Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightകൊണ്ടുപോകൂ, ഞങ്ങളെയാ...

കൊണ്ടുപോകൂ, ഞങ്ങളെയാ മാഞ്ചുവട്ടില്‍...

text_fields
bookmark_border
കൊണ്ടുപോകൂ, ഞങ്ങളെയാ മാഞ്ചുവട്ടില്‍...
cancel

വൈലോപ്പിള്ളിയുടെ മാമ്പഴത്തെ കുറിച്ച് പറയാതെ എങ്ങിനെയാണ് മാവിനെ കുറിച്ചും മാമ്പഴത്തെ കുറിച്ചും വര്‍ണ്ണിക്കാനാവുക. മാവും മാഞ്ചോടും മാമ്പഴവുമെല്ലാം കേവലമൊരു ഗൃഹാതുരത മാത്രമല്ലല്ലോ. വൈലോപ്പിള്ളി കവിതയില്‍ സൂചിപ്പിച്ചതു പോലെ, ഒരുകാലത്ത് നാമൊക്കെ എത്ര വലിയ കുസൃതിക്കുരുന്നുകളായിരുന്നു. അന്നൊക്കെ അറിയാതെ പൂങ്കുല തല്ലിക്കൊഴിച്ചപ്പോഴൊക്കെ അമ്മമാര്‍ വഴക്കു പറഞ്ഞിരുന്നു. അത് കേട്ട് ഉണ്ണികള്‍ പിണങ്ങിപ്പോയിട്ടുമുണ്ട്. അതൊന്നും ഓര്‍ക്കാതെ, വളര്‍ന്നു  വലുതാകുമ്പോള്‍ നാം മാവുകള്‍ തന്നെ മുറിച്ചു മാറ്റുകയല്ലേ. പല തലമുറകള്‍ക്കൊപ്പം നൂറ്റാണ്ടുകളോളം ജീവിച്ച് മാമ്പഴം പൊഴിക്കേണ്ട മാവുകളെ വെട്ടിക്കളയുന്നത് വൈലോപ്പിള്ളി ചോദിച്ചതു പോലെ തല്ലുക്കൊള്ളാഞ്ഞിട്ടല്ലേ.

ജൂലൈ 22 ദേശീയ മാമ്പഴ ദിനമാണ്. നമ്മുടെ നാടന്‍ മാവുകളെയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിര്‍ത്തണമെന്ന് ഓർമിപ്പിക്കുന്ന ദിനം. പുതിയ കാലഘട്ടത്തില്‍ മാവുകളോടും മാമ്പഴങ്ങളോടും താല്‍പര്യം വർധിച്ചു വരുന്നത് ഗുണപരമായി കാണാമെങ്കിലും നാടന്‍ ഇനങ്ങളെ മറന്ന് വൈദേശിക ഇനങ്ങളിലേക്കാണ് പലരും ചേക്കേറുന്നത്. നട്ടുപിടിക്കുന്നതില്‍ കൂടുതലും ബഡ്ഡും ഗ്രാഫ്റ്റും ചെയ്ത മാവുകളും. ഇത്തരം മാവുകളില്‍ മാങ്ങയുടെ എണ്ണം കുറവായിരിക്കുമെന്നതു പോലൈ മാവിന്‍റെ ആയുസ്സും കുറവായിരിക്കും. പൊതുവില്‍ മുറ്റത്തും തൊടിയിലുമുള്ള നാടന്‍ മാവുകള്‍ വെട്ടിക്കളഞ്ഞ് മറ്റിനങ്ങളുടെ ബഡ്ഡിനങ്ങളോ ഗ്രാഫ്റ്റിനങ്ങളോ വെയ്ക്കുകയാണ് പലരും ചെയ്യുന്നത്.

ഗ്രാമങ്ങളില്‍പ്പോലും ക്രമാതീതമായി ജനസാന്ദ്രത വർധിച്ചു വരുന്നതും പടര്‍ന്നു പന്തലിച്ച് വളരുന്ന നാടന്‍ മാവുകളുടെ നിലനില്‍പ്പിന് ഭീഷണിയാണ്. നല്ലൊരു നാടന്‍ മാവിന് പടര്‍ന്നു പന്തലിച്ച് നിവര്‍ന്നു നില്‍ക്കാന്‍ രണ്ടു മുതല്‍ രണ്ടര സെന്‍റ് സ്ഥലമെങ്കിലും വേണ്ടി വരും. ഒരു സാധാരണ വീട് നിർമിക്കാന്‍ തന്നെ ഇത്രയും സ്ഥലം ആവശ്യമില്ലെന്ന് കരുതുന്നവര്‍ എങ്ങിനെയാണ് മാവുകളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നതാണ് പ്രസക്തമായ ചോദ്യം.

