നെല്ലിന്റെ സംഭരണ വില ഉയർത്തുമോ? പ്രതീക്ഷയിൽ കർഷകർ
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ഈ വർഷത്തെ ഒന്നാം വിള നെല്ല് കൊയ്ത്ത് തുടങ്ങിയതോടെ സംഭരണവില ഉയർത്തുമെന്ന പ്രതീക്ഷയിൽ കർഷകർ. ഒന്നാംവിള നെല്ല് സംഭരണത്തിന് സപ്ലൈകോ നടപടികൾ തുടങ്ങി. അതിനിടെയാണ് സംഭരണ വില ഉയർത്തുന്നത് ചർച്ചയാകുന്നത്. വിഷയം സജീവ പരിഗണനയിലാണെന്ന് സിവിൽസപ്ലൈസ് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നു. വില ഉയർത്തുന്നത് സംബന്ധിച്ച നിർദേശം സിവിൽ സപ്ലൈസ് വകുപ്പ് ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്.
നെല്ല് സംഭരിക്കുന്നത് കേന്ദ്ര സർക്കാറാണെന്നും അതിന് സംസ്ഥാനം തുക നൽകേണ്ടതില്ല എന്നുമാണ് ധനമന്ത്രി നേരത്തെ എടുത്തിരുന്ന നിലപാട്. ഇപ്പോൾ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അത് കൂടി കണക്കിലെടുത്ത് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സിവിൽ സപ്ലൈസ് വകുപ്പിനുള്ളത്. കിലോക്ക് 28.32 രൂപ നിരക്കിലാണ് ഇപ്പോൾ നെല്ല് സംഭരണം നടക്കുന്നത്. ഇത് 30 രൂപക്ക് മുകളിലാകുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.
സംഭരണ വില വർധിപ്പിക്കാത്ത സർക്കാർ നടപടിയിൽ കർഷകർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിലാണ് വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്. അതിനാലാണ് കർഷകരും പ്രതീക്ഷ വെക്കുന്നത്. കേന്ദ്രം വരുത്തിയ താങ്ങുവിലവർധന അതേപടി നൽകണമെന്നും മുൻകാലങ്ങളിൽ കുറവ് വരുത്തിയ പ്രോത്സാഹനബോണസ് അനുവദിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
2024 ജൂണിൽ കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില കിലോക്ക് 1.17രൂപ വർധിപ്പിച്ചെങ്കിലും അതിന്റെ ഗുണം കേരളത്തിലെ കർഷകർക്ക് ലഭിച്ചിരുന്നില്ല. കിലോക്ക് സംസ്ഥാന സർക്കാർ 28.32 രൂപയാണ് സംഭരണ വിലയായി കർഷകർക്ക് നൽകുന്നതെങ്കിലും കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത് കിലോക്ക് 21.83 രൂപയാണ്. അതിൽ 1.17 രൂപയുടെ വർധനവാണ് ജൂണിൽ കേന്ദ്ര സർക്കാർ വരുത്തിയത്. അപ്പോൾ താങ്ങുവില 23 രൂപയെ ആയിരുന്നുള്ളൂ. അതിനെക്കാൾ 5.32 രൂപ കൂടുതലാണ് ഇവിടെ കൊടുത്തുവരുന്നത്. അതിൽ 12 പൈസ കൈകാര്യ ചെലവിനത്തിലുള്ളതാണ്.
കേന്ദ്ര വിഹിതം കഴിച്ചുള്ള തുക സംസ്ഥാന സർക്കാറിന്റെ സബ്സിഡിയാണ്. കേന്ദ്രം 1.17 രൂപ വർധന വരുത്തിയപ്പോൾ സംസ്ഥാനത്തിന് സബ്സിഡി നൽകുന്ന തുകയിൽ അത്രയും ലാഭിക്കുകയാണുണ്ടായത്. സംസ്ഥാനത്ത് കൃഷിച്ചെലവ് കൂടുതലായതിനാലാണ് ഇവിടെ കൂടിയ വിലക്ക് സംഭരിക്കുന്നത്. കിലോക്ക് 28.32 രൂപ സംസ്ഥാനത്ത് നൽകാൻ തുടങ്ങിയത് 2022 - 23 മുതലാണ്. അതിനിടെ കൂലിച്ചെലവ്, വളത്തിന്റെ വില എന്നിവയിൽ വർധന ഉണ്ടായിട്ടും സംസ്ഥാന സർക്കാർ നൽകുന്ന തുകയിൽ വർധന വരുത്തിയിട്ടില്ല.
ഒരു കിലോ അരിക്ക് 60 രൂപയോളം ചെലവെന്ന് സർക്കാർ കണക്ക്
ഒരു കിലോ അരി ഉൽപാദിപ്പിക്കുമ്പോൾ വിവിധ ഇനങ്ങളിലായി സർക്കാർ 60 രൂപയോളം കർഷകർക്ക് നൽകുന്നുണ്ട് എന്നാണ് സംസ്ഥാന സർക്കാറിന്റെ കണക്ക്. ഓപൺ മാർക്കറ്റിലെ അരിവിലയെക്കാൾ ഉയർന്ന തുകയാണ് സർക്കാർ ആനുകൂല്യമായി കർഷകർക്ക് നൽകുന്നതെന്നുമാണ് സിവിൽ സപ്ലൈസ് വകുപ്പ് പറയുന്നത്. സംഭരണ വിലക്ക് പുറമെ വൈദ്യുതി, ജലസേചനം, വിത്ത് തുടങ്ങിയ ഇനങ്ങളിലെ സബ്സിഡിയും ചെലവുംകൂടി കണക്കിലെടുത്താണ് ഏകദേശം 60 രൂപയോളം ചെലവാകുന്നു എന്ന കണക്ക് സർക്കാർ നിരത്തുന്നത്.
കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോഴും സംസ്ഥാനം അതിന് അനുസരിച്ച് കർഷകർക്ക് തുക നൽകുന്നില്ല എന്ന കണക്ക് തെറ്റാണെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. താങ്ങുവില പൂർണമായും കേന്ദ്രം നൽകേണ്ടതാണ്. കേരളത്തിലെ ഉയർന്ന കൂലിച്ചെലവ് പരിഗണിച്ച് ഉയർന്ന തുക നൽകാൻ കേന്ദ്രം തയാറാവുകയാണ് വേണ്ടത്. പഞ്ചാബിൽ നൽകുന്ന തുക കേരളത്തിൽ നൽകിയാൽ അത് മതിയാവില്ല. അക്കാര്യം പരിഗണിക്കാൻ കേന്ദ്രം തയാറാവണം. എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് കൂടി പരിഗണിച്ചാവണം കേരളത്തിലെ താങ്ങുവില കണക്കാക്കേണ്ടത്. ഇപ്പോൾ നൽകുന്നത് മോശപ്പെട്ട വിലയല്ല എന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

