"നാടോടിക്കാറ്റ്' എന്ന സിനിമയിലെ കഥാപാത്രങ്ങളായ ദാസനും വിജയനുമായി സ്വപ്നം കാണാന് നില്ക്കാതെ വയനാട് ഡെയറി എന്ന പേരില് പശു ഫാം തുടങ്ങി, മണ്ണിലിറങ്ങി മുജീബും മാര്ക്കറ്റിലിടപെട്ട് രാജേഷും അധ്വാനിക്കാന് തുടങ്ങിയതോടെ ചുരം കയറിവന്നത് ആരെയും അമ്പരപ്പിക്കുന്ന വിജയഗാഥ...
കോഴിക്കോട് പയ്യോളിക്കാരൻ മുജീബും എറണാകുളം സ്വദേശി രാജേഷ് മേനോനും ‘നാടോടിക്കാറ്റ്’എന്ന സിനിമ പലതവണ കണ്ടിട്ടുണ്ട്. സിനിമയിലെ ദാസന്റെയും വിജയന്റെയും ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ’ കണ്ട് ഒരുപാട് ആർത്തുചിരിച്ചിട്ടുമുണ്ട്. എന്നാൽ, പ്രതിമാസം ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന, കുവൈത്തിലെ മൾട്ടിനാഷനൽ കമ്പനിയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ച് ഇരുവരും പശു വളർത്തുന്നതിനായി വയനാടൻ ചുരം കയറിയപ്പോൾ ആദ്യം ചിരിച്ചത് കുവൈത്തിലെ സഹപ്രവർത്തകരായിരുന്നു. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും ആ ചിരി ഏറ്റെടുത്തു. അടുപ്പക്കാരുടെയെല്ലാം ഇൗ പരിഹാസച്ചിരി അഭിനന്ദനത്തിന്റെ നിറപുഞ്ചിരിയാക്കി മാറ്റാൻ പ്രവാസിയായ മുജീബിന് വെറും രണ്ടുവർഷമേ വേണ്ടിവന്നുള്ളൂ. ദാസനും വിജയനുമായി സ്വപ്നം കാണാൻ നിൽക്കാതെ വയനാട് െഡയറി എന്ന പേരിൽ പശു ഫാം തുടങ്ങി, മണ്ണിലിറങ്ങി മുജീബും മാർക്കറ്റിലിടപെട്ട് രാജേഷും അധ്വാനിക്കാൻ തുടങ്ങിയതോടെ ചുരം കയറിവന്നത് ആരെയും അമ്പരപ്പിക്കുന്ന വിജയഗാഥ.
വയനാട്ടിലെ വാളാട് കുന്നിൻചെരുവിൽ 18 ഏക്കർ തരിശുഭൂമിയിൽ കൃഷിയും കാലിവളർത്തലുമായി പരന്നുകിടക്കുന്ന വയനാട് ഡെയറി ഫാം ഇന്ന് 10 കിടാങ്ങൾ ഉൾപ്പെടെ 57 പശുക്കളുടെ സുഖവാസ കേന്ദ്രമാണ്. അഞ്ച് ഏക്കർ ഭൂമിയിൽ തീറ്റപ്പുൽ കൃഷിയും മൂന്ന് ഏക്കറിൽ കാപ്പിയും കുരുമുളകും ഫലവൃക്ഷങ്ങളുമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ‘പൈംപാൽ’ എന്ന ബ്രാൻഡിൽ പാക്കറ്റ് പാലും വിപണിയിലെത്തിക്കുന്ന ഫാം, സ്വപ്രയത്നത്തിലൂടെ നേടിയ വിജയത്തിന്റെ പുത്തൻപാഠമാണ് പുതുസംരംഭകർക്കു മുന്നിൽ തുറന്നുവെക്കുന്നത്.
മാടിവിളിച്ച് നാട്, മോഹിപ്പിച്ച് മണ്ണ്
കുവൈത്തിലെ വതനിയ്യ ടെലികമ്യൂണിക്കേഷൻ കമ്പനിയിലെ സെയിൽസ് വിഭാഗത്തിലായിരുന്നു 13 വർഷത്തോളം മുജീബും രാജേഷും. മികച്ച ശമ്പളം, സൗകര്യങ്ങൾ, ആനുകൂല്യങ്ങൾ... ഒറ്റനോട്ടത്തിൽതന്നെ സുഖകരമെന്ന് പറയാവുന്ന ജീവിതം. എന്നാൽ, അനുദിനം യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ ഇരുവരും സംതൃപ്തരായിരുന്നില്ല. ചെറുപ്പത്തിലേ മണ്ണിനെയും പച്ചപ്പിനെയും പ്രണയിച്ചിരുന്ന മുജീബിനാണ് ആദ്യം മനസ്സ് മടുത്തുതുടങ്ങിയത്, പിന്നാലെ രാജേഷ് മേനോനും നാട്ടിലേക്കുള്ള മടക്കമെന്ന അടക്കിവെച്ച മോഹം തുറന്നുപറഞ്ഞതോടെ ഓഫിസിലും താമസസ്ഥലത്തുമെല്ലാം കൃഷിയും ഹൈടെക് ഫാമും പശുവളർത്തലും പ്രകൃതിസംരക്ഷണവും മാത്രമായി ചർച്ച.
