ആസ്പയർ വിസ്മയിപ്പിച്ചു –ഓസിൽ
text_fieldsആസ്പയർ അക്കാദമി സന്ദർശിക്കുന്ന മെസ്യൂത് ഓസിൽ
ദോഹ: ഖത്തറിൻെറ കായിക നഴ്സറിയായ ആസ്പയർ അക്കാദമിയിൽ വിശിഷ്ടാതിഥിയായി മുൻ ജർമൻ ഫുട്ബാൾ സൂപ്പർ താരം മെസ്യൂത് ഓസിലെത്തി. 2014 ലോകകപ്പ് ചാമ്പ്യൻ ടീം അംഗം കൂടിയായ ഓസിൽ നിലവിൽ തുർക്കി ക്ലബ് ഫെനർബാഷെയുടെ താരമാണ്. ആസ്പയർ ചീഫ് സ്പോർട്സ് ഓഫിസർ കൂടിയായ മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ ടിം കാഹിൽ ഓസിലിന് അക്കാദമിയുടെ ജഴ്സി സമ്മാനിച്ചുകൊണ്ട് ജർമൻ താരത്തെ വരവേറ്റു.
ചെറു പ്രായത്തിൽതന്നെ പ്രതിഭയുള്ള താരങ്ങളെ കണ്ടെത്താനും, അവരുടെ കഴിവ് വികസിപ്പിക്കാനുമുള്ള ആസ്പയർ അക്കാദമിയുടെ പ്രവർത്തനെത്ത ഓസിൽ അഭിനന്ദിച്ചു. 'ആദ്യമായാണ് ഇത്തരമൊരു വേദിയിലെത്തുന്നത്. ഇവിടെ കണ്ട കാഴ്ചകളും സൗകര്യങ്ങളും എന്നെ വിസ്മയിപ്പിച്ചു.
ഒരു കായികതാരം വളരാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട് ഇവിടെ. ഇത്തരം സംവിധാനങ്ങൾ ലോകത്തെല്ലായിടത്തും ലഭ്യമാവണം. സാധാരണ ഒരുതാരത്തിനുപരിക്കുപറ്റിയാൽ സ്പെഷലൈസ്ഡ് ആശുപത്രിയിൽ ചികിത്സ നൽകുകയാണ് ക്ലബുകളുടെ പതിവ്. കാൽമുട്ടിലെ പരിക്കാണെങ്കിൽ അത്തരമൊരു ആശുപത്രിയെ സമീപിക്കും. മനോഅസ്വാസ്ഥ്യങ്ങളാണെങ്കിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടും. എന്നാൽ, ആസ്പയറിൽ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്നു.
തീർച്ചയായും ലോകത്ത് ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സംവിധാനമാണ് ഇവിടെ' -ആസ്പയറിലെ കാഴ്ചകളെ കുറിച്ച് ഓസിലിൻെറ വാക്കുകൾ ഇങ്ങനെയായിരുന്നു. 2022 ലോകകപ്പ് ഫുട്ബാളിനുള്ള ഖത്തറിൻെറ ഒരുക്കത്തേയും അദ്ദേഹം അഭിനന്ദിച്ചു. ടിം കാഹിലിനു പുറമെ, ആസ്പയർ ലോജിസ്റ്റിക്സ് ഡയറക്ടർ ജനറൽ അബ്ദുല്ല നാസൽ അൽ നഈമി, സ്പോർട്സ് ആൻഡ് സ്ട്രാറ്റജി ഡയറക്ടർ മാർകസ് ഇഗർ എന്നിവർ ഓസിലിനെ സ്വീകരിച്ചു.