കലപ്പയെ കൈവിടാതെ മൂസാകുഞ്ഞ് 

മൂസാകുഞ്ഞ് പാടം പൂട്ടുന്നുമൂസാകുഞ്ഞ് പാടം പൂട്ടുന്നു

 ഇക്കാലത്തും കലപ്പയും, മരവും, നുകവും അടങ്ങുന്ന കാര്‍ഷികോപകരണങ്ങള്‍ ഉപയോഗിച്ച് കൃഷിയിറക്കുന്ന സംസ്ഥാനത്തെ അപൂര്‍വം കര്‍ഷകരിലൊരാളാണ് കുമ്മിള്‍ സംബ്രമം ഈട്ടിവിള പുത്തന്‍വീട്ടില്‍ മൂസാകുഞ്ഞ്. മണ്ണറിഞ്ഞുള്ള നെല്‍കൃഷി ജീവിതധര്‍മമായി കണക്കാക്കുകയാണ് ഈ പരമ്പരാഗത കര്‍ഷകന്‍. കര്‍ഷക കുടുംബത്തില്‍ ജനിച്ച മൂസാകുഞ്ഞ് പാടത്തെ പണിക്കിറങ്ങിത്തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പിതാവ് ജമാലുദ്ദീനില്‍നിന്നാണ് കൃഷിയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. വയലൊരുക്കലും പൂട്ടലും മരമടിയും വിതയ്ക്കലും കൊയ്ത്തുമെല്ലാം അങ്ങനെ ജീവിതത്തിന്‍െറ ഭാഗമായി.

ഇടക്ക് കര്‍ഷക ജീവിതത്തിന് അവധിനല്‍കി പ്രവാസിയായി. മടങ്ങിയത്തെുമ്പോള്‍ നാട്ടിലെ കൃഷിയിടങ്ങള്‍ക്ക് രൂപമാറ്റം വന്നിരുന്നു. മരമടിച്ച ഏലകളില്‍ ഭൂരിഭാഗവും നികത്തപ്പെട്ടു. നെല്‍കൃഷി ലാഭമല്ളെന്ന് മുറവിളി ഉയര്‍ന്നപ്പോഴും തനിക്ക് മറ്റൊരു ജീവിതവേഷമില്ളെന്ന് ഉറപ്പിച്ച് വീണ്ടും പാടത്തിറങ്ങി. സമീപവാസി അബ്ദുല്‍ മജീദിനൊപ്പം അദ്ദേഹത്തിന്‍െറ നിലത്താണ് മൂസാകുഞ്ഞ് ഇപ്പോള്‍ കൃഷിചെയ്യുന്നത്. വീട്ടിലെ പത്തായത്തില്‍ നിധിപോലെ സൂക്ഷിച്ചിരുന്ന ചേറാടിയും അരുവാം വെള്ളയും ഞവരയും പോലുള്ള പഴയ നെല്‍വിത്തുകള്‍ പല കാലങ്ങളിലായി കൈമോശംവന്നു. പ്രത്യാശ, ഐശ്വര്യ, ജ്യോതി പോലുള്ള വിത്തുകളാണ് നിലവില്‍ കൃഷി ചെയ്യുന്നത്. കൃഷിയിടവും വിത്തുകളും മാറിയെങ്കിലും നിലമൊരുക്കുന്ന കാര്യത്തില്‍ പഴമയെ കൈവിട്ടില്ല. സംബ്രമം ഏലയിലെ രൂപമാറ്റം വരാത്ത മൂന്ന് പാടങ്ങളില്‍ പോത്തിനെ കെട്ടിയ കലപ്പ കൊണ്ടുതന്നെയാണ് ഇപ്പോഴും ഉഴുതുമറിയ്ക്കുന്നത്. 

പാടത്ത് മരമടി കൂടി ചെയ്യുന്നതോടെ  കൂടുതല്‍ വിളവുലഭിക്കുന്നുണ്ടെന്നും മൂസാകുഞ്ഞ് പറയുന്നു. പ്രകൃതിക്ക് യോജിച്ച വിധത്തിലാണ് കൃഷി ചെയ്യുന്നത് എന്നതിനാല്‍ വളത്തിന്‍െറയും കീടനാശിനികളുടെയും ആവശ്യം വരുന്നില്ല.  ഞാറുനടീലിനും കൊയ്ത്തിനും മാത്രമാണ് തൊഴിലാളികളെ ആവശ്യം വരുന്നത്. കൊയ്ത്തിന് കുടുംബവും സഹായത്തിനത്തെും. വട്ടിയും കുട്ടയും മുറവും പായയും പറയുമൊക്കെയടങ്ങുന്ന പരമ്പരാഗത കൃഷിഉപകരണങ്ങള്‍ തന്നെയാണ് കൊയ്ത്തിനും ഉപയോഗിക്കുന്നത്. 

കൃഷിയൊഴിയുന്ന പാടത്ത് ഇടവിളയായി പയര്‍വര്‍ഗങ്ങളും കൃഷിചെയ്യുന്നുണ്ട്. കന്നുകാലി വളര്‍ത്തലും മറ്റൊരു ഉപജീവനമാര്‍ഗമാണ്. പാല്‍ വിതരണം കഴിഞ്ഞാല്‍ സന്ധ്യവരെ പാടത്തെ പണികളില്‍ മുഴുകും. സൈക്കിളില്‍ ഘടിപ്പിച്ച വല്ലംനിറയെ കന്നുകാലികള്‍ക്കുള്ള പുല്ലും നിറച്ചാവും മടക്കം. ഈ ദിനചര്യ തെറ്റിക്കാറുമില്ല. പഞ്ചായത്തിലെ ഏക പരമ്പരാഗത കര്‍ഷകന്‍ എന്ന നിലയില്‍ ത്രിതല പഞ്ചായത്തുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ആദരം പതിവായി ഇദ്ദേഹത്തിനാണ്. മേഖലയിലെ വിദ്യാലയങ്ങളുടെയും അവിടത്തെ പഠിതാക്കളുടെയും നെല്‍കൃഷി സംബന്ധിച്ച സംശയദൂരീകരണവും മൂസാകുഞ്ഞാണ്. കൃഷിവകുപ്പിന്‍െറ സഹായങ്ങളും ലഭിക്കുന്നുണ്ട്. ലൈലാ ബീവിയാണ് ഭാര്യ. മക്കള്‍ സുമയ്യയും തൗഫീഖും.

Loading...
COMMENTS