ഇതിനിടെ അവധിക്ക് നാട്ടിലെത്തിയാലും നാടെങ്ങുമുള്ള ഫാമുകൾ സന്ദർശിക്കലായിരുന്നു പ്രധാന ജോലി. നാട്ടിലെ ഫാമുകളെല്ലാം നഷ്ടത്തിലാകുന്നതിന്റെ കാരണം നടത്തിപ്പിലെ അലംഭാവം ഒന്നുകൊണ്ടു മാത്രമാണെന്ന് സന്ദർശനത്തിനിടെ മുജീബ് കണ്ടെത്തുകയും ചെയ്തു. നാട്ടിലെ മണ്ണ് മോഹിപ്പിക്കാൻ തുടങ്ങിയതോടെ അഞ്ചുവർഷം മുമ്പ് വയനാട് വാളാട് പ്രദേശത്ത് ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടതുപോലെ കിടന്നിരുന്ന 18 ഏക്കർ മൊട്ടക്കുന്നും സ്വന്തമാക്കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ കുവൈത്തിലേക്ക് മടങ്ങി മൂന്നുവർഷം ജോലിയെടുത്ത ശേഷം മുജീബാണ് മുഴുവൻ സമയ കർഷകനാകുന്നതിനായി ആദ്യം ജോലി ഉപേക്ഷിച്ചത്. ഫാമിന്റെ മാർക്കറ്റിങ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു വർഷം മുമ്പ് രാജേഷും കുവൈത്ത് വിട്ട് നാട്ടിലെത്തി.

പുല്നാമ്പുകള്ക്കൊപ്പം തളിര്ത്തത് സ്വപ്നങ്ങളും
“നമ്മൾ ആദ്യം ചെയ്തത് പശുവിനെ വാങ്ങലല്ല, ഷെഡുണ്ടാക്കലുമല്ല. പുല്ല് നട്ടുവളർത്തുകയാണ് ആദ്യം ചെയ്തത്. കാരണം വേണ്ടത്ര പച്ചപ്പുല്ല് ഇല്ലെങ്കിൽ പശു വളർത്തൽ പരിപാടി പെട്ടെന്നുതന്നെ നിർത്തിവെക്കേണ്ടിവരും’’ -ഓരോ കാര്യവും വളരെ ആസൂത്രിതമായാണ് ചെയ്തുതുടങ്ങിയതെന്ന് മുജീബിന്റെ വാക്കുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമാക്കിയ ഭൂമിയിലെ അഞ്ച് ഏക്കറോളം സ്ഥലത്ത് CO3, CO4 ഇനത്തിൽപ്പെട്ട തീറ്റപ്പുല്ല് വളർത്താനുള്ള ശ്രമമായിരുന്നു ആദ്യപരീക്ഷണം. ഓരോ നാമ്പിലും തളിർ വരുന്നത് കാണാനുള്ള പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പ് ആഹ്ലാദം നിറച്ചപ്പോൾ പശു ഫാം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായെന്ന് മുജീബ്. പിന്നീട് ഷെഡ് നിർമാണത്തിന്റെ ഒരുക്കങ്ങളായിരുന്നു. വേണ്ടത്ര വിസ്തൃതിയും വായുസഞ്ചാരവുമുള്ള പതിനായിരം സ്ക്വയർഫീറ്റ് ഷെഡ് പൂർത്തിയാക്കിയാണ് പശുക്കളെ തേടിയിറങ്ങിയത്.
