എം.എല്‍.എമാരെ കാത്തിരിക്കുന്നത് ജൈവ പൂവന്‍കുലകള്‍

  • ജൈവകൃഷിയും ജലസംരക്ഷണവും പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം

12:38 PM
18/05/2016
ഡാം സേഫ്ടി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, വര്‍ഗീസ് തരകന്‍, ഡാം സേഫ്ടി അംഗങ്ങളായ ജോര്‍ജ് ജോസഫ്, ജോഷി എന്നിവര്‍ കൃഷിസ്ഥലം സന്ദര്‍ശിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന 140 ജനപ്രതിനിധികളെ കാത്തിരിക്കുന്നത് ജൈവ പൂവന്‍കുലകള്‍. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മഴവെള്ളം ഭൂഗര്‍ഭജലമാക്കി മാറ്റണമെന്ന സന്ദേശവുമായാണ് കൊടുംവരള്‍ച്ചയെ അതിജീവിച്ച വാഴത്തോപ്പിലെ കുലകള്‍ സമ്മാനിക്കാന്‍ ജൈവകര്‍ഷകന്‍ വര്‍ഗീസ് തരകന്‍ ഒരുങ്ങുന്നത്. ജൈവകൃഷിയും ജലസംരക്ഷണവും പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഡ്രീം ഗ്രീന്‍ ഇന്ത്യ ചെയര്‍മാന്‍ കൂടിയായ വര്‍ഗീസ് തരകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
വരും കാലങ്ങളില്‍ കേരളം അനുഭവിക്കാനിരിക്കുന്ന ജലക്ഷാമത്തിന് ശാസ്ത്രീയ പരിഹാരം നിര്‍ദേശിക്കുകയാണ് ലക്ഷ്യം. തോട്ടത്തിലെ ഓരോ വാഴക്കും ഓരോ നിയമസഭാ മണ്ഡലത്തിന്‍െറ പേരാണ് നല്‍കിയിരിക്കുന്നത്.  ഒരുവര്‍ഷത്തിനുള്ളില്‍ 140 എം.എല്‍.എമാരെയും വാഴത്തോട്ടത്തിലേക്ക് ക്ഷണിക്കും. ജനപ്രതിനിധികള്‍ വന്നില്ളെങ്കില്‍ അവരുടെ മണ്ഡലത്തിന്‍െറ പേരുള്ള വാഴയിലെ പഴങ്ങള്‍ കിളികള്‍ക്കും മറ്റും ആഹാരമായി നല്‍കുമെന്നും വര്‍ഗീസ് പറഞ്ഞു. 
കടുത്ത ജലക്ഷാമമുള്ള ചിറ്റണ്ട വരവൂര്‍ നീര്‍ക്കോലിമുക്ക് മലയിലെ വാഴത്തോട്ടത്തില്‍ നനക്കാതെ ജൈവകൃഷിയിലൂടെയാണ് വാഴകള്‍ വളര്‍ത്തിയത്. മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിട്ട് തോട്ടത്തില്‍ ഭൂഗര്‍ഭജല ലഭ്യത വര്‍ധിപ്പിച്ചു. ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും എന്‍ജിനീയര്‍മാരും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രനും അടങ്ങിയ സംഘം തോട്ടം സന്ദര്‍ശിച്ച് മറ്റിടങ്ങളില്‍ ഈ മാതൃക പ്രയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കുഴികള്‍ ഒരുക്കി മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിടുകയാണ് വേണ്ടെതെന്ന് വര്‍ഗീസ് പറയുന്നു. ഇത് സമീപപ്രദേശങ്ങളിലും ജലലഭ്യത വര്‍ധിപ്പിക്കും. കേന്ദ്ര ജല ഗവേഷണ കേന്ദ്രത്തിന്‍െറ കണക്കനുസരിച്ച് കേരളത്തില്‍ ഒരു സെന്‍റ് ഭൂമിയില്‍ പെയ്യുന്ന മഴവെള്ളത്തിന്‍െറ ശരാശരി അളവ് 1.20 ലക്ഷം ലിറ്ററാണ്. ഇത് പാഴാക്കുന്നതാണ് ജലക്ഷാമത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 

COMMENTS