വൈലോപ്പിള്ളിയുടെ കവിതയിലേക്ക് വീണ്ടും വരാം. ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ, മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ... കവി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചോദിച്ചത് എത്ര ശരിയാണെന്നു നോക്കൂ. മാവുകള്‍ പൊഴിക്കുന്ന മാങ്കനി എടുക്കാന്‍ ഇപ്പോള്‍ ആരുമില്ലാതായിരിക്കുന്നു. മാമ്പഴം വീഴുന്നിടത്തേ കളിക്കൂട്ടുകാരുണ്ടാവൂ. മാമ്പഴമാകാന്‍ കാത്തുനില്‍ക്കാതെ എത്ര മാങ്ങകള്‍ നാം എറിഞ്ഞിട്ടതാണ്. കല്ലിലെറിഞ്ഞ് പൊളിച്ച് ഉപ്പും മുളകും ചേര്‍ത്ത് കഴിച്ചപ്പോഴല്ലേ മണവും സ്വാദുമൊക്കെ മുമ്പില്ലാത്ത വിധം ആസ്വദിച്ചത്. ഓര്‍മ്മകള്‍ കുപ്പിവളപ്പൊട്ടുകളായി ചിതറിക്കിടക്കുന്നതും ആ മാഞ്ചുവട്ടില്‍ തന്നെയാണല്ലോ. മാവും മാമ്പഴവും മാഞ്ചുവടുമെല്ലാം നമ്മുടെ ജീവിതം തന്നെയാണ്.

ഒന്നോ രണ്ടോ തലമുറകളുടെ മാറ്റത്തിനിടെ, ഒരു പക്ഷേ ടെലിവിഷന്‍റെ വരവോടെ തന്നെ മാഞ്ചുവടുകള്‍ അനാഥമാക്കപ്പെട്ടു കൊണ്ടിരുന്നു. പൊഴിയുന്ന മാമ്പഴങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതു പോലെ സൗഹൃദങ്ങളും മാറി. സമൂഹമാധ്യമങ്ങളിലേക്കും അവക്ക് ഇണങ്ങുന്ന സമയക്രമങ്ങളിലേക്കും ഒത്തുചേരലുകള്‍ മാറി. ടൈലുകള്‍ പാകിയ മുറ്റത്തു കുട വിരിച്ചു നില്‍ക്കുന്ന മാവിന്‍റെ ഇലകള്‍ നമുക്ക് അലോസരമായിത്തുടങ്ങി. അങ്ങിനെയാണ് മാവുകളെ നാം ജീവിതത്തില്‍ നിന്നും തന്നെ വെട്ടിമാറ്റിയത്. ഒരു സെന്‍റിലും ഒന്നര സെന്‍റിലും ഒതുങ്ങുന്ന അണുകുടുംബങ്ങളിലേക്ക് ബഡ്ഡായും ഗ്രാഫ്റ്റായും മാവിന്‍ തൈകള്‍ പിന്നീട് കടന്നെത്തിയതു തന്നെ വലിയ കാര്യം.

മധുരത്തിന്‍റെ കാര്യം പരിഗണിച്ചാലും പഴങ്ങളിലെ രാജാവ് തന്നെയാണ് മാമ്പഴം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ കൃഷി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. മൊത്തം മാങ്ങ ഉത്പാദനത്തിന്‍റെ 80 ശതമാനത്തിലേറെ വരുമിത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍റെയും ദേശീയ ഫലമാണ് മാങ്ങ. പാകിസ്താന്‍റെയും തനതായ മാമ്പഴ ഇനങ്ങളുണ്ട്. ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ബീഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെപ്പോലെ കേരളത്തില്‍ മാങ്ങ കൃഷിക്ക് കാര്യമായ വേരോട്ടമുണ്ടായിട്ടില്ല. എങ്കിലും മീന്‍കറി, അച്ചാറുകള്‍, മാമ്പഴപുളിശ്ശേരി തുടങ്ങിയവയ്ക്ക് മാങ്ങ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ചന്ദ്രക്കാരന്‍, തൊലികയ്പ്പന്‍, പ്രിയോര്‍, പോളച്ചിറ, കുറ്റിയാട്ടൂര്‍, ചേലന്‍, ഒളോര്‍, കല്ലുകെട്ടി, കിളിച്ചുണ്ടന്‍, കോട്ടുകോണം, മൂവാണ്ടന്‍, കര്‍പ്പൂരം, നീലപറങ്കി, കുറുക്കന്‍ മാവ്, തത്തക്കൊത്തന്‍, പായല്‍, കടുക്കാച്ചി തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത നാടന്‍ മാവിനങ്ങളുണ്ട്. കേള്‍ക്കാത്തതും അറിയാത്തതുമായ എത്രയോ ഇനങ്ങള്‍ നാട്ടിന്‍പുറങ്ങളിലുണ്ടാവും. ഓരോ ഇനം മാവുകള്‍ക്കു തന്നെ അനവധി വകഭേദങ്ങളുമുണ്ട്. ഉദാഹരണം പറഞ്ഞാല്‍ മൂവാണ്ടന്‍ തന്നെ കറുപ്പ്, വെളുപ്പ്, ചുവപ്പ് തുടങ്ങി പല വിധമുണ്ട്. നാട്ടുമാവുകളിലെ വൈവിധ്യം പോലെ തന്നെയാണ് മാമ്പഴങ്ങളുടെ മണത്തിലും രുചിയിലുമുള്ള വ്യത്യാസം.

