ബാലുശ്ശേരി: കോവിഡ് ലോക്ഡൗൺ കാലത്ത് സ്കൂൾ കെട്ടിടത്തിെൻറ ടെറസ്സിൽ പച്ചക്കറി തോട്ടം നിർമിച്ച് അധ്യാപകൻ. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ചരിത്ര അധ്യാപകൻ റിനീഷ് കുമാറാണ് കോവിഡ്കാല അവധികൾ വെറുതെയാക്കാതെ കുട്ടികൾക്കായി സ്കൂൾ ടെറസിനു മുകളിൽ ഗ്രോ ബാഗിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തത്. പത്തു മാസത്തെ കോവിഡ് ഇടവേളക്ക് ശേഷം വെള്ളിയാഴ്ച സ്കൂൾ തുറന്നതോടെയാണ് അധ്യാപകെൻറ പച്ചക്കറി കൃഷി തോട്ടം വിദ്യാർഥികളും കണ്ടത്. ലോക്ഡൗൺ കാലത്ത് റിനീഷ് കുമാർ ദിവസവും സ്കൂളിലെത്തിയിരുന്നു.
രണ്ടുനേരം വിദ്യാർഥികൾക്ക് ക്ലാസുകളില്ലെങ്കിലും ഓൺലൈൻ സംബന്ധമായ സംശയങ്ങളും വിവരങ്ങളും നൽകാനായും ഓഫിസ് സംബന്ധമായ കാര്യങ്ങൾ നടത്താനും മിക്ക അധ്യാപകരും സ്കൂളിലെത്തുമെങ്കിലും ഇടക്ക് കിട്ടുന്ന ഇടവേളകളിൽ റിനീഷ്കുമാർ ടെറസിൽ പച്ചക്കറി തോട്ടം നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കൃഷിഭവനിൽനിന്നു ഗ്രോ ബാഗുകളും പച്ചക്കറി വിത്തുകളും എത്തിച്ചു. പൂർണമായും ജൈവ വളം ഉപയോഗിച്ചുള്ള കൃഷിയായതിനാൽ ആവശ്യമായ ചാണകവും മറ്റു ജൈവവളവും വീട്ടിൽനിന്നുതന്നെ എത്തിക്കുകയായിരുന്നു.
തക്കാളി, വെണ്ട, ചീര, പാവയ്ക്ക, വെള്ളരി, കക്കിരി, പയർ, കുമ്പളങ്ങ തുടങ്ങിയ വിവിധയിനം പച്ചക്കറി കളാണ് സ്ക്കൂൾ കെട്ടിടത്തിെൻറ ടെറസിൽ തഴച്ചുവളർന്നത്. രാവിലെയും വൈകീട്ടും പച്ചക്കറി തോട്ടം നനയ്ക്കാനായി റിനീഷ് കുമാർ തന്നെ സ്കൂളിലെത്തുന്നതും പതിവ് കാഴ്ച തന്നെയാണ്. ഈ അധ്യയന വർഷാരംഭത്തിൽ തന്നെ കൃഷിക്ക് തുടക്കമിട്ടിരുന്നു. വിദ്യാർഥികളുടെ ഉച്ച ഭക്ഷണത്തിന് ഇവിടുത്തെ പച്ചക്കറികൾ ഉപയോഗിക്കാനായിരുന്ന പദ്ധതിയിട്ടത്. എന്നാൽ കോവിഡ് കാരണം ഉണ്ടായ ലോക്ഡൗണിൽ ഈ പദ്ധതി നടക്കാതെ പോയി. വിളവെടുത്ത കുറെ പച്ചക്കറികൾ കുറഞ്ഞ വിലക്ക് പുറത്ത് വിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനം.