കഞ്ഞിക്കുഴിയിലെ പച്ചക്കറി വിത്ത് ഫാക്ടറി

  • കഞ്ഞിക്കുഴി പയറിനെ ആഗോള പ്രശസ്തിയിലത്തെിച്ച ജൈവ കര്‍ഷകന്‍െറ പയര്‍ ഗാഥയെക്കുറിച്ച്

കഞ്ഞിക്കുഴി പയര്‍ ശേഖരവുമായി ശുഭകേശന്‍

കഞ്ഞിക്കുഴിയിലെ പച്ചക്കറിവിത്ത് ഫാക്ടറിയാണ് കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചെടുത്ത ശുഭകേശന്‍െറ വീട്. ശുഭകേശന്‍െറ നാലേക്കറില്‍ പഴുത്തു വിളഞ്ഞു പാകമായ പച്ചക്കറി  കണ്ടാല്‍ ആരുംനോക്കിനില്‍ക്കും, എന്നിട്ട് സ്വയംചോദിക്കും ‘ഇതൊന്നും ഇയാള്‍ വില്‍ക്കുന്നില്ളേ ?  ... ഇതിനു ശുഭകേശന് പുഞ്ചിരിയില്‍ ചാലിച്ച മറുപടിയുണ്ട്. ‘ഇതെല്ലാം വിത്താക്കിയെ വില്‍ക്കുകയുള്ളൂ’ എന്ന്. കഞ്ഞിക്കുഴി പയര്‍' എന്ന പയറിലെ രാജാവിനെ ലോകത്തിനു സംഭാവന ചെയ്ത ശുഭകേശന്‍െറ മറുപടിയിലുണ്ട് എല്ലാ കാര്യവും.വര്‍ഷവും വിത്ത് വിറ്റ് ശുഭകേശന് കിട്ടുന്നത് പത്തു ലക്ഷത്തിലധികം രൂപയാണ്.
'കഞ്ഞിക്കുഴി പയറി'ലൂടെ കഞ്ഞിക്കുഴിയുടെ പ്രശസ്തി രാജ്യന്തരത്തില്‍ എത്തിച്ച ജൈവ കര്‍ഷകന്‍ ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്  നാലര ക്വിന്‍റ്റലോളം പച്ചക്കറി വിത്തുകള്‍. ഇതില്‍ ഇരുന്നൂറ്റി അമ്പതു കിലോയോളം 'കഞ്ഞിക്കുഴി പയറും.

എണ്‍പതു ഗ്രാം തൂക്കവും 37-38 ഇഞ്ച് നീളവും വരുന്ന കഞ്ഞിക്കുഴി പയര്‍ കണ്ടുപിടിച്ചതാണ് കഞ്ഞിക്കുഴി പോളക്കാടന്‍ കവലയിലുള്ള കുട്ടന്‍ചാല്‍വെളി ശുഭകേശന്‍ എന്ന യുവാവിന്‍െറ  ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിക്കാലം മുതലേ കൃഷിയെ സ്നേഹിച്ച ഈ ജൈവ കര്‍ഷകന്‍ മുതിര്‍ന്നപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകനാകുകയായിരുന്നു. 1995 ലാണ് വെറും സാധാരണ കൃഷിക്കാരുന്ന ശുഭകേശന്‍െറ ജീവിതത്തെ മാറ്റിമറിച്ച കഞ്ഞിക്കുഴി പയറിന്‍െറ പിറവി. ലിമാബിന്‍ പയറും വെള്ളായണി ലോക്കലും പരാഗണം നടത്തിയാണ് കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചത്.

