പച്ചപ്പുതച്ച കേരളത്തിൽ ഏഴുജില്ലകളിലായി പരന്നു കിടക്കുന്ന 253 ഏക്കർ പാടശേഖരത്ത് നെൽകൃഷി. അപ്പോൾ പിന്നെ കേരളത്തിലെ ഏറ്റവും വലിയ കർഷകൻ താനാണെന്ന കെ.എം. ഹിലാലിെൻറ അവകാശവാദം സമ്മതിച്ചു കൊടുക്കാതെ തരമില്ല. ഇത്ര വലിയ കർഷകനാണെങ്കിലും പക്ഷെ ഹിലാലിന് സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. അതെന്താണെന്ന് ചോദിച്ചാൽ ഭൂമി ആരുടെയും സ്വന്തമല്ലെന്നും അത് സ്വന്തമാക്കി കയ്യടക്കി വയ്‌ക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് മറുപടി.
ആലപ്പുഴയിൽ ജനിച്ച് കോട്ടയത്ത് പഠിച്ച് പിന്നീട് കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്നാട്ടിലുമൊക്കെ പല പരീക്ഷണങ്ങളും നടത്തിയാണ് ഹിലാൽ ഇന്ന് രാജ്യത്തെ തന്നെ അറിയപ്പെടുന്ന പ്രകൃതി കൃഷി പ്രചാരകനാണ്. ഹിലാലിെൻറ പ്രകൃതി കൃഷിയും സാധാരണ ജൈവകൃഷിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയും നടനും സംവിധായകനുമായ ശ്രീനിവാസനുമൊക്കെ തങ്ങളുടെ കൃഷിയിടങ്ങളിൽ കൃഷിയിറക്കാൻ ഹിലാലിനെ തേടിയെത്തിയതിനു പിന്നിലും ഈ വ്യതിരിക്തത ഒരു കാരണമാണ്.
രോഗ കീടങ്ങളെ ക്ഷണിച്ച് ജൈവ വളങ്ങൾ
കാർഷികമേഖലയിലെ അനിയന്ത്രിതമായ രാസവളപ്രയോഗവും കീടനാശിനി ഉപയോഗവും ജനത്തെ ഭീതിയിലാഴ്ത്തിയ സാഹചര്യത്തിലാണ് ജൈവകൃഷി ട്രെൻഡായി മാറിയത്. സർക്കാരും അതിെൻറ വിവിധ ഏജൻസികളും ജൈവകൃഷിയുടെ പ്രചാരണപ്രവർത്തനങ്ങൾക്കായി മുന്നോട്ടു വരികയും ചെയ്‌തു. കാൻസറുൾപ്പെടെ രോഗങ്ങൾ വ്യാപകമായതോടെ ജനം ജൈവ ഉത്പന്നങ്ങൾക്കായി എത്ര തുക വേണമെങ്കിലും മുടക്കാമെന്ന മാനസികാവസ്ഥയിലുമായി. പക്ഷേ, നാം വലിയ തുക മുടക്കി വാങ്ങുന്ന ജൈവ ഉത്പന്നങ്ങൾ യഥാർത്ഥത്തിൽ വിഷരഹിതമാണോ? അല്ലെന്ന് ഹിലാൽ പറയും. കാരണം ജൈവകീടനാശിനികളും ജീവനാശിനികൾ തന്നെയാണ്. രാസവളങ്ങൾ പോലെ തന്നെ കൃത്രിമമായി നിർമ്മിക്കുന്ന ജൈവവളങ്ങളും രോഗകീടങ്ങളെ ക്ഷണിച്ചു വരുത്തും. അപ്പോഴെന്താ പരിഹാരം. ഈ ചോദ്യമാണ് ഹിലാലിനെ പ്രകൃതി കൃഷിയിലെത്തിച്ചത്.
കാട്ടിലെ സസ്യങ്ങൾ തഴച്ചുവളർന്നു നിൽക്കുന്നത് കണ്ടിട്ടില്ലേ. അവയ്‌ക്ക് പോഷകങ്ങൾ എവിടെ നിന്നാണ് ലഭിക്കുന്നത്. പ്രകൃതിയിൽ നിന്നും തന്നെ. അപ്പോൾ സസ്യങ്ങൾക്ക് പ്രത്യേക പോഷണം ആവശ്യമുണ്ടോ. വേണ്ട എന്ന് പ്രകൃതി കൃഷിക്കാർ പറയും. പക്ഷേ ഒരു നിബന്ധനയുണ്ട്.സ്വാഭാവികമായ പ്രകൃതി നിലനിർത്തണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മണ്ണിെൻറയും പ്രകൃതിയുടെയും സ്വാഭാവികതയ്ക്ക് ഹാനി വരുത്തിയിട്ടുണ്ട്. മണ്ണിരയും മണ്ണിലുള്ള മറ്റു സൂക്ഷ്മജീവികളും നശിച്ചു. ഇവ മണ്ണിലുണ്ടെങ്കിൽ സസ്യങ്ങൾക്കാവശ്യമായ മൂലകങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല എന്ന് ഹിലാൽ പറയും. കാരണം അടി മണ്ണിൽ നിന്ന് മേൽമണ്ണിലേക്ക് ഈ സൂക്ഷ്മ ജീവികൾ ആവശ്യായ മൂലകങ്ങളെ എത്തിച്ചുകൊണ്ടിരിക്കും.
