ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ കോടതിയിൽ ഹാജരാകില്ല; കെജ്രിവാളിന് പിന്നാലെ വിയോജിപ്പ് രേഖപ്പെടുത്തി മനീഷ് സിസോദിയ
text_fieldsഅരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് മുമ്പിൽ ആദരമർപ്പിക്കുന്നു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ബെഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമാനമായ നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് സിസോദിയയും തന്റെ വിയോജിപ്പ് അറിയിച്ചത്. കോടതിയുടെ നിഷ്പക്ഷതയിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും മനഃസാക്ഷി അനുവദിക്കാത്തതിനാൽ നടപടികളിൽ പങ്കുചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തീരുമാനത്തിന് പിന്നിൽ ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ മൂല്യങ്ങളാണെന്ന് സിസോദിയ നൽകിയ കത്തിൽ സൂചിപ്പിച്ചു. ഹാജരാകാതിരിക്കുന്നതിലൂടെ നിയമപരമായ തിരിച്ചടികൾ ഉണ്ടായേക്കാം എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ തീരുമാനമെന്നും, 'സൗകര്യവും മനഃസാക്ഷിയും തമ്മിൽ തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ താൻ മനഃസാക്ഷിക്കൊപ്പമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനത്തിന് മുന്നോടിയായി കെജ്രിവാളും സിസോദിയയും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് മുമ്പിൽ ആദരമർപ്പിച്ചു.
ജസ്റ്റിസ് സ്വർണ കാന്ത ശർമ, കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആർ.എസ്.എസ് അനുകൂല അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ പരിപാടികളിൽ സ്വർണ കാന്ത ശർമ നിരന്തരമായി പങ്കെടുത്തതും കേസിൽ സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് കീഴിലുള്ള വിവിധ സർക്കാർ പാനലുകളിൽ ജഡ്ജിയുടെ മക്കൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സംഘ് പരിവാർ താത്പര്യങ്ങൾ ഉള്ളപ്പോൾ അത് നേരത്തെ വെളിപ്പെടുത്താൻ ജഡ്ജിയും തുഷാർ മേത്തയും തയ്യാറായില്ലെന്നുമാണ് വിചാരണ വേളയിൽ ഹാജരാകാതിരിക്കാനുള്ള ആധാരമായി സിസോദിയ ഉയർത്തുന്ന വാദങ്ങൾ.
'ഭരണഘടനയിലും കോടതിയിലുമുള്ള വിശ്വാസം ഉറച്ചുതന്നെ നിൽക്കുന്നു. എന്നാൽ ഈ പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുന്നത് പൊതുജനമധ്യത്തിൽ നിഷ്പക്ഷതയെക്കുറിച്ച് വലിയ സംശയങ്ങൾ ജനിപ്പിക്കും. മിണ്ടാതിരിക്കുകയോ നടപടികളിൽ സഹകരിക്കുകയോ ചെയ്യുന്നത് മനഃസാക്ഷിയെ വഞ്ചിക്കുന്നതിന് തുല്യമാണ്.' - മനീഷ് സിസോദിയ പറഞ്ഞു. തന്റെ അഭിഭാഷകരും ഇനി ഈ കേസിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കിയതോടെ, ഡൽഹി മദ്യനയക്കേസിലെ നിയമപോരാട്ടം പുതിയൊരു തലത്തിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

