വിശ്വസിക്കാം; ആടു വളര്‍ത്തലിലെ സുരക്ഷിത വരുമാനം 

സന്തോഷ് ആടുവളര്‍ത്തലില്‍

റബര്‍ വ്യാപാരം നഷ്ടത്തിലായപ്പോള്‍ ആട് വളര്‍ത്തിലിലേക്ക് കളം മാറ്റി ചവുട്ടിയ സന്തോഷിന് റബര്‍ വില വര്‍ധിച്ചെങ്കിലും തന്‍്റെ ഉപജീവനമാര്‍ഗം ആടുവളര്‍ത്തല്‍ തന്നെ എന്ന് ഉറപ്പിച്ചു പറയുന്നു. സ്വര്‍ണം എപ്പോഴും പണമാക്കി മാറ്റാന്‍ സാധിക്കുന്നതുപോലെയാണ് ആട് കൃഷിയുമെന്നാണ് അടൂര്‍ തട്ട പൊങ്ങലടി മാമ്മൂട് ഉടയാന്‍ മുകളില്‍  വീട്ടില്‍ സന്തോഷിന്‍്റെ അഭിപ്രായം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആദായം ലഭിക്കുന്ന ഏറ്റവും നല്ല സംരംഭവും ഇതുതന്നെയെന്ന് അനുഭവസാക്ഷ്യമായി സന്തോഷ് പറയുന്നു.
റബ്ബര്‍ വ്യാപാരിയായിരുന്ന ഇദ്ദേഹം വിലയിടിവു വന്ന് കച്ചവടം നഷ്ടത്തിലായപ്പോള്‍ കട പൂട്ടി. വീട്ടിലിരുന്ന് ഇനിയെന്തെന്ന് ചിന്തിച്ചപ്പോഴാണ് ആടിനെ വാങ്ങാന്‍ ഒരു സുഹൃത്ത് സന്തോഷിനെ കൂട്ടു വിളിച്ചത്. സുഹൃത്ത് മൂന്ന് ആടിനായി ലക്ഷം രൂപ നല്‍കുന്നത് കണ്ടപ്പോഴാണ് ഇത് നല്ല സംരഭമാണല്ളോ എന്ന ചിന്ത സന്തോഷില്‍ ഉണ്ടായത്. പിന്നീട് ആട് കൃഷിയെക്കുറിച്ചു പഠിച്ചു. തൃശൂരിലെ ഫാമില്‍ നിന്ന് ആടുകളെ  വീട്ടില്‍ എത്തിച്ചു.  ഒരു സമയത്ത് ഇരുന്നൂറിലധികം ആടുകള്‍ ഉടയാന്‍ മുകളിലെ വീടിന് അലങ്കാരമായിരുന്നു. പിന്നീട് ആടുകള്‍ക്ക് ശാസ്ത്രീയ പരിരക്ഷ നല്‍കുന്ന ഫാമായി. സിരോനി, ബീറ്റല, പര്‍പ്പസാരി, ജര്‍ക്കാന, മലബാറി, ജമ്നാ പ്യാരി, നാടന്‍ തുടങ്ങിയ ഇനങ്ങളിലായി 120 ആടുകള്‍  ഇവിടെ ഉണ്ട്. 20 കിലോ മുതല്‍ 120 കിലോ വരെ തൂക്കമുള്ള ആടുകളാണ് ഇവ. വലിപ്പത്തിലും നിറത്തിലും വ്യത്യസ്തമായ ഇവയെ ഒരുമിച്ച് കാണുന്നതും അഴകാണ്. ഒപ്പം നല്ളൊരു വലിയ വരുമാന മാര്‍ഗവും. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആടുകളും ഇവിടെയുണ്ട്. സന്തോഷിന്‍്റെ ഭാര്യ ശ്രീജ പത്തനംതിട്ട ജില്ല സഹകരണ ബാങ്ക് ജീവനക്കാരിയാണ്. ശ്രീജയും മകള്‍ അനന്യയും ചേര്‍ന്നാണ് ആടുകളെ പരിചരിക്കുന്നത്. ദിവസവും ഒരു നേരം ഇലത്തീറ്റി നല്‍കും. രണ്ടുനേരം മറ്റ് ഭക്ഷണവും. ആടിന്‍്റെ കാഷ്ഠങ്ങള്‍ വളത്തിനായി ഉപയോഗിക്കുന്നുണ്ട്.


 

COMMENTS