70,000 രൂപ നിരക്കിൽ ബംഗളൂരുവിൽനിന്ന് വാങ്ങിയ ഒമ്പത് എച്ച്.എഫ് (Holstein Friesian) ഇനത്തിൽപ്പെട്ട പശുക്കളുമായാണ് തുടക്കം. പശുക്കളെ വാങ്ങാൻ ബംഗളൂരു തെരഞ്ഞെടുത്തതിന്റെ പിന്നിലുമുണ്ട് രഹസ്യം. വയനാടിേൻറതിന് സമാനമായ കാലാവസ്ഥയെന്ന പ്രത്യേകതയാണ് പശുക്കളെ തേടി ബംഗളൂരുവിലെത്തിച്ചത്. ഒരുമാസം കഴിഞ്ഞപ്പോൾ 18 പശുക്കളെ കൂടി ഫാമിലെത്തിച്ചു. ശരാശരി 12-14 ലിറ്റർ പാൽ ചുരത്തുന്നവയാണ് ഇവയെല്ലാം. ഘട്ടംഘട്ടമായി വാങ്ങി ഇങ്ങനെ ഒരു വർഷത്തിനിടെ 50 പശുക്കളായി ഫാമിൽ. മൊട്ടക്കുന്ന് അതിവേഗം പച്ച പുതച്ചതോടെ പശുക്കളുടെ ആഹാരത്തിന്റെ കാര്യത്തിലുള്ള ആശങ്കയും പടികടന്നു. ഇന്ന് ദിനംപ്രതി ആയിരം കിലോ തീറ്റപ്പുല്ലാണ് തരിശായിക്കിടന്ന മൊട്ടക്കുന്നിൽനിന്ന് മുജീബും സഹായികളും അരിഞ്ഞെടുത്ത് പശുക്കൾക്ക് നൽകുന്നത്. പ്രത്യേക മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടിയൊതുക്കി ചോളവും പിണ്ണാക്കും തവിടും ആനുപാതികമായി ചേർത്ത് തയാറാക്കിയ തീറ്റയാണ് ഫാമിലെ മെനു.
പാല്വണ്ടി ചുരമിറങ്ങുന്നു
കോഴിക്കോട് നഗരത്തിൽ ലഭിക്കുന്ന ‘പൈംപാൽ’ ബ്രാൻഡ് പാക്കറ്റ് പാൽ വയനാട് െഡയറിഫാമിലെ പാർലറിൽ നിന്നാണ് എത്തുന്നതെന്ന കാര്യം അധികമാർക്കുമറിയില്ല. എന്തെങ്കിലും അധികമായി ചേർക്കുകയോ, അനാവശ്യമായി എടുത്തുകളയുകയോ ചെയ്യാത്ത ശുദ്ധമായ പശുവിൻ പാൽ എന്നാണ് പൈംപാലിന്റെ ഗുണമേന്മ സംബന്ധിച്ച് ഫാം ഉടമകളുടെ അവകാശവാദം. ഫാമിൽ തന്നെ സ്ഥാപിച്ച ചില്ലറിൽ പാൽ ശേഖരിച്ച് ഇവിടെ വെച്ചുതന്നെയാണ് പാക്കിങ്ങും നടത്തുന്നത്. പുലർച്ച രണ്ടുമണിയോടെതന്നെ പാലുമായി വണ്ടി ചുരമിറങ്ങും. പാൽവണ്ടി കോഴിക്കോട്ട് എത്തിയാൽ പിന്നെ രാജേഷിന്റെ റോളാണ്. വിപണി കണ്ടെത്തലും വിൽപനയും കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്ക് ശേഖരിക്കലുമെല്ലാം വതനിയ്യ ടെലികമ്യൂണിക്കേഷൻ കമ്പനിയിലെ മുൻ സെയിൽസ് മാനേജറുടെ ചുമതലയാണ്.
11 ലക്ഷം രൂപ െചലവിൽ സ്ഥാപിച്ച അത്യാധുനിക പാർലർ സംവിധാനം വഴിയാണ് ഫാമിൽ കറവ നടക്കുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയിൽ യന്ത്രസഹായത്താലുള്ള കറവയായതിനാൽ പൂർണമായും അണുമുക്തമായ പാലാണ് ലഭിക്കുന്നത്. ഒരേസമയം എട്ട് പശുക്കളെ കറക്കാനുള്ള സംവിധാനമാണ് പാർലറിൽ ഇപ്പോഴുള്ളത്. ലഭിക്കുന്ന പാലിന്റെ അളവ് രേഖപ്പെടുത്തുന്ന മിൽക് മീറ്റർ സംവിധാനമുള്ള പാർലർ വഴി വെറും 10 മിനിറ്റുകൊണ്ട് കറവ പൂർത്തിയാക്കാനാവും. വേണ്ടത്ര ഭക്ഷണം, ആവശ്യത്തിന് വെള്ളം, അയവെട്ടാനും സ്വതന്ത്രമായി വിഹരിക്കാനുമുള്ള സൗകര്യം ഇവ മൂന്നും മാത്രമേ വേണ്ടൂ, പശുക്കൾക്ക് -പശുക്കളോടൊത്തുള്ള രണ്ടുവർഷത്തെ സഹവാസം മുജീബിന് പകർന്നുകൊടുത്ത അറിവാണിത്. കെട്ടിയിട്ട് നിർത്തുകയും ദിനംപ്രതി ഷാംപൂ ഇട്ട് കുളിപ്പിക്കുകയും ചെയ്യുന്ന ഫാം രീതികൾ തെറ്റാണെന്ന് ഉറക്കെ പറയാനും ഇദ്ദേഹത്തിന് മടിയേതുമില്ല.
