സമ്മിശ്ര കൃഷിയില്‍ ആന്‍റുവിന്‍െറ വിജയഗാഥ

അബ്ബാസ് മാള
01:15 AM
10/01/2017
താറാവുകള്‍ക്ക് തീറ്റ നല്‍കുന്ന ആന്‍റു


മാള: സമ്മിശ്ര കൃഷിയില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ പഞ്ചായത്ത് പനച്ചിത്താഴത്ത് കുടിയിരിക്കല്‍ വീട്ടില്‍ ആന്‍റുവിന്‍െറ (56) വിജയഗാഥ. തൃശൂര്‍, എറണാകുളം ജില്ലകള്‍ അതിരിടുന്ന മടത്തുംപടിയില്‍ സ്വന്തമായുള്ള ഒരേക്കര്‍ 17 സെന്‍റിലാണ് മൂന്നുവര്‍ഷമായി മത്സ്യം, താറാവ്, നെല്‍കൃഷി, നിരവധി ഇനം പച്ചക്കറികള്‍, പശു വളര്‍ത്തല്‍ എന്നിവയുടെ സമ്മിശ്ര കൃഷിയില്‍ വിജയം തുടരുന്നത്. 
കട്ല, രോഹു, തിലോപ്പിയ, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് ഇനം മത്സ്യങ്ങളാണ് കൃഷിചെയ്യുന്നത്. ഇതേസ്ഥലത്തുതന്നെ നാനൂറോളം താറാവുകളെയും വളര്‍ത്തുന്നുണ്ട്. ശരാശരി മുന്നൂറോളം മുട്ടകള്‍ ദിനവും ലഭിക്കും. ജൂണ്‍ മാസത്തില്‍ കുട്ടനാട്ടില്‍നിന്ന് വാങ്ങുന്ന താറാവിനെ ജനുവരി മാസത്തില്‍ മൊത്തമായി വില്‍ക്കും. 
വാങ്ങുമ്പോള്‍ കൊടുക്കുന്ന വില വില്‍ക്കുമ്പോഴും കിട്ടുമെന്നതാണ് താറാവ് കൃഷിയുടെ ഗുണമെന്ന് ആന്‍റു പറയുന്നു.
 ജനുവരിയില്‍ വെള്ളം കുറയുന്നതോടെ മത്സ്യവും വിളവെടുക്കും. തിലോപ്പിയ മാത്രം കൃഷി ചെയ്ത കഴിഞ്ഞ വര്‍ഷം 3000 കിലോ മത്സ്യമാണ് ലഭിച്ചത്. താറാവിനെയും മത്സ്യത്തെയും ഒഴിവാക്കുന്ന പാടത്ത് ജനുവരി അവസാനത്തോടെ നെല്ല് കൃഷിചെയ്യും. 
വീണ്ടും കൊയ്ത്തുകഴിഞ്ഞ് താറാവും മത്സ്യവും കൃഷിചെയ്യും. കൂടാതെ, ശരാശരി 45 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്ന് പശുക്കളെയും വളര്‍ത്തുന്നുണ്ട്. ഇവയുടെ ചാണകവും മൂത്രവും മാത്രം വളമായി ഉപയോഗിച്ചാണ് പയര്‍, വെണ്ട, വാഴകള്‍, വഴുതന, ജാതി, പൊട്ടുവെള്ളരി തുടങ്ങിയവ കൃഷിചെയ്യുന്നത്. 
കൃഷിയില്‍നിന്നുള്ള വരുമാനത്തിന്‍െറ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആന്‍റു മാറ്റിവെക്കാറുണ്ട്. ഭാര്യ ലിസിയും കൃഷികാര്യങ്ങളില്‍ സഹായിക്കും. 
സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത വയലിന് നിയമ തടസ്സങ്ങള്‍ ഇല്ളെങ്കില്‍ പരിഗണിക്കുമെന്ന് കൃഷിയിടത്തിലത്തെിയ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. രാധാകൃഷ്ണന്‍ പറഞ്ഞു.
 നാലാം ക്ളാസ് വരെ ഒൗപചാരിക വിദ്യാഭ്യാസം മാത്രമുള്ള ആന്‍റു ഇതിനകം നിരവധി വിദ്യാലയങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് കുട്ടികള്‍ക്ക കൃഷിപാഠം പകര്‍ന്നിട്ടുണ്ട്.

 

COMMENTS