പുതുതലമുറ കാനഡയിലും ബ്രിട്ടനിലും പോകരുത് -വി.ഡി. സതീശൻ
text_fieldsതൃശൂർ: കേരളത്തിന്റെ എല്ലാ സ്വപ്നങ്ങളെയും യാഥാർഥ്യമാക്കാൻ കെൽപ്പുള്ള പുതുതലമുറയിലെ കുട്ടികൾ കാനഡയിലും ബ്രിട്ടനിലുമൊന്നും പോകാതെ ഇവിടെ തന്നെ തുടരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ നാടുവിട്ട് മറുനാട്ടിലേക്ക് പോകുന്നതിന് നമ്മളെല്ലാവരും ഉത്തരവാദികളാണ്.
അധികം വൈകാതെ കേരളം ഒരു വൃദ്ധസദനം ആകുമോ എന്ന ഭയമുണ്ട്. നമ്മുടെ വിദ്യാർഥികൾ പ്രതിഭാസമ്പന്നരാണ്. എല്ലാവരും കേരളത്തിൽ വിജയികളായി തുടരണം. കലോത്സവത്തിന് എത്തിയ ഓരോ വിദ്യാർഥിയും നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യാഥാർഥ്യമാക്കാൻ കഴിവുള്ളവരാണ്. ഇവരാരും വിദേശ രാജ്യങ്ങളിൽ പോകാതെ ഇവിടെത്തന്നെ തുടരണം. കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കിട്ടിയും കിട്ടാതെയും വന്ന ചരിത്രം തനിക്കുമുണ്ടെന്നും സതീശൻ പറഞ്ഞു.
കലോത്സവ ചട്ടങ്ങൾ മാറ്റി സിയ ഫാത്തിമ എന്ന കുട്ടിയെ വീട്ടിൽ വേദി ഒരുക്കി മത്സരത്തിൽ പങ്കെടുപ്പിച്ച വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി.
നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. കെ. രാജൻ, ഡോ. ആർ. ബിന്ദു, എ.കെ. ശശീന്ദ്രൻ, എ.സി. മൊയ്തീൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

