ആധുനിക ജീവിതത്തിന്‍്റെ നെട്ടോട്ടത്തിനിടക്കും നഷ്ടപ്പെടുന്ന ജൈവ സമ്പത്തിനേയും മണ്‍മറയുന്ന കലയേയും സംസ്ക്കാരത്തേയും നെഞ്ചോട് ചേര്‍ത്ത ഒരു പറ്റം പച്ച മനുഷ്യരുണ്ട് പട്ടാമ്പിയോട് തൊട്ടടുത്ത തൃശൂര്‍ ജില്ലയില്‍പ്പെടുന്ന ആറങ്ങോട്ടുകര ഗ്രാമത്തില്‍. കലയും കൃഷിയും ചേര്‍ന്ന സംഘശക്തിയുണ്ട് ഇവിടെ, ആറങ്ങോട്ടുകര പാഠശാലയില്‍. പാഠശാല എന്ന സാംസ്കാരിക കൂട്ടായ്മയുടെ ‘ ഉള്ളുറവ് - 2017 ' എന്ന കൊയ്ത്തുത്സവമായിരുന്നു ജനുവരി 20 മുതല്‍ 22 വരെ. 10 വര്‍ഷത്തിലധികമായി കൃഷി നടത്തുന്ന കൂട്ടായ്മയാണ് ആറങ്ങോട്ടുകര പാഠശാല. ആറങ്ങോട്ടുകരയിലെ 25 ഓളം ഏക്കര്‍ സ്ഥലത്താണ് ഇവര്‍ ജൈവകൃഷി നടത്തുന്നത്.
ഇത്തവണ 25 ഇനം ജൈവ വിത്തുകളാണിറക്കിയത്. നാടന്‍ വിത്തുകളായ തവളക്കണ്ണന്‍, കവുങ്ങിന്‍ പൂത്തല, പൊന്നാര്യന്‍, ആര്യന്‍, ചെറിയാര്യ, എരവപ്പാണ്ടി, വെള്ളരി, ജീരകശാല, മുണ്ടോന്‍ കുട്ടി, ബസുമതി, ചിറ്റേനി, ചെറ്റാടി, കുട്ടാടന്‍, രക്തശാലി, കുറുവ, നവര തുടങ്ങിയവ ഇത്തവണ കൃഷി ചെയ്തു. കുട്ടികളും യുവാക്കളും സ്ത്രീകളും വയോധികരും അടങ്ങുന്ന കൂട്ടായ്മയിലായിരുന്നു കൃഷിയിറക്കിയത്. പാഠശാലയുടെ കീഴിലെ ‘കുട്ടികളുടെ പാഠശാല’യില്‍ നിന്നുള്ള സംഘം ജൈവകൃഷി രീതി കൂടുതലടുത്തറിയാന്‍ വയനാട്ടിലെ ചെറുവയല്‍ രാമന്‍്റെത് ഉള്‍പ്പെടെ നിരവധി ജൈവ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട വിയര്‍പ്പിന്‍െറ വിളവ് കൊയ്തെടുക്കാന്‍ അവര്‍ക്കായിരുന്നു ഏറെ ഉത്സാഹം.
ആറങ്ങോട്ടുകരയിലെ കൊയ്ത്തുത്സവമെന്നാല്‍ കൊയ്ത്ത് മാത്രമല്ല. നാടകങ്ങളും നാടന്‍ കലാസ്വാദനവും കൂടിച്ചേരലുകളും സെമിനാറുകളുമെല്ലാം കോര്‍ത്തിണങ്ങിയ കൂട്ടായ്മയുടേയും പങ്കുവെക്കലിന്‍്റേയുമെല്ലാം വേദി കൂടിയാണ്. നബാര്‍ഡിന്‍്റെയും, സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടേയുമൊക്കെ പങ്കാളിത്തത്തോടെയായിരുന്നു ഇത്തവണയും കൊയ്ത്തുത്സവം. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറാണ് കൊയ്ത്തുത്സവത്തിന് തിരിതെളിച്ചത്. ഒരു ദിവസം നീണ്ട ‘യുവോത്സവം ’ കുട്ടികളുടെയും യുവാക്കളുടെയും തിമിര്‍പ്പിന്‍െറ ഉത്സവമായിരുന്നു. പരിസ്ഥിതി അറിവുകള്‍ പങ്കുവെക്കാനും അവര്‍ സമയം മാറ്റിവെച്ചു.
