ഒന്നേകാല്‍ ഏക്കറോളം പറമ്പില്‍ നൂറിലധികം ജാതിമരങ്ങള്‍ പരിപാലിക്കുകയാണ് 69 കാരി വീട്ടമ്മ. മുംെബെയിലെ ജീവിതം അവസാനിപ്പിച്ച് 17 വര്‍ഷം മുമ്പാണ് തൃശൂർ പെരിഞ്ഞനം കൊറ്റംകുളം കിഴക്ക് സ്വദേശി തണ്ടാംപറമ്പില് പരേതനായ രാജെൻറ ഭാര്യ സൗദാമിനി നാട്ടിലെത്തി കൃഷിയിലേക്ക് തിരിഞ്ഞത്. പറമ്പിലുള്ള തെങ്ങുകള്‍ കീടശല്യത്തില്‍ നാശോന്മുഖമായതോടെ ജാതിക്കൃഷി തിരഞ്ഞെടുക്കുകയായിരുന്നു.
പുലര്‍ച്ചെ തുടങ്ങുന്ന ജലസേചനം മുതല്‍ വളമിടല്‍, ജാതിക്കായ പെറുക്കല്‍ തുടങ്ങി എന്ത് പണിയും ചെയ്യാന്‍ പ്രായാധിക്യത്തിലും സൗദാമിനി ചുറുചുറുക്കോടെ ഓടി നടക്കുന്നു. ചാണകം, എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് ഇവയാണ് വളമായി ഉപയോഗിക്കുന്നത്.
ഏപ്രില്‍ തുടങ്ങി മൂന്നുമാസമാണ് ജാതിക്കായകള്‍ പാകമാവുക. ഓരോ മരത്തിെൻറ ചുവട്ടിലുമെത്തി കായകള്‍ പെറുക്കുന്നത് സാഹസം തന്നെയാണ്. തൊണ്ടു പൊളിച്ച് പരിപ്പും പത്രിയും വേറെ വേറെ ഉണക്കണം. ഇക്കുറി 30 കിലോ പത്രിയും 240 കിലോ പരിപ്പും വിറ്റതായി സൗദാമിനി പറഞ്ഞു. ജാതിമരങ്ങള്‍ക്കിടയില്‍ 350 ഓളം അടക്കാമരങ്ങളുണ്ട്.
അടക്ക പറിക്കാന്‍ ആളെ കിട്ടാത്തതിനാല്‍ ചുവട്ടില്‍ വീഴുന്നത് പെറുക്കിക്കൂട്ടുകയാണ്. 20,000 രൂപയുടെ അടക്കയാണ് ഇക്കുറി ലഭിച്ചത്. എന്താണ് ആരോഗ്യത്തിെൻറയും ചുറുചുറുക്കിെൻറയും രഹസ്യം എന്ന് ചോദിക്കുന്നവരോട്, ഈ മരങ്ങളെ ഞാന്‍ കുഞ്ഞുങ്ങളെ പോലെ പരിപാലിക്കുന്നതാണ് കാരണം എന്നവര്‍ പറയും. മക്കള്‍ രണ്ടുപേരും വിദേശത്ത് കുടുംബ സമേതം താമസിക്കുന്നു.