തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മാനുവൽ ജോസഫിന് സംസ്ഥാന സർക്കാറിന്റെ കാർഷിക പ്രതിഭ പുരസ്കാരം. സംസ്ഥാനത്തെ മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്കാരമാണ് മാനുവൽ ജോസഫിന് ലഭിച്ചത്. സ്വർണ മെഡലും 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്.
ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് മാനുവലിന് കൃഷിയോട് താൽപര്യം തുടങ്ങിയത്. കുടരഞ്ഞി കക്കാടംപൊയിൽ വാളംതോടിൽ വീടിനോട് ചേർന്നാണ് ഒന്നര ഏക്കർ സ്ഥലത്തെ കൃഷിയിടം.
കഴിഞ്ഞ വർഷങ്ങളിൽ ഗോതമ്പ്, നെല്ല്, ചോളം, നിലക്കടല, മരച്ചീനി, പച്ചക്കറി തുടങ്ങിയ കൃഷികളിൽ നൂറുമേനി വിളവായിരുന്നു. ജൈവരീതിയിലാണ് കൃഷി. കോഴി, മുയൽ വളർത്തലിലും സജീവമാണ്. കഴിഞ്ഞ മൂന്നു വർഷവും വിദ്യാലയം മികച്ച കുട്ടിക്കർഷകനായി മാനുവലിനെ തിരഞ്ഞെടുത്തിരുന്നു. കർഷകനായ വാളംതോട് തൊഴുത്തിങ്കൽ ടി.ജെ. രാജു-ബിന്ദു ദമ്പതികളുടെ മകനാണ്. ബിരുദ വിദ്യാർഥി വിക്ടർ ജോസഫ് സഹോദരനാണ്.