ജൈവകൃഷിയിലേക്കിറങ്ങി കൃഷി തന്നെ നിര്‍ത്തിയവര്‍ക്കും കാലാവസ്ഥയുടെ ചതിയില്‍പ്പെട്ട് നാണ്യവിളകളിലേക്ക് തിരിഞ്ഞവര്‍ക്കും കൂട്ടിന് ആളെ കിട്ടാതെ പാതി വഴിയില്‍ കൃഷി ഉപേക്ഷിച്ചവര്‍ക്കും പ്രചോദനമാണ് കൂട്ടായ്മയിലൂടെ വിജയം കാണുന്ന ഈ മനുഷ്യര്‍. പരിസ്ഥിതിയിലും പ്രകൃതിയിലുമൂന്നിക്കൊണ്ട് സംസ്ക്കാരത്തെയും ആരോഗ്യത്തെയും തിരിച്ചുപിടിക്കാന്‍ വേണ്ടി ജൈവകൃഷി പ്രചരിപ്പിക്കുകയാണ് കൃഷിപാഠശാലയുടെ പ്രവര്‍ത്തനം. വിത്തിറക്കുന്നത് മുതല്‍ കൊയ്ത് മെതിക്കുന്നത് വരെ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്, കൂടെ കുറച്ച് തൊഴിലാളികളുമുണ്ടാകും. പലപ്പോഴും മഴയുടെ കുറവ് കാരണം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് പാടത്ത് വെള്ളം നിര്‍ത്തി കൃഷി ചേയ്യേണ്ടി വരും.
ഓരോ പ്രവര്‍ത്തനങ്ങളും പാട്ടു പാടിയും മറ്റും ആവേശത്തോടെയും ആസ്വാദനത്തോടെയുമാണ് കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഏറ്റെടുക്കുന്നത്. പുത്തരിയുടെ കഞ്ഞിയും കൂട്ടുകറിയും ചമ്മന്തിയും പാടത്തോട് ചേര്‍ന്ന മണ്‍വീട്ടില്‍ കൊയ്ത്തുത്സവത്തിന് എത്തുന്നവര്‍ക്കായി ഒരുക്കിയിരുന്നു.ആര്‍ക്കും എപ്പോഴും വന്നിരിക്കാനും വര്‍ത്താനം പറയാനും ഒരിടമാണ് പാടത്തോട് ചേര്‍ന്നുള്ള മണ്‍വീട്. വൈകുന്നേരമായാല്‍ നാടക റിഹേഴ്സലുകളും കളരിയുമൊക്കെയായി മണ്‍ വീട് സജീവമാകും. നിറയെ ചക്കയും മാങ്ങയുമുണ്ട്. മുറ്റത്ത് പശുക്കിടാങ്ങളുമുണ്ടാകും. ഇവിടെയുള്ളതെല്ലാം ഒരാളുടേതല്ല, എല്ലാവരുടേയുമാണ്.
നാടകപ്രവര്‍ത്തകയും പാഠശാല സെക്രട്ടറിയുമായ ശ്രീജ ആറങ്ങോട്ടുകരയും ഭര്‍ത്താവ് നാരായണനും പാഠശാല പ്രസിഡന്‍റ് ശശിയും നാടക പ്രവര്‍ത്തകരായ അരുണ്‍ലാല്‍, രാമകൃഷ്ണന്‍, ബിന്ദു എന്നിവരൊക്കെയാണ് പാഠശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ വര്‍ഷവും കൊയ്ത്തുത്സവം വ്യത്യസ്തമാവാറുണ്ട് .ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് ദിവസവും നീണ്ട് നിന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കു മായുള്ള ചിത്രരചന ഇത്തവണ നടന്നു. ഫോക്ലോര്‍ അക്കാദമി തെയ്യവും മറ്റ് കലാരൂപങ്ങളും ഇവിടെ ഒരുക്കി. ഊരാളി യുടെ കലാവിരുന്നോടെയാണ് കൊയ്ത്തുത്സവം കൊടിയിറങ്ങിയത്.