നന്മണ്ട: അമൂല്യ ഒൗഷധസസ്യങ്ങള്‍ വേരറ്റുപോകുന്ന കാലത്ത് ഇത്തരം ഒൗഷധസസ്യങ്ങള്‍ വളര്‍ത്തി വംശം നിലനിര്‍ത്തുന്നതില്‍ വ്യാപൃതനായി പുത്തൂര്‍ ചെറുപാലം മധുവനം രാഘവന്‍ വൈദ്യര്‍. കുറ്റിയറ്റുപോകുന്ന ഒൗഷധസസ്യങ്ങളുടെ വംശപാരമ്പര്യം നിലനിര്‍ത്തുന്നതിന് തന്‍െറ ജീവിതം അര്‍പ്പിച്ചിരിക്കുകയാണ് വൈദ്യര്‍. ആയിരത്തോളം ഇനം ഒൗഷധസസ്യങ്ങള്‍ രാഘവന്‍ വൈദ്യരുടെ ‘മധുവനം’ ഒൗഷധത്തോട്ടത്തിലുണ്ട്. വീടിനുചുറ്റും പരന്നുകിടക്കുന്ന അഞ്ച് ഏക്കറിലധികം വരുന്ന കൃഷിയിടത്തിലാണ് ഈ ഹരിതകാന്തി.
ആയുര്‍വേദ വിദ്യാര്‍ഥികള്‍ മരുന്നുചെടികളെക്കുറിച്ചറിയാന്‍ ഇവിടെ എത്തുന്നു. വിഷവൈദ്യനും ആയുര്‍വേദ മൃഗവൈദ്യനുമായ രാഘവന്‍ വൈദ്യര്‍ക്ക് ജീവിതത്തില്‍ ചികിത്സക്കൊപ്പം പ്രാധാന്യമുള്ളതാണ് ഒൗഷധസസ്യ പരിപാലനവും. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ചികിത്സമികവ് നേരിട്ട് കൃഷിചെയ്തെടുക്കുന്ന മരുന്നുകളിലൂടെ കൂടുതല്‍ ഫലപ്രാപ്തി പകരുന്നുവെന്നും ഇദ്ദേഹം.
കാക്കൂര്‍-നരിക്കുനി റോഡില്‍ പൂനൂര്‍ ചെറുപാലത്തെ മലമുകളിലാണ് വൈദ്യരുടെ മധുവനം. പേര് അന്വര്‍ഥമാക്കുന്ന വിധമാണിവിടം. എങ്ങും പച്ചപ്പ്. വേനല്‍ പാരമ്യത്തിലത്തെുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും സമൃദ്ധമായ ജല സ്രോതസ്സുണ്ടിവിടെ. പരിസ്ഥിതി സംരക്ഷകന്‍ കൂടിയായ വൈദ്യരുടെ ഈ ഭൂമി ദുരമൂത്ത മനുഷ്യരുടെ പാദസ്പര്‍ശമേല്‍ക്കാത്ത വിളനിലമാണ്. ഒൗഷധത്തോട്ടം നനക്കാന്‍ ഈ ജലസ്രോതസ്സിലെ വെള്ളം പമ്പുചെയ്യുന്നു. വനനശീകരണവും നഗരവത്കരണവുംകൊണ്ട് വാസസ്ഥലം നഷ്ടപ്പെട്ട ചിലര്‍ ഈ കുളത്തില്‍ കുളിക്കാന്‍ അതിഥികളായത്തെുന്നതും വൈദ്യരുടെ മനംകുളിര്‍പ്പിക്കുന്നു.
തെങ്ങ്, കമുക്, ജാതി തുടങ്ങിയവക്കിടയില്‍ ഇടവിളയായും തരിശു സ്ഥലത്ത് തനിവിളയായും ഒൗഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. അണലിവേഗം, ആരോഗ്യപ്പച്ച, ഗരുഡക്കൊടി, നെന്മേനി, കുറുന്തോട്ടി, ചിറ്റമൃത്, മുറികൂട്ടി, സോമലത തുടങ്ങി ഗ്രന്ഥശേഖരങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള മരുന്നുകള്‍ വരെ ഇവിടെ സുലഭം. പാമ്പിന്‍വിഷ സംഹാരിയായ അണലിവേഗം എന്ന ഒറ്റമൂലി കണ്ടത്തൊന്‍ തിരുനെല്ലിയില്‍ ആദിവാസികളോടൊപ്പം അലഞ്ഞുനടന്നിട്ടുണ്ട്.
ചെന്നിനായകം, പതിമുഖം, ശതാവരി, കരളേകം, പാല്‍വള്ളി, ആടലോടകം, നന്നാറി, അമല്‍പ്പൊരി, ചെറുവഴുതന, നെന്മേനി, വെങ്കുന്നി, വാതംകൊല്ലി, ഏകനായകം, രക്തചന്ദനം, മരമഞ്ഞള്‍, കടുക്ക, തിപ്പലി, ഹൃദ്രോഗത്തിന്‍െറ ഒൗഷധമായ ഇശംഖ്, ലക്ഷ്മിനന്ദ, വലിയ കടലാടി... അങ്ങനെ പോകുന്നു ഉദ്യാനത്തിലെ ചെടികള്‍. അന്യമായിപ്പോകുന്ന ഒൗഷധസസ്യങ്ങളെ കുടിയിരുത്തുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതില്‍ ജീവിതസാഫല്യം കണ്ടത്തെുകയാണ് രാഷ്ട്രീയക്കാരനായ രാഘവന്‍ വൈദ്യര്‍.