കൊട്ടാരക്കര: ഹരിത നന്മയായി കൊട്ടാരക്കര തൃക്കണ്ണമംഗൽ പ്ലാവിള ബഥേൽ വീട്ടിൽ പി.ഡി. യോഹന്നാൻറ വീട്ടിലെ മട്ടുപ്പാവിലെ കുരുമുളക് കൃഷി. പ്രതീക്ഷിച്ചതിലും നേരത്തേയാണ് മട്ടുപ്പാവിലെ കുരുമുളക് വള്ളികൾ കായ്ച്ചത്.
യോഹന്നാെൻറ പിതാവ് ഡാനിയേൽ മൂന്നുതവണ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയിട്ടുണ്ട്. ഡൽഹിയിൽ കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ ജോലി ചെയ്ത യോഹന്നാൻ 12 വർഷം ഖത്തറിലും ജോലി ചെയ്തു. തിരികെ ഡൽഹിയിലെത്തി പാസ്റ്ററായി തുടരുമ്പോഴാണ് 2020 മാർച്ച് അഞ്ചിന് നാട്ടിലെത്തിയത്.
25ന് മടക്കയാത്രക്ക് തയാറെടുത്തപ്പോഴേക്കും കോവിഡ് തടസ്സമായി. സ്വന്തമായുള്ള 29 സെൻറ് ഭൂമിയിൽ ഇഞ്ചിയും മഞ്ഞളും പച്ചക്കറികളുമെല്ലാം കൃഷി ചെയ്തു. മട്ടുപ്പാവിലെ 1500 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നല്ല സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന തിരിച്ചറിവോടെയാണ് ശാശ്വതമായ വരുമാനം ലക്ഷ്യമിട്ട് കുരുമുളക് കൃഷി ചെയ്യാൻ തീരുമാനിച്ചത്.
തൃശൂർ അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം കുരുമുളക് കൃഷി കാണാനെത്തി. അടുത്തയാഴ്ച കണ്ണൂരിൽനിന്ന് അടുത്ത സംഘമെത്തും. കുരുമുളക് കൃഷിയിലെ വേറിട്ട മികവിന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അംഗീകാരവും യോഹന്നാന് ലഭിച്ചു. കൃഷിക്ക് കൂട്ടായി ഭാര്യ ഏലിയാമ്മയുമുണ്ട്.