കേരളത്തിന്‍റെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം. സെപ്റ്റംബർ വരെയും നടാം. മഴക്കാലത്താണ് താമര ഏറ്റവും കൂടുതൽ പൂവിടുക. ചില സീസണിൽ നൂറ് രൂപ ഒരു വലിയ താമരപ്പൂവിന് വില ലഭിക്കും. സീസണിൽ ശരാശരി 10 രൂപ മുതൽ 50 രൂപ വരെ വില ലഭിക്കും. ഹൈബ്രിഡ് ഇനങ്ങൾക്കാണ് വില കൂടുതൽ. ഇനം മാറുംതോറും വിലയും മാറും. കിഴങ്ങ് വിറ്റും വരുമാനമുണ്ടാക്കാം.
കുറഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ വീട്ടുമുറ്റത്ത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന എല്ലായിടത്തും താമര വളർത്താം. കേരളത്തിലിപ്പോൾ ധാരാളം പേർ താമര കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി താമര കൃഷി ചെയ്യുന്ന വയനാട് മീനങ്ങാടിയിലെ കോട്ടക്കുന്ന് ശ്രീപദ്മത്തിൽ പ്രജിഷ 65- ലധികം ഇനം താമര വീട്ടുവളപ്പിൽ വളർത്തുന്നുണ്ട്. അറുപതിലധികം ഇനം അവക്കാഡോ ഉൾപ്പടെ നിരവധി ഫല വൃക്ഷങ്ങളുടെ നഴ്സറി നടത്തുന്ന സംപ്രീത് കുമാറിന്‍റെ ഭാര്യയാണ് പ്രജിഷ.
തായ്ലൻഡ് ഇനങ്ങളായ പിങ്ക് ക്ലൗഡ്, സറ്റാ ബൊങ്കേറ്റ്, പീകോഫ് പിങ്ക്, ഗ്രീൻ ആപ്പിൾ, ബുച്ച, കേരളത്തിൽ ഗണേശ് അനന്ത കൃഷ്ണൻ വികസിപ്പിച്ചെടുത്ത അഖില, മിറക്കിൾ, വൈറ്റ് പഫ്, ലിറ്റിൽ റെയ്ൻ, ആൽമണ്ട് സൺഷൈൻ, ജപ്പാനീസ് ഇനമായ ഷിരോമൻ, വൈറ്റ് പിയോണി, യെല്ലോ പിയോണി, റെഡ് പിയോണി, അമരി പിയോണി, റാണി റെഡ് എന്നിവയും രണ്ട് തരും സഹസ്രദള പദ്മവും പ്രജീഷയുടെ കൈവശമുണ്ട്. കഴിഞ്ഞ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് വീട്ടുവളപ്പിൽ സഹസ്രദളം വിരിഞ്ഞതാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് പ്രജിഷയും സംപ്രീതും പറഞ്ഞു.
ഇവയിൽ പിങ്ക് ക്ലൗഡ്, സാറ്റ ബോങ്കെറ്റ്, ബുച്ച, അമേരി കമേലിയ, മിറാക്കിൾ തുടങ്ങിയവ എല്ലാ മാസവും പൂവിരിയുന്നവയാണ്. വളരെ ചെറിയ ഇനമായ ലിയാങ്ക്ളി നന്നായി പൂക്കൾ ലഭിക്കുന്നവയാണ്.
കൃഷി രീതി
30 ലിറ്റർ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ മൂന്ന് മുതൽ അഞ്ച് കിലോ വരെ ചാണകപ്പൊടി, ഒന്ന് മുതൽ രണ്ട് കിലോ വരെ എല്ലുപൊടി, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക്, അൽപ്പം മണ്ണ് എന്നിവ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കിയ ശേഷം അതിന് മുകളിൽ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം മണ്ണ് മാത്രം നിറക്കണം . മണ്ണിൽ വേരോ കല്ലോ ഉണ്ടാകാൻ പാടില്ല. അൽപ്പം വെള്ളമൊഴിച്ച് ഏഴ് ദിവസം അനക്കാതെ വെക്കണം. എട്ടാം ദിവസം ഏറ്റവും മുകളിൽ ചെളിയിൽ കിഴങ്ങ് നടണം. കിഴങ്ങ് നട്ട ശേഷം ഇടക്കിടെ വെള്ളമൊഴിക്കുമ്പോൾ ചെളി കലങ്ങാതിരിക്കാൻ ഒരു പ്ലാസ്റ്റിക് വിരിച്ച് അതിൽ വെള്ളമൊഴിക്കാവൂ. താമരയുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനാണിത്.
കീടബാധ
മറ്റ് ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭ വർഗ്ഗത്തിലുള്ള പുഴുവിന് ബീയേറിയ ബാസിയാന എന്ന ജീവാണു കീട നിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം. മാനസിക സന്തോഷത്തിനൊപ്പം ചെറിയൊരു വരുമാനം ലഭിക്കാൻ പറ്റിയ കൃഷിയാണ് താമര.
മുപ്പതിലധികം ഇനം ആമ്പലുകളും പ്രജിഷ കൃഷി ചെയ്യുന്നുണ്ട്. എളുപ്പത്തിൽ വളർത്താൻ പറ്റുന്നവയാണ് ആമ്പൽ. ഫോൺ: 8157832308.