പ്രതിക്കൂട്ടിൽ ഹരിത വിപ്ലവം
കീടനാശിനും വളവും ഉപയോഗിച്ചില്ലെങ്കിൽ വിളവ് കുറയുമെന്ന വാദത്തെയും ഹിലാൽ ചിരിച്ചു തള്ളും. പണ്ടൊക്കെ പത്തായങ്ങൾ നിറഞ്ഞു പുറത്തേക്ക് പടർന്നിരുന്ന വിളസമൃദ്ധിയാണ് അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുള്ളത്. കീടങ്ങൾ സസ്യങ്ങളെ അക്രമിക്കുന്നതെപ്പോഴാണ്. ഓരോ നാടിെൻറയും സ്വാഭാവികതകൾക്കിണങ്ങുന്ന വിത്തല്ല വിതയ്ക്കുന്നതെങ്കിൽ കീടങ്ങൾ ആക്രമിക്കും. മികച്ച വിത്താണെങ്കിൽ കീടങ്ങൾ മാറി നിൽക്കും. ഇത് പറയുന്നത് ഇത്രയും നാളത്തെ അനുഭവത്തിൽ നിന്നാണ്. പരമ്പരാഗത ഇനങ്ങളായ ചെങ്കയമ, കുറുവ, ചിറ്റ്യേനി, ചമ്പാവ്, കൊടുങ്കണ്ണി, ചെന്നെല്ല്, ഗന്ധകശാല, ജീരകശാല,നവം, ചുവന്ന മുണ്ടകൻ, തവളക്കണ്ണൻ തുടങ്ങിയവയാണ് ഹിലാലിെൻറ പാടശേഖരങ്ങളൽ വിളയുന്നത്. മൂവായിരത്തിലധികം ഇത്തരം നാടൻ ഇങ്ങൾ കേരളത്തിലുണ്ടായിരുന്നു. പക്ഷേ, ഏറിയ പങ്കും നശിച്ചു. ഇതിൽ പ്രതി ഹരിതവിപ്ലവമാണെന്ന് പറയാൻ ഹിലാലിന് മടിയില്ല. മണ്ണിൽ നിന്ന് സസ്യങ്ങൾ ലഭിക്കുന്നത് 1.8 ശതമാനം പോഷകങ്ങൾ മാത്രമാണ്. ബാക്കി 98.2 ൽ മൂന്നിൽ രണ്ടുഭാഗം വെള്ളത്തിൽ നിന്നും ബാക്കി സൂര്യപ്രകാശത്തിൽ നിന്നുമാണ്. അതുകൊണ്ട് ജലസേചനമാണ് സസ്യങ്ങൾക്കാവശ്യമെന്ന് ഹിലാൽ പറയുന്നു.
ഹരിതവിപ്ളവത്തിെൻറ ഭാഗമായി വിളവ് വർദ്ധിച്ചത് യന്ത്രവത്കരണത്തിലൂടെ ജലം സമൃദ്ധമായി വിളകൾക്ക് ലഭിച്ചപ്പോഴാണ്. മനുഷ്യാദ്ധ്വാനം ലഘൂകരിക്കുന്ന യന്ത്രവത്ക്കരണവും ജലസേചനമാർഗങ്ങളും അവലംബിച്ച് സ്വാഭാവികമായ രീതിയിൽ കൃഷി ചെയ്ത് വിഷരഹിതമായ വിളകൾ ഉത്പാദിപ്പിക്കുകയാണ് താനെന്ന് ഹിലാൽ പറയും.

