Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightവെള്ളക്കെട്ടിനെ...

വെള്ളക്കെട്ടിനെ തോൽപ്പിച്ച കൃഷി; നൂറുമേനി ഓണവിളവുമായി ഉദയകുമാർ

text_fields
bookmark_border
https://www.madhyamam.com/tags/farming
cancel

ഹരിപ്പാട്: ഭൂമി കുറവാണെന്ന പരാതി പറയാതെ, വെള്ളക്കെട്ടിനെയും സ്ഥലപരിമിതിയെയും കൃഷിയുടെ പുതിയ സാധ്യതകളാക്കി മാറ്റുകയാണ് ഒരു കർഷകൻ. പരീക്ഷണങ്ങളിലൂടെ വേറിട്ട കൃഷിരീതികൾ കണ്ടെത്തിയ കാർത്തികപ്പള്ളി മഹാദേവികാട് പുത്തൻവീട്ടിൽ ഉദയകുമാറിന്റെ (60) തോട്ടത്തിൽ ഇക്കുറി ഓണക്കാല വിളവിന് നൂറുമേനി മികവ്. പച്ചക്കറിയും കിഴങ്ങുവർഗങ്ങളും ഫലവർഗങ്ങളും പൂക്കളുമടക്കം 15 ലേറെ കാർഷിക ഉൽപ്പന്നങ്ങളാണ് തോട്ടത്തിൽനിന്ന് വിപണിയിലെത്തുന്നത്. ഓണക്കാല പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി. ഉല്ലാസൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.വിനീത ചടങ്ങിൽ പങ്കെടുത്തു.

വെള്ളക്കെട്ടിനെ തോൽപ്പിച്ച കൃഷി

സ്വന്തമായ ഒരേക്കറിലേറെ ഭൂമിയും വെള്ളക്കെട്ടായതോടെയാണ് ഉദയകുമാർ കൃഷിയിലെ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. കരയിൽ ചെടികൾ നട്ട്, വെള്ളത്തിന് മുകളിലൂടെ പന്തൽ കെട്ടിയുള്ള പച്ചക്കറി കൃഷിയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. പരമ്പരാഗത കൃഷിരീതികൾക്കപ്പുറം, ലഭ്യമായ സ്ഥലത്തെ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് ഓരോ പരീക്ഷണത്തിന്റെയും ലക്ഷ്യം.

ഇത്തവണയും വ്യത്യസ്തമായ ആശയമാണ് പച്ചക്കറി കൃഷിയിൽ പരീക്ഷിച്ചത്. സാധാരണയായി ഭൂമിക്ക് സമാന്തരമായി പന്തലിടുന്നതിന് പകരം വീടിന്റെ കൂരയുടെ മാതൃകയിൽ പന്തൽ ഒരുക്കി. പാവലും സലാഡ് കുക്കുമ്പറും ഈ രീതിയിലാണ് കൃഷി ചെയ്തത്. ഉയരത്തിൽ കയറി വിളവെടുക്കേണ്ട ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും, ചെടികൾക്ക് പടരാൻ ഇരട്ടി ഇടം ലഭിച്ചതോടെ മികച്ച വിളവ് നേടാനായി. ഒരു വാരത്തിൽ തന്നെ പാവലിനൊപ്പം വെണ്ട, തക്കാളി, ചേന എന്നിവ കൃഷി ചെയ്യുന്ന ബഹുവിള രീതിയും ഉദയകുമാർ പരീക്ഷിച്ചു.

പൂക്കളും ചട്ടിയോടെ വിപണിയിൽ

മത്സ്യത്തിന് തീറ്റ നൽകുന്നതിനായി വെള്ളക്കെട്ടിന് മുകളിൽ നിർമിച്ച ഇരുമ്പുപാലത്തിലും പൂക്കളും പച്ചക്കറികളും കൃഷി ചെയ്താണ് ഉദയകുമാർ നേരത്തെ ശ്രദ്ധ നേടിയത്. ഇക്കുറി പാലത്തിൽ നടത്തിയ പൂകൃഷിയിൽ പൂവായി വിൽപ്പന നടത്താതെ ചട്ടിയോടെ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