അസാധാരണ വലിപ്പവും ഗുണവുമുള്ള  പയറിന്‍്റെ പേരും പ്രശസ്തിയും നാടുംവീടും കടന്നു രാജ്യത്താകമാനവും വിദേശ രാജ്യങ്ങളിലും എത്താന്‍ അധികനാള്‍ വേണ്ടി വന്നില്ല. പഞ്ചായത്ത് പ്രസിഡന്‍്റ് ആയിരുന്ന പി.പി.സ്വാതന്ത്ര്യത്തിന്‍െറ പിന്തുണയോടെ പയറിനു കീര്‍ത്തിയായി. അദ്ദേഹം ഇടപെട്ട് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പില്‍ പയറിനു ‘കഞ്ഞിക്കുഴി പയര്‍’ എന്ന് നാമകരണം ചെയ്തു.പയറിനും വിത്തിനും ആവശ്യക്കാര്‍ ഏറിയതോടെ സ്വന്തമായുള്ളതും പാട്ടത്തിനു എടുത്ത നാലരയേക്കറില്‍ കൃഷി വ്യാപിപ്പിച്ചു.

ഇപ്പോള്‍ പയര്‍ വിത്ത് പാക്കറ്റുകളിലാക്കി സ്റ്റാളുകളിലും കൃഷിക്കാര്‍ക്കും തപാല്‍ വഴിയും വില്‍ക്കുന്നു.രാവിലെയുംവൈകുന്നേരവുംഇളം വെയിലില്‍ ഉണക്കിയെടുത്തു കിലുങ്ങുന്ന പരുവം എത്തുന്നതോടെ വിത്തുകള്‍ വൃത്തിയുള്ള ഭരണികളിലേക്കു മാറ്റും .പിന്നീടു ചെറിയ കവറുകളിലാക്കി വില്‍പനയ്ക്ക് തയ്യാറാക്കും. വിത്തുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ കൃഷി പൂര്‍ണമായും വിത്തിന് വേണ്ടിയാക്കി. ജൈവ വളമാണ് പൂര്‍ണമായും ഉപയോഗിക്കുന്നത്. അതിന് രണ്ടായിരത്തോളം കോഴികളെയും ശുഭകേശന്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ട്്. മികച്ച ഉല്‍പാദന ശേഷിയും ഉന്നത ഗുണനിലവാരവും പ്രതിരോധശക്തിയുമുള്ള പയര്‍ വിത്തുകള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കീഴടക്കി വിദേശരാജ്യങ്ങളിലും സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

ശുഭകേശന്‍ കയ്പത്താട്ടത്തില്‍
 

നാലേക്കര്‍ തോട്ടത്തിലെ കൃഷിക്ക് ശുഭകേശന് ഒരു കൈകുമ്പിള്‍ വിത്ത് മാത്രംമതി.അത് നാലു ക്വിന്‍റ്റല്‍ വിത്തിലേക്ക് വരുമ്പോള്‍ വിള സമൃദ്ധമാകുന്നത് ഹെക്ടര്‍  കണക്കിന് ഭൂമിയും. കൃഷിയില്‍ പ്രഥമസ്ഥാനം കഞ്ഞിക്കുഴിപയറിനാണെങ്കിലും കനകമണി, ജ്യോതിക ഇനങ്ങളിലെ  പയര്‍ വിത്തുകള്‍, പ്രിയങ്ക പാവലുകള്‍, കണ്ണാറലോക്കല്‍ ചീര, ആനകൊമ്പന്‍ വേണ്ട, മാരാരിക്കുളം വഴുതന, മുള്ളന്‍വെള്ളരി, നിത്യവഴുതന എന്നിവയുംശുഭകേശന്‍ കൃഷി ചെയ്യുന്നു.ഇടക്ക് സവാളയും,കോയിഫ്ലവറും, കാബേജുമൊക്കെ കൃഷിയിടത്തില്‍ ഇടം പിടിക്കും.കഞ്ഞിക്കുഴി പഞ്ചായത്തിന്‍്റെയും ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്‍്റെയും പിന്തുണയും പ്രോത്സാഹനവും ശുഭകേശനുണ്ട്.

മാതാവ് രത്നമ്മയും ഭാര്യ  ലതികയുമാണ് കൃഷിയില്‍ ശുഭകേശന്‍െറ താങ്ങുംതണലും. ഏറ്റവും നല്ല ജൈവ കര്‍ഷകനുള്ള കെ.ജെ.യേശുദാസ് പുരസ്ക്കാരം അടക്കം നിരവധി അംഗീകാരങ്ങളുംഇതിനോടകം ശുഭകേശനെ തേടി എത്തിയിട്ടുണ്ട്.

COMMENTS