മണ്ണിന്‍െറ രാഷ്ട്രീയമറിഞ്ഞ്
എസ്.എഫ്.ഐയുടെ കോട്ടയം ജില്ലാ പ്രസിഡൻറായിരുന്ന കാലം. ചെറിയൊരു പോലീസ് കേസ് വന്നപ്പോള്‍ ഒന്നു മുങ്ങിയതാണ്. പിന്നെ പൊങ്ങിയത് പാലക്കാട്ട്. കൃഷിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത് അന്നുമുതലാണ്.അതോടെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചു. മറയൂരില്‍ സുഹൃത്തിന്റെ അച്ഛന്റെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. നഷ്ടമായിരുന്നു ഫലം. എന്നിട്ടും പിന്മാറിയില്ല. കൃഷി എന്തുകൊണ്ട് നഷ്ടമാവുന്നു എന്നതിന്റെ കാരണമന്വേഷിച്ചുതുടങ്ങിയത് അപ്പോള്‍ മുതലാണ്. ജൈവകൃഷിയുടെ പ്രചാരകരിൽ പ്രമുഖനായ പലേക്കറെക്കുറിച്ചറിഞ്ഞത് ഇക്കാലത്താണ്. 2002 ൽ മണ്ണാർക്കാട് കാർഷിക ശിൽപ്പശാലയിൽ പങ്കെടുക്കാനായി പലേക്കർ കേരളത്തിലെത്തിയിരുന്നു. അന്ന് പോയി പരിചയപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ കൃഷിരീതികൾ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് ഹിലാലിെൻറ അഭിപ്രായം. അദ്ദേഹത്തിെൻറ കീടനാശിനിയായ 'ജീവാമൃതം’ മണ്ണിെൻറ അമ്ലത വർദ്ധിപ്പിക്കുമെന്നതു തന്നെ കാര്യം. ജീവാമൃതമൊക്കെ ജൈവവിഷമാണ്. അതുകൊണ്ട് നമുക്ക് അത് സ്വീകാര്യമാകുകയില്ല.
ജൈവവിളകൾക്ക് വിലയൽപ്പം കൂടുതലാണ് എന്ന് തോന്നാം. അത് വില കുറച്ച് അരി കിട്ടുന്നതു കൊണ്ട് തോന്നുന്നതാണെന്നാണ് ഹിലാലിെൻറ പക്ഷം. അന്യസംസ്ഥാനങ്ങളിൽ കൂലി കുറവായതുകൊണ്ട് കുറഞ്ഞവിലയ്ക്ക് അരി കിട്ടും. പക്ഷേ, തൊഴിലാളിയെ ചൂഷണം ചെയ്‌തുണ്ടാക്കുന്ന അരിയാണത്. അന്യസംസ്ഥാനങ്ങളിലെ റേഷൻ അരി കടത്തിക്കൊണ്ടു വന്ന് കേരളത്തിൽ വിൽക്കുന്നതും അരിവില ഉയരാതിരിക്കാൻ കാരണമാണെന്ന് ഹിലാൽ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യസംരക്ഷണത്തിനും ആശുപത്രി വാസത്തിനും ചെലവാക്കുന്ന തുകയുമായി താരതമ്യപ്പെടുത്തിയാൽ ഉത്പന്നങ്ങളുടെ വില അത്രയധികമായി തോന്നില്ല.

ഹിലാലും കുടുംബവും
പ്രകൃതി ജീവിതം
പാലക്കാട് കണ്ണാടി എന്ന ഗ്രാമത്തിലാണിപ്പോൾതാമസം. ഭാര്യ ഷീബയും നാലുമക്കളുമടങ്ങുന്നതാണ് കുടുംബം. പ്രകൃതിയോടിണങ്ങിത്തന്നെയാണ് ജീവിതവും. പതിനേഴു വര്‍ഷമായി ആശുപത്രിയില്‍ പോവാറില്ല. മുന്നു കുട്ടികളുടെയും പ്രസവം ആശുപത്രിയിലായിരുന്നു. പക്ഷേ പിറ്റേ ദിവസം തന്നെ ഡിസ്ചാര്‍ജാവുകയും ചെയ്തു. നാലാമത്തെ കുട്ടിയെ വീട്ടിലാണ് പ്രസവിച്ചത്. ഗർഭം ഒരു രോഗമല്ലാത്തതിനാൽ ആശുപത്രി വാസത്തിന്റെ ആവശ്യമില്ല. എല്ലാവര്‍ക്കും അസുഖം വന്നിട്ടുണ്ട്. കുറച്ചു ദിവസം കഴിയുമ്പോള്‍ അതു തനിയെ മാറും.ആഹാരം പരമാവധി ഒഴിവാക്കും. അസുഖത്തിെൻറ കാഠിന്യം കൂടുന്നതനുസരിച്ച് ഭക്ഷണത്തിന്റെ അളവ് കുറക്കും. ഛര്‍ദില്‍ കുറഞ്ഞാല്‍ കരിക്കിന്‍വെള്ളം കൊടുക്കും.
