ലക്ഷങ്ങളുടെ ഐ.ടി ജോലി ഉപേക്ഷിച്ചു; തുടക്കമിട്ടത് ഇന്ത്യയിലെ ആദ്യ ഓർഗാനിക് ഡയറി സംരംഭത്തിന്, വരുമാനം 600 കോടി
text_fieldsയു.എസിലെ ഉയർന്ന ശമ്പളമുള്ള മികച്ച ഐ.ടി കമ്പനിയിലായിരുന്നു ജോലി. അതിൽ തൽപരനല്ലാത്തതിനാൽ ആ മികച്ച ജോലി ഉപേക്ഷിച്ച് കാർഷികരംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. നിലവിൽ സ്വന്തമായൊരു നിക്ഷേപവും സംരംഭവും വലിയ രീതിയിലുള്ള വരുമാനവും കൈപിടിയിലൊതുക്കിയിരിക്കുകയാണ് ഈ കർഷകൻ.
യു.എസിലെ വിപ്രോ കമ്പനിയിൽ പത്തുവർഷത്തിലേറെക്കാലം ജോലി ചെയ്ത ശേഷമാണ് ശശി കുമാർ കൃഷിയെ ഗൗരവതരമായി കാണുന്നത്. ഇന്ന് പ്രതിവർഷം 600 കോടി രൂപയാണ് ശശി കുമാറിന്റെ വരുമാനം.
അത് ഉൽപാദിപ്പിക്കുന്നത് 'അക്ഷയകൽപ' എന്ന സ്വന്തമായുള്ള ഓർഗാനിക് ഡയറി സംരംഭത്തിൽനിന്നും.
ആദ്യത്തെ സർട്ടിഫൈഡ് ഓർഗാനിക് ഡയറി സംരംഭങ്ങളിൽ ഒന്നാണ് 'അക്ഷയകൽപ'. കർണാടകയിലെ തിപ്തൂർ ആസ്ഥാനമായി 2010ലാണ് ശശി കുമാറും ജി.എൻ.എസ് റെഡ്ഡിയും ചേർന്നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.
രാസവളങ്ങളും ഹോർമോണുകളും ആന്റിബയോട്ടിക്കുകളും അടങ്ങിയിട്ടില്ലാത്ത ശുദ്ധമായ പാൽ, തൈര്, മോര്, പനീർ, നെയ്യ്, വെണ്ണ തുടങ്ങിയ ജൈവ ഡയറി ഉൽപ്പന്നങ്ങളും ഓർഗാനിക് പച്ചക്കറികളും മുട്ടയും ആണ് നിരവധി കർഷകരുടെ സഹായത്തോടെ ശശി കുമാർ വിപണിയിൽ എത്തിക്കുന്നു.
തുടക്കത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും കുടുംബത്തിന്റെ എതിർപ്പുകളെയും നേരിട്ടാണ് ഈ മുൻ ടെക്കി ഈ നേട്ടം കൈവരിച്ചത്. ആദ്യ ഒമ്പത് വർഷത്തിനിടയിൽ ആറിലധികം തവണ കമ്പനി പൂട്ടിപ്പോകുമെന്ന അവസ്ഥയുണ്ടായി. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ശശിയുടെ പിതാവ് എട്ടുവർഷത്തോളം അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ല. ഒടുവിൽ ഭാര്യയുടെ 30 ലക്ഷം രൂപയുടെ സമ്പാദ്യമാണ് അക്കാലത്ത് താങ്ങായത്.
എന്നാൽ, ഇന്ന് ചിത്രം പൂർണമായും മാറി. അക്ഷയകൽപയിലൂടെ 2,800-ഓളം കർഷകരാണ് നേരിട്ട് ലാഭം നേടുന്നത്. ഓരോ കർഷകനും പ്രതിമാസം ശരാശരി 1.28 ലക്ഷം രൂപ വീതം വരുമാനം നൽകുന്ന ഈ പ്രസ്ഥാനം, വർഷം തോറും കർഷകർക്കായി മാത്രം 480 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. നിലവിൽ പ്രതിമാസം 60 കോടി രൂപ ലാഭം നേടുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

