ചില്ലറയല്ല ചീരയിൽ വിളഞ്ഞത്
text_fieldsഒഴിഞ്ഞവളപ്പിലെ ഇ.കെ. റഹ്മാൻ ചീരകൃഷി പരിപാലനത്തിൽ
കാഞ്ഞങ്ങാട്: ചീരകൃഷിയിൽ വിജയഗാഥ തീർത്തിരിക്കുകയാണ് ഒഴിഞ്ഞവളപ്പ് ഫലാഹ് പള്ളിക്ക് സമീപത്തെ ഇ.കെ. റഹ്മാൻ. ഏക്കറുകണക്കിന് സ്ഥലത്താണ് ചീരകൃഷി. കൃഷി തഴച്ചുവളർന്ന ആവേശത്തിലാണ് കർഷകൻ. ഇതാദ്യമായാണ് ഇത്രയേറെ സ്ഥലത്ത് കൃഷിയിറക്കുന്നത്. ചീരക്ക് പുറമെ കോവക്ക, മധുരക്കിഴങ്ങ്, നെൽകൃഷി, മറ്റ് വിവിധതരം പച്ചക്കറി കൃഷികളെല്ലാം ചെയ്യുന്നുണ്ട്. ഇത്തവണ ചീര കൂടുതലായി വിളവിറക്കി. പ്രദേശങ്ങളിൽ ചില്ലറവിൽപന നടത്തുന്നുണ്ട് ഇദ്ദേഹം. പയ്യന്നൂരിലേക്കാണ് കൂടുതലായും വിൽപനക്ക് കൊണ്ടുപോകുന്നത്.
രാവിലെയും വൈകീട്ടും രണ്ട് സമയങ്ങളിലായി ഇവിടെയെത്തുന്ന കച്ചവടക്കാർ വില പറഞ്ഞുറപ്പിച്ച് കൊണ്ടുപോവുകയാണ്. അതുകൊണ്ടുതന്നെ വിപണി കർഷകന് വെല്ലുവിളിയാകുന്നില്ല. പാരമ്പര്യക്കർഷകനാണ് ഇദ്ദേഹം. പാലക്കാടൻ അരുൺ വിത്താണ് ഇറക്കുന്നത്. കൂടുതൽ ഉൽപാദനവും തൂക്കവും ഈ വിത്തിന്റെ ഗുണമാണെന്ന് കർഷകൻ പറയുന്നു. വിത്തിന് 2000 രൂപ കിലോക്ക് വിലയുണ്ട്. ഒരുകിലോക്ക് 25 രൂപ വില വെച്ചാണ് കച്ചവടക്കാർക്ക് കൊടുക്കന്നതെന്ന് ഇ.കെ. റഹ്മാൻ പറഞ്ഞു. കൃഷിയെ നെഞ്ചോടുചേർത്തപ്പോൾ
നിരവധി അവാർഡുകൾ കർഷകനെ തേടിയെത്തി. ഒരുകാലത്ത് മൾബറി കൃഷിയിലായിരുന്നു താൽപാര്യം. പിന്നീട് വിവിധ കൃഷികൾ പരീക്ഷിച്ചു. എല്ലാം വിജയം. ഒടുവിൽ ചീരകൃഷി വ്യാപകമാക്കി. റഹ്മാന്റെ പാടത്തെത്തിയാൽ ചീരകൃഷി കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. കൃഷിയിൽ കൂടുതൽ വ്യാപൃതനാകാനാണ് റഹ്മാന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