ഓണം കഴിഞ്ഞാൽ പൂക്കൾക്ക് ആവശ്യക്കാർ കുറയുകയും പൂകൃഷി നഷ്ടത്തിലാകുകയും ചെയ്യുന്നതിനാലാണ് വിൽപ്പനരീതിയിൽ മാറ്റം വരുത്തിയത്. നടവഴി മാത്രമുള്ള തോട്ടത്തിൽനിന്ന് പൂച്ചട്ടികൾ വള്ളത്തിൽ കയറ്റിയാണ് കരയിലെത്തിച്ചത്. പൂക്കൾ നിറച്ച വള്ളം തോട്ടിലൂടെ നീങ്ങുന്ന കാഴ്ചയും വേറിട്ട അനുഭവമായി.

ജൈവകൃഷിയിൽ പരീക്ഷണങ്ങളുടെ കരുത്ത്

പൂർണമായും ജൈവരീതിയിലാണ് കൃഷി. കായീച്ചകളെ നിയന്ത്രിക്കാൻ സ്ഥാപിച്ച ഫിറമോൺ കെണികൾ വിളനഷ്ടം ഗണ്യമായി കുറച്ചു. കൃഷിയിടം ഒരുക്കുന്നതിലും വളപ്രയോഗത്തിലും സ്വന്തമായി വികസിപ്പിച്ച ചില രീതികളും ഉദയകുമാറിനുണ്ട്. സ്വന്തമായി തയ്യാറാക്കുന്ന ജൈവവളക്കൂട്ടുകൾ പ്രയോഗിച്ചാണ് മികച്ച വിളവ് നേടുന്നത്.

മൂന്നിനം പാവൽ, രണ്ടിനം സലാഡ് കുക്കുമ്പർ, പടവലം, വെണ്ട, തക്കാളി, മുളക്, ചീര, വഴുതന, പയർ, ചേമ്പ്, ചേന, നനകിഴങ്ങ്, കാച്ചിൽ എന്നിവയ്ക്കൊപ്പം വിവിധയിനം വാഴകളും തോട്ടത്തിലുണ്ട്. സ്വർണമുഖി, മഞ്ചേരി കുള്ളൻ, ചെങ്കദളി, പാളയംകോടൻ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിലായി അഞ്ഞൂറോളം വാഴകളാണ് തോട്ടത്തിൽ നിറഞ്ഞുനിൽക്കുന്നത്. വിവിധ സ്ഥലങ്ങളിലായി ഏകദേശം മൂന്നേക്കറിലാണ് ഉദയകുമാറിന്റെ കൃഷി.

തോട്ടത്തിൽനിന്ന് ഓണച്ചന്തകളിലേക്ക്

ഉദയകുമാറിന്റെ കാർഷിക ഉൽപ്പന്നങ്ങൾ ജില്ലയിലെ വിവിധ ഓണച്ചന്തകളിലും ഇക്കോ ഷോപ്പുകളിലും ഇതിനകം എത്തിക്കഴിഞ്ഞു. മഹാദേവികാട് തോട്ടുകടവ് പാലത്തിന് സമീപം ഉദയകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിലും നാടൻ പച്ചക്കറികൾ തേടി നിരവധി പേരെത്തുന്നുണ്ട്.

പരിമിതികളെ കുറവായി കാണാതെ പരീക്ഷണങ്ങളുടെ അവസരമാക്കി മാറ്റിയ ഉദയകുമാറിന്റെ തോട്ടത്തിൽ ഇത്തവണ ഓണം വിളവിന്റെ ആഘോഷമാണ്. വെള്ളക്കെട്ടിന് മുകളിൽ പച്ചപ്പും, ചെറിയ ഇടങ്ങളിൽ വലിയ വിളവും. ഒടുവിൽ ഓണക്കാലത്ത് നൂറുമേനി സന്തോഷവും. ഭാര്യ രതിയും മകൾ ഗൗരി കൃഷ്ണയും ഉദയകുമാറിന്റെ കാർഷികയാത്രയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organic farmingonamOnam flowersagriculture
News Summary - udayakumars organic farming
Next Story