പൗലോസിന്‍െറ കൃഷിക്ക്  മധുരമേറെ

  • മലയോരത്ത് തേന്‍  വിളവെടുപ്പ് കാലം

എം.ജി ബാബു
01:51 AM
25/02/2017
തേനീച്ച കര്‍ഷകന്‍ കെ.ജെ. പൗലോസ്  കൃഷിയിടത്തില്‍ 

 ഇത്തവണ വേനല്‍ നേരത്തേ എത്തിയതിനാല്‍ തേനീച്ച കര്‍ഷകനായ ചാലക്കുടിക്കടുത്ത കോടശ്ശേരി പഞ്ചായത്തിലെ കുറ്റിക്കാട് കെ.ജെ. പൗലോസ് വിളവെടുപ്പിന്‍െറ തിരക്കിലാണ്. വേനല്‍ നേരത്തേ എത്തിയതും നീളുന്നതുംമൂലം തേന്‍ ഉല്‍പാദനം കൂടുമെന്നതാണ് കാരണം. കുറ്റിക്കാട് സെന്‍ററിലെ വ്യാപാരിയാണെങ്കിലും കെ.ജെ.ബി ഫാം എന്ന പേരില്‍ കാലങ്ങളായി തേനീച്ച കൃഷിയില്‍ വ്യാപൃതനാണ് പൗലോസ്. കോടശ്ശേരി പഞ്ചായത്തിലെ കോട്ടാമല പ്രദേശത്ത് ആറു കിലോ മീറ്റര്‍ ചുറ്റളവിലാണ് ഇദ്ദേഹത്തിന്‍െറ തേനീച്ച കൃഷി. റബര്‍തോട്ടങ്ങളിലായി 700ല്‍പരം കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. തേന്‍ സംസ്കരിച്ച് കോട്ടാമല ഹണിയെന്ന പേരില്‍ വിപണിയിലത്തെിക്കുന്നുമുണ്ട്.
46 വര്‍ഷങ്ങളായി പൗലോസ് തേനീച്ച കൃഷി നടത്തുന്നുണ്ട്. ധാരാളം റബര്‍ തോട്ടങ്ങളുള്ള കോടശ്ശേരി പോലുള്ള മലയോര മേഖലയില്‍ ഇതിന് ഏറെ സാധ്യതയാണുള്ളതെന്ന് അദ്ദേഹം പറയുന്നു. റബറിന്‍െറ ഇലയുടെ കൂമ്പുകളില്‍നിന്ന് സമൃദ്ധമായി തേന്‍ ശേഖരിക്കാന്‍ തേനീച്ചകള്‍ക്ക് അവസരമുണ്ട്. വനത്തോട് ചേര്‍ന്നായതിനാല്‍ ഗുണമേന്മയുള്ള തേന്‍ ലഭിക്കും. ആദ്യം മരങ്ങളില്‍ പൊത്ത് നിര്‍മിച്ചാണ് തേനീച്ചകളെ സംരക്ഷിച്ചിരുന്നത്. പിന്നെയാണ് കൂടുകള്‍ നിര്‍മിച്ച് കൃഷി ശാസ്ത്രീയമാക്കിയത്. പലരുടെയും ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിലെ റബര്‍തോട്ടങ്ങളിലാണ് കൃഷി. ആഴ്ചയില്‍ ഒരിക്കല്‍മാത്രം പണിക്കാരുമായി വാഹനത്തില്‍ പോയി തേന്‍ ശേഖരിക്കും. മകന്‍ ജോണും സഹായിക്കും. 
ഒന്നര മാസമാണ് നല്ല വിളവെടുപ്പുകാലം. ജനുവരി പകുതിയോടെ ആരംഭിച്ച് മാര്‍ച്ച് പകുതിയോടെ അവസാനിക്കുകയാണ് പതിവ്. അധികം ചൂടായാല്‍ പിന്നെ തേന്‍ കുറയും. നല്ല മഴയായാലും ഗുണം കുറയും. തേനീച്ചക്കൂടുകള്‍ മാനും പന്നിയും  തട്ടി നശിപ്പിക്കുന്നതും പതിവാണ്. ആന, പുലി തുടങ്ങിയ കാട്ടുമൃഗങ്ങള്‍ കൂടുതലുള്ള മേഖലയായതിനാല്‍ അവയുടെ ശല്യവുമുണ്ട്. മുമ്പ് മൃഗശാലയിലെ കോട്ടാമല റാണിയെന്ന പുലിയെ പിടികൂടിയത് പൗലോസിന്‍െറ കൃഷിയിടത്തിന് സമീപത്തുനിന്നാണ്.

 

COMMENTS