ശാസ്ത്രീയമായി നാടന്‍ മാവിനങ്ങളെ കണ്ടെത്താനും സംരക്ഷിക്കാനും നിലവില്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല. നാടന്‍ മാവുകളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു പറ്റം മനുഷ്യര്‍ ഫേസ്ബുക്ക് - വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ സംഘടിതമായ പ്രവര്‍ത്തനം നടത്തുന്നതു മാത്രമാണ് ഏക ആശ്വാസം. സംസ്ഥാനത്ത് ഇത്തരം കൂട്ടായ്മയില്‍ പ്രമുഖരാണ് തൃശൂരില്‍ നിന്നുള്ള നാടന്‍ മാവുകളുടെ ഫേസ്ബുക്ക്് കൂട്ടായ്മ. വിവിധയിനം മാവുകളെ കണ്ടെത്താനും അവയുടെ വിത്ത് ശേഖരണവുമൊക്കെ ഏകോപിപ്പിക്കാനായി എല്ലാ ജില്ലകളിലും വാട്ട്‌സാപ്പ് കൂട്ടായ്മയും സജീവമാണ്. നാടന്‍ മാവുകളെ കണ്ടെത്തുകയും അവയുടെ വിത്ത് ശേഖരിച്ച് മുളപ്പിച്ച് കൈമാറുകയാണ് പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ഗുണമേന്മയേറിയ പുതിയ നാട്ടിനങ്ങള്‍ കണ്ടെത്തിയും അവയ്ക്ക് പേരുകള്‍ നല്‍കിയും തൈകള്‍ വ്യാപകമായി നടുന്നുമുണ്ട്.

മാവുകളുടെ വിത്തുകള്‍ തന്നെ പലവിധമുണ്ട്. തോട് പൊളിച്ചു നോക്കിയാലാണ് വിത്തുകള്‍ മുളപ്പിച്ചാല്‍ മാതൃഗുണം ലഭിക്കുമോയെന്ന് തിരിച്ചറിയാവുക. നാടന്‍ മാവാണെങ്കില്‍ നല്ലൊരു ശതമാനവും തോടിനുള്ളില്‍ ഒരു കൂട്ടം വിത്തുകള്‍ (ബഹുഭ്രൂണം) ഒട്ടിച്ചേര്‍ന്നാണ് കാണപ്പെടുക. ഇതില്‍ ഏറ്റവും കരുത്തു കുറഞ്ഞ ഒരു വിത്ത് ഒഴിച്ച് ബാക്കി എല്ലാം മാതൃഗുണം പിന്തുടരുന്നതായിരിക്കും. ബഹുഭ്രൂണ സ്വഭാവം കാണിക്കുന്ന മാവുകളിലും ചിലപ്പോള്‍ ഏക ഭ്രൂണ വിത്തുകളും ഉണ്ടാകാറുണ്ട്. ഇവ പരാഗണം സ്വീകരിക്കാത്ത ഈ വിത്തുകളും മാതൃഗുണത്തില്‍ മാറ്റം വരുത്താറില്ല.

മഴക്കാലത്ത് കൊഴിഞ്ഞു വീഴുന്ന നാടന്‍ മാവിനങ്ങളുടെ വിത്തുകള്‍ ശേഖരിച്ചു മുളപ്പിക്കാന്‍ നമുക്കാവില്ലേ. അതുമല്ലെങ്കില്‍ മരത്തില്‍ നിന്നും കിട്ടുന്നയുടന്‍ മാങ്ങയണ്ടി പാകി മുളപ്പിക്കാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഈ മാമ്പഴദിനത്തില്‍ ഗൃഹാതുരതയുടെ മാവിന്‍ചില്ലകളില്‍ ഒരിക്കല്‍ കൂടെ കയറി നോക്കാം.

1962ലാണ് ഒ.എന്‍.വി കുറുപ്പ് കെ.പി.എ.സിക്ക് വേണ്ടി - മധുരിക്കും ഓർമകളേ, മലര്‍ മഞ്ചല്‍ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍... എന്ന ഗാനമെഴുതിയത്. ജി. ദേവരാജന്‍ മാഷുടെ സംഗീതത്തില്‍ സി.ഒ. ആന്‍റോ പാടിയ ഈ നാടക ഗാനം കേള്‍ക്കുമ്പോള്‍ ബാല്യകാലത്തേക്ക് തിരിഞ്ഞു നോക്കാതിരിക്കുന്നതെങ്ങിനെ. ഈ ഗാനത്തില്‍ മാധുര്യവും ഗൃഹാതുരതയും നിറയ്ക്കുന്നത് മാഞ്ചുവട് അല്ലാതെ മറ്റെന്താണ്.

Show Full Article
TAGS:Agriculture News 
Next Story