ചെണ്ടക്കോലല്ല, വെരി വെരി പവര്‍ഫുള്‍

മുരിങ്ങക്കായ അഥവാ മുരിങ്ങക്കോല്‍ വളരെ വളരെ പവര്‍ഫുളളാണ്. സംശയമുണ്ടോ ?. വെറുമൊരു ചെണ്ടക്കോലാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ഇംഗ്ലീഷില്‍ ഡ്രംസ്റ്റിക്കെന്നൊക്കെ പറയുമായിരിക്കും. സാമ്പാര്‍, അവിയല്‍ എന്നിവയിലെ അനിഷേധ്യ ഘടകമായി കാണുന്നുണ്ടെങ്കിലും മുരിങ്ങക്കായയുടെ ഔഷധ ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. കായാണോ ഇലയാണോ കൂടുതല്‍ ഔഷധ ഗുണമേറിയത് എന്നു ചോദിച്ചാല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടി വരും. രണ്ടും പവര്‍ഫുള്‍ തന്നെ.
 
മുരിങ്ങയിലയില്‍ എന്താ ഉള്ളെ ...
 
ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതില്‍ ധാരാളം വൈറ്റമിന്‍ എ, ബി, സി, കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത് കാല്‍സ്യം ഓക്സലേറ്റ് ക്രിസ്റ്റല്‍ രൂപത്തില്‍ ആണ്. ഇലകള്‍ ചീരയെപ്പോലെ കറിവച്ചു കഴിക്കാം, കൂടാതെ ഉണക്കിപ്പൊടിച്ച ഇലകള്‍ സൂപ്പും സോസും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. 
നൂറു ഗ്രാം ഓറഞ്ചില്‍ 30 മില്ലിഗ്രാം വിറ്റമിന്‍ - സി ഉള്ളപ്പോള്‍ അത്രയും മുരിങ്ങയിലയില്‍ അതേ വിറ്റമിന്‍ 220 മില്ലിഗ്രാമോളം വരും. അതായത്‌
ഏഴിരട്ടിയിലധികം!  കാരറ്റില്‍ 1890 യൂണിറ്റ് മാത്രമുള്ള വിറ്റമിന്‍ - എ മുരിങ്ങയിലയിലാണെങ്കില്‍ 6780 യൂണിറ്റുണ്ടാവും. നൂറു ഗ്രാം പാലിലുള്ളതിന്റെ മൂന്നിരട്ടിയിലധികം കാല്‍സ്യവും ഇരട്ടിയിലേറെ മാംസ്യവും അത്രയും മുരിങ്ങയില കഴിച്ചാല്‍ കൂടെപ്പോരും.
ഏത്തപ്പഴത്തില്‍ 66 മില്ലിഗ്രാം മാത്രമുള്ള പൊട്ടാസ്യം മുരിങ്ങയിലയില്‍ 259 മില്ലിഗ്രാമാണുള്ളത്. മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്. ആയുര്‍വ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ്. ഇക്കാരണങ്ങള്‍ക്കൊണ്ട് മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്.
 
രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍
 
മുരിങ്ങയില സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും. ക്വയര്‍സെറ്റീന്‍ എന്ന ആന്‍ഡി ഓക്‌സിഡന്റസാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുക. ഒപ്പം ഇതിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില ക്രമപ്പെടുത്താനും മുരിങ്ങയില സഹായിക്കും.  മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി കോം പ്‌ളക്‌സ് നാഡിവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ഇരുമ്പ് സത്ത് വിളര്‍ച്ച കുറയ്ക്കാനും സഹായിക്കും. മുരിങ്ങയിലയിലെ ആന്‍ഡിഓക്‌സികള്‍ക്ക് ചിലതരം കാന്‍സറുകളെ പ്രതിരോധിക്കാനുമാവും. ദഹനത്തിനെ സഹായിക്കുന്നതിനാല്‍ മുരങ്ങയില സ്വാഭാവികമായി വിശപ്പ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 
 

 