നാട്ടിൽ സംരംഭം തുടങ്ങിയാൽ രക്ഷപ്പെടുമോ എന്ന് ആശങ്കയാണ് പൊതുവിൽ പ്രവാസികൾക്ക്. എന്നാൽ, കൃത്യമായി പരിപാലിക്കാനും നോക്കിനടത്താനും കഴിയുമെങ്കിൽ നാട്ടിൽ സാധ്യതകളേറെയാണെന്നാണ് മികച്ച ജോലി വലിച്ചെറിഞ്ഞ് മണ്ണിലിറങ്ങിയ രാജേഷും മുജീബും ഒരേ സ്വരത്തിൽ പറയുന്നത്. മറ്റുള്ളവരെ ഏൽപിച്ചുപോകുന്നതിനു പകരം ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യണം. അപ്പോൾ മാത്രമേ പോരായ്മകൾ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടുപോകുവാൻ കഴിയുകയുള്ളൂ -ജോലിക്കാർ പോയാലും ഫാമിൽ തന്നെ ചുറ്റിയടിക്കുന്ന മുജീബ് വിജയരഹസ്യങ്ങൽ വെളിപ്പെടുത്തുന്നു.
മോഡല് ഫാം ഇനി മികവിന്െറ കേന്ദ്ര
ശരാശരി നിക്ഷേപത്തിൽ എന്നാൽ, അത്യാവശ്യ സൗകര്യങ്ങളോടുകൂടി നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ പശു വളർത്തൽ സാധ്യമാകുമോ എന്ന പഠനത്തിന്റെ പരീക്ഷണശാലയായിരുന്നു വയനാട് െഡയറി ഫാം. എന്നാൽ, രണ്ടു വേനലും രണ്ടു വർഷകാലവും ഒപ്പം ഒരു മഞ്ഞുകാലവും പിന്നിട്ടതോടെ പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മുജീബും സുഹൃത്ത് രാജേഷ് മേനോനും. പ്രതിദിനം ആയിരം ലിറ്റർ പാൽ വിപണിയിലെത്തിക്കുന്ന ഫാമിൽ ചാണക വിൽപനയിലൂടെ പ്രതിവർഷം രണ്ടുലക്ഷം രൂപയുടെ അധികവരുമാനവും ലഭിക്കുന്നുണ്ട്.
ഒമ്പതുപേർക്ക് ജോലി നൽകുന്ന സ്ഥാപനം ഇപ്പോൾ വൈവിധ്യവത്കരണത്തിനൊരുങ്ങുകയാണ്. ഫാം സ്ഥിതി ചെയ്യുന്ന 18 ഏക്കർ വ്യാപിച്ച് കിടക്കുന്ന ഭൂമി, ഫാം ടൂറിസം കേന്ദ്രമായി വികസിപ്പിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. പിരിയൻ ഗോവണി കണക്കെ മുകളിലേക്ക് കയറി, സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലെത്താവുന്ന പ്രദേശം ഇപ്പോൾ പൂർണമായും പച്ചപ്പണിഞ്ഞുനിൽക്കുകയാണ്. സമൃദ്ധമായി വളരുന്ന കാപ്പി, കുരുമുളക്, ഏലം എന്നിവക്കൊപ്പം ഇതിനകം നട്ടുപിടിപ്പിച്ച മന്ദാരം, മാവ്, അവകാഡോ, സിൽവർഓക്ക്, സപ്പോട്ട, റമ്പൂട്ടാൻ, സുറിനാം ബെറിസ, ശീമക്കൊന്ന എന്നിവയും ആകാശനീലിമയിലേക്ക് തലയുയർത്തുന്നതോടെ പൂർണമായും കൃഷിയെയും കാർഷികവൃത്തിയെയും സ്നേഹിക്കുന്നവരുടെ പറുദീസയാക്കി മാറ്റാൻ കഴിയുമെന്ന് ഇൗ പ്രവാസികൾക്ക് പൂർണ വിശ്വാസമുണ്ട്. ഒപ്പം വയനാടിന്റെ യഥാർഥ സൗന്ദര്യം അറിയാനുള്ള സൗകര്യവുമൊരുക്കും.