Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിവിങ് റൂമിൽ പടർന്നുപന്തലിച്ച് പാവലും പയറും! യു.കെയിൽ വൈറലായി മലയാളിയുടെ ‘ഫ്ലാറ്റ് കൃഷി’

text_fields
bookmark_border
agriculture news
cancel
camera_alt

അരുണും കുടുംബവും

അങ്ങ് യു.കെയിൽ തിരക്കേറിയ നഗരജീവിതത്തിനിടയിലും ഒരു നാടൻ വിസ്മയ കാഴ്ച ഒരുക്കിയിട്ടുണ്ട് കോട്ടയം പാമ്പാടി സ്വദേശി അരുൺ മാത്യുവും കുടുംബവും. സാധാരണ വീടിനുപുറത്താണ് നാം കൃഷി ചെയ്യാറുള്ളത്. എന്നാൽ വെയിൽസിലെ കാർഡിഫിലുള്ള അരുണിന്റെ ചില്ലു ഫ്ലാറ്റിലെ അകത്തളങ്ങളിൽ പച്ചക്കറികൾ നിറഞ്ഞുനിൽക്കുകയാണ്. ലിവിങ് റൂമിന്റെ വിശാലമായ ഗ്ലാസ് ഭിത്തിയിലൂടെ വരുന്ന വെയിലേറ്റ് പാവലും പയറും വെണ്ടയും പടർന്നുപന്തലിച്ചിട്ടുണ്ട്. യു.കെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന അരുണിന്, വിത്തുകൾ മുളച്ച് തൈകളായി വളരുന്നത് കാണുമ്പോൾ മനസ്സിൽ നിറയുന്ന സന്തോഷം ഒരു കുഞ്ഞ് പിറക്കുന്ന പോലെയാണ്. കറിവേപ്പിൽ തുടങ്ങിയ ആ ഇഷ്ടം ഇന്ന് വീടിനകത്തെ കൗതുകകരമായ അടുക്കളത്തോട്ടമായി വളർന്നിരിക്കുന്നു.

ലണ്ടനിലെ ഹീത്രുവിൽ താമസിക്കുന്ന കാലത്ത് നട്ട കറിവേപ്പ് വേഗത്തിൽ വേരുപിടിച്ച് വളർന്നതിൽ കണ്ട പ്രോത്സാഹനമാണ് കൃഷി വ്യാപിപ്പിക്കാൻ കാരണമായത്. ഭാര്യ ഋതുവും മക്കളായ എൽവിനും എഡ്വിനും കൃഷിയിൽ അരുണിന് പൂർണ പിന്തുണയുമായുണ്ട്.

വീട്ടാവശ്യത്തിന് വീട്ടിൽ തന്നെ

കാർഡിഫിലേക്ക് മാറിയതോടെ കൃഷി കൂടുതൽ മെച്ചപ്പെടുത്താൻ അരുൺ തീരുമാനമെടുത്തു. സൂര്യപ്രകാശം എങ്ങനെ ലഭ്യമാകുമെന്ന് ഒരു ആശങ്കയുണ്ടായിരുന്നു. ലിവിങ് റൂമിലെ ഗ്ലാസ് ഭിത്തിയും വലിയ ജനാലകളും വഴി ധാരാളം സൂര്യപ്രകാശം വന്നതോടെ വിളകൾക്ക് കൂടുതൽ ആശ്വാസമായി. അങ്ങനെ കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് അരുൺ തിരിഞ്ഞു. നിലവിൽ വീട്ടാവശ്യത്തിന് വേണ്ട മിക്ക പച്ചക്കറികൾ വീടിനുള്ളിൽ തന്നെ കിട്ടും. ഇഞ്ചി, കറിവേപ്പ്, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, പാവൽ, പയർ, വെണ്ട, ചീര, എന്നിവയാണ് പ്രധാന വിളകൾ.

സ്ഥലപരിമിതി മൂലം പയറും പാവലും ഒരുമിച്ചാണ് നട്ടിരിക്കുന്നത്. പറമ്പിലേതുപോലെ വീടിനകത്തും പന്തൽ ഒരുക്കിയിട്ടുണ്ട്. സൂര്യപ്രകാശം കിട്ടുന്നതിനനുസരിച്ച് പന്തൽ അഴിച്ചും നീക്കിയും പാവയ്ക്ക വളർത്തുന്നതിനാൽ നല്ല വിളവും ലഭിക്കുന്നുണ്ട്. വിത്തുകൾ ശേഖരിച്ചത് നാട്ടിൽ അവധിക്ക് വരുമ്പോഴോ അല്ലെങ്കിൽ നാട്ടിൽനിന്ന് വരുന്ന സുഹൃത്തുക്കൾ വഴിയോ ആയിരുന്നുവെന്ന് അരുൺ പറയുന്നു.

ദോഷകരമായതൊന്നും ഉപയോഗിക്കാതെയാണ് ചെടികളെ പരിപാലിക്കുന്നത്. കൃത്യമായ നനയ്ക്കുന്നതോടൊപ്പം ഈസ്റ്റ് ചേർത്ത് പുളിപ്പിച്ച കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് കീടങ്ങളെയും ചെറുപ്രാണികളെയും അകറ്റാൻ സഹായിക്കുമെന്ന് അരുണിന്റെ ഭാര്യ പറയുന്നു. മൂന്നാറിനോട് സാമ്യമുള്ള വെയിൽസിലെ യാത്രകൾക്കിടയിൽ ഫാമുകളിൽനിന്ന് ശേഖരിച്ച് ഉണക്കിയെടുക്കുന്ന ചാണകവും മികച്ച വളമാകുന്നു. ഇടക്ക് ചിക്കൻ കഴിച്ച ശേഷമുള്ള എല്ലുകൾ ഉണക്കിപ്പൊടിച്ച എല്ലുപൊടിയും വളമായി നൽകും.

വലിയ വാണിജ്യ ലക്ഷ്യങ്ങളില്ലെങ്കിലും, ആവശ്യത്തിന് വേണ്ടതെല്ലാം ഉത്പാദിപ്പിക്കാൻ കഴിയുന്ന ചെറിയൊരു ഫാം തുടങ്ങണമെന്നതാണ് അരുണിന്റെ ആഗ്രഹം. പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന കുടുംബപശ്ചാത്തലവും ചെറുപ്പം മുതലുള്ള കാഴ്ചകളും ഓർമകളുമാണ് ഏത് സാഹചര്യത്തിലും മണ്ണിനോടും കൃഷിയോടും ചേർന്നുനിൽക്കാൻ കരുത്താകുന്നതെന്നാണ് അരുണിന്റെ അഭിപ്രായം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottayam Native’s Indoor Vegetable Garden in UK Flat Goes Viral
Next Story