 
മുടികൊഴിച്ചില്‍ തടയാം
 
ചര്‍മ സംരക്ഷണത്തിനു ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് മുരിങ്ങയില. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും മുഖക്കുരുവിനെ തടയാനും  മുരിങ്ങയിലയ്ക്ക് കഴിയുമെന്ന് പഠങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. നാരുകളാല്‍ സമ്പുഷ്ടമായ മുരിങ്ങയില മലബന്ധനം തടയാനും സഹായിക്കും. മുരിയിങ്ങിലയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ മുടി കൊഴിയുന്നതിനെ തടയും. മുരിങ്ങയിലയുടെ അമിത ഉപയോഗം ചിലര്‍ക്ക് നെഞ്ചെരിച്ചല്‍, വായുകോപം എന്നിവയ്ക്കും കാരണമായേക്കും. അത്തരക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
 
മുരിങ്ങക്കായ
 
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയിലയും മുരിങ്ങക്കായും  കറികള്‍ക്കുള്ള പ്രധാന വിഭവമാണ്. സാധാരണയായി തോരന്  മുരിങ്ങയിലയും അവിയല്‍, സാമ്പാര്‍ എന്നിവയില്‍ മുരിങ്ങക്കായുമാണ് ഉപയോഗിക്കുന്നത്. ചിലയിടങ്ങളില്‍ വിത്തുകളും ഭക്ഷിക്കുന്നുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കുന്നു.
30 മുതല്‍ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ് വൃത്താകാരമുള്ള ഇലകള്‍ ഉണ്ടാവുക. വെള്ളനിറമുള്ള ദ്വിലിംഗ പുഷ്പങ്ങള്‍ക്ക് നല്ല സുഗന്ധമാണ്.  പൂങ്കുലകള്‍ പിന്നീട് മുരിങ്ങക്കായയായി മാറും. ഒരു മീറ്റര്‍ വരെ നീളത്തിലാണ് മുരിങ്ങക്കായ സാധാരണ കാണപ്പെടാറ്. കായ്ക്കുവാന്‍ ധാരാളം വെള്ളവും സൂര്യപ്രകാശവും ആവശ്യമാണ്. പൊതുവേ തണുപ്പാര്‍ന്ന പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍, ഏപ്രിലിനും ജൂണിനും ഇടയിലാണ് പൂക്കള്‍ ഉണ്ടാവുക. മഴയും ചൂടും ഏറിയ ഇടങ്ങളില്‍ രണ്ടുതവണയോ വര്‍ഷം മുഴുവനുമോ പൂക്കള്‍ ഉണ്ടാവും. വരണ്ട സ്ഥലങ്ങളില്‍പ്പോലും നന്നായി വളരുന്ന മുരിങ്ങയ്ക്ക് കൊല്ലം മുഴുവന്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാന്‍ കഴിയുന്നു.
 
എങ്ങിനെ കൃഷി ചെയ്യാം
 
തൈകള്‍ നട്ടാല്‍ ആറു മാസത്തിനകം തന്നെ പൂക്കളുണ്ടായി തുടങ്ങും.  
വളരെ വേഗം വളരുന്ന മുരിങ്ങയ്ക്ക് വരള്‍ച്ചയെ അതിജീവിക്കാനാവും. 
തൈകള്‍ ഒന്നുരണ്ടു മീറ്റര്‍ ഉയരത്തില്‍ വെട്ടിനിര്‍ത്തിയാല്‍ കൈകള്‍ കൊണ്ട് തന്നെ ഇലകളും കായകളും ശേഖരിക്കാനാവും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തൈകള്‍ വെട്ടിനിര്‍ത്തുന്നത് നല്ലതാണ്. 35 - 40 ദിവസം കൂടുമ്പോള്‍ ഇലകള്‍ വിളവെടുക്കാനാവും. എന്നാല്‍ മഴയുടെ ലഭ്യതയനുസരിച്ച് മാറ്റങ്ങള്‍ വരാനും മതി. മുരിങ്ങയിലയ്ക്ക് പൊതുവിപണിയില്‍ 170 രൂപ വരെ വിലയുണ്ട്.
Loading...
COMMENTS