാണ് പുതിയ അവാൻസിയറിന്റെ പ്രധാന ലക്ഷ്യമായി ഹോണ്ട പരിഗണിക്കുന്നത്. തായ്‌ലൻഡ്, ജപ്പാൻ, ചൈന തുടങ്ങിയ വിപണികളിൽ വാഹനം അവതരിപ്പിക്കാനാണ് പദ്ധതി. ഇന്ത്യയിൽ ഈ എസ്.യു.വി വിൽപ്പനയ്ക്കെത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.
ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടുതൽ മോഡലുകളിലേക്ക് വ്യാപിപ്പിക്കാനും ഹോണ്ട പദ്ധതിയിടുന്നുണ്ട്. 2030 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തോടെ പുതിയ തലമുറ ഹൈബ്രിഡ് സംവിധാനം ഉപയോഗിക്കുന്ന 15 മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