മക്കളെ സ്കൂളിൽ വിടുന്നില്ല. പക്ഷേ, ഇംഗ്ലീഷടക്കം പല ഭാഷകളിലും ടെക്നോളജിയിലും വിദഗ്ധധനാണ് മൂത്തമകൻ നോനു.പതിനൊന്നു വയസായി. അവനെ ആരും ഒന്നും പഠിപ്പിച്ചിട്ടില്ല. രണ്ടാമത്തെ മകള്‍ നൈന എഴുത്തും വായനയും തുടങ്ങിയിട്ടേയുള്ളൂ. മറ്റു കുട്ടികള്‍ യൂണിഫോമും ഭാരമേറിയ ബാഗും തൂക്കി സ്‌കൂളിലേക്കു പോകുമ്പോള്‍ ഹിലാലിെൻറ മക്കള്‍ സന്തോഷത്തോടെ നോക്കിനില്‍ക്കും. സ്‌കൂളിലെ അശാസ്ത്രീയമായ സംവിധാനമാണ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നത്. ബാല്യം ഓടിക്കളിച്ചു തീര്‍ക്കേണ്ടവരാണ് കുട്ടികൾ. ആത്മവിശ്വാസമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാന്‍ വേണ്ടി മനഃപൂര്‍വം സൃഷ്ടിച്ചതാണ് ഇന്നത്തെ വിദ്യാഭ്യാസരീതിയെന്നാണ് ഹിലാലിെൻറ പക്ഷം.
രോഗങ്ങളെക്കുറിച്ചുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിഗമനം തെറ്റാണെന്നും ഹിലാൽ പറയും.രോഗം അപകടകരമായ അവസ്ഥയാണെന്ന് വിശ്വസിപ്പിച്ച് ഒരു വലിയ വ്യവസായത്തെ വളര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരാണ് മരിക്കുന്നത്. പനിയെ പെട്ടെന്ന് ഒതുക്കാന്‍ വേണ്ടി മരുന്ന് കഴിച്ചപ്പോഴാണ് മരണം സംഭവിച്ചത്. നെല്‍കൃഷി പോലെ പച്ചക്കറികൃഷിയും പരീക്ഷിച്ചു നോക്കിയതാണ്. കൃഷി വിജയകരമാണ്. വിപണനം പരാജയവും. നെല്ലുപോലെ പച്ചക്കറി സൂക്ഷിച്ചുവയ്ക്കാന്‍ പറ്റില്ല. വിളയെടുത്തുകഴിഞ്ഞാല്‍ രണ്ടുമൂന്നു ദിവസത്തിനകം വിറ്റഴിക്കണം. മാത്രമല്ല, മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി വിലയില്‍ വേണം വില്‍ക്കാന്‍. കഴിഞ്ഞ തവണ വെണ്ടയ്ക്ക വിളവെടുക്കാന്‍ മാത്രം 1400 രൂപ കൂലിയായി. വിറ്റപ്പോള്‍ കിട്ടിയതാവട്ടെ 980 രൂപയും. അതുകൊണ്ട് സ്വന്തം വീട്ടില്‍ പച്ചക്കറികൃഷി നടത്തുന്നതാണ് നല്ലത്. ഇനിയെങ്കിലും എല്ലാവരും പാടത്തേക്കും തൊടിയിലേക്കും ഇറങ്ങണം.
പാവല്‍ വേണ്ട പാല്‍ വേണ്ട
പാവലും പാലും അത്ര നല്ലതല്ല. പാവല്‍ ഭക്ഷിക്കാനുള്ള പച്ചക്കറിയല്ലെന്നാണ് ഹിലാലിന്റെ വാദം. പാവല്‍ ഛര്‍ദിച്ചുകളയാനുള്ളതാണ്. ആയുര്‍വേദക്കാരാണ് ഈ കയ്പ്പു തിന്നാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. കയ്പ് വിഷമാണ്. എന്നാല്‍ നെല്ലിക്കയിലെ കയ്പ് കുഴപ്പമില്ല.പശുവിന്‍ പാല്‍ വളരെ നല്ലതാണെന്ന ധാരണയാണ് എല്ലാവര്‍ക്കും. എന്നാല്‍ പാല്‍ ശരീരത്തില്‍ ദഹിക്കില്ല. അതുകൊണ്ടുതന്നെ നാലു കുട്ടികള്‍ക്കും അതു നല്‍കിയിട്ടില്ല.ഹിലാലിെൻറ അഭിപ്രായങ്ങളാട് യോജിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. അശാസ്ത്രീയമാണെന്ന ആക്ഷേപം തുടക്കംമുതലുണ്ട്. പക്ഷെ സ്വന്തംനിലപാടുകളിൽ ഹിലാലിന് ഇളക്കം ലവലേശമില്ല.അത് സിദ്ധാന്തത്തെ പ്രയോഗവൽകരിച്ച ഒരു കർഷകെൻറ ഉറപ്പാണ്. ഹിലാലിെൻറ ഫോൺ:9072370001