കല്ലമ്പലം: ഇല്ലായ്മയുടെയും ജീവിത ക്ലേശങ്ങളുടെയും നടുവിൽ ജീവിതം വലിയൊരു ചോദ്യചിഹ്നമായി നിന്നപ്പോൾ സമീപവാസികളായ മൂന്ന് പേർ ലഭ്യമാക്കിയ 80 സെന്റ് ഭൂമി ഹരിതാഭമാക്കി സംസ്ഥാന സർക്കാറിെൻറ കർഷക പ്രതിഭ പുരസ്കാരം നേടിയ ഹരിപ്രിയക്ക് പറയാനുള്ളത് മണ്ണിെൻറ മണമുള്ള ഒരായിരം അനുഭവപാഠങ്ങൾ. കല്ലമ്പലം കടുവയിൽപള്ളിക്ക് സമീപം തോട്ടയ്ക്കാട് ഹരി തമ്പുരുവിൽ ജയപ്രസാദ്-സജിത ദമ്പതികളുടെ മകളാണ് ഹരിപ്രിയ.
ഞെക്കാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സജിതയുടെയും കൂലിപ്പണിക്കാരനായ പിതാവ് ജയപ്രസാദിെന്റയും ജീവിതം പ്രാരബ്ധങ്ങൾക്കിടയിൽ കൈത്താങ്ങാകാൻ കാർഷിക മേഖലയിലേക്കിറങ്ങിയതായിരുന്നു ഹരിപ്രിയയും ചേച്ചി ശിവപ്രിയയും.
സമീപവാസികളായ ശശിധരൻ, നസീറാ ബീവി, ശ്രീകുമാർ എന്നിവർ പാട്ടപ്പണം വാങ്ങാതെ നൽകിയ ഭൂമിയിൽ വിവിധ പച്ചക്കറികൾ, വാഴ, മരച്ചീനി, ഇഞ്ചി, ചോളം തുടങ്ങി എല്ലാ കാർഷികവിളകളുമുണ്ട്. പഠനത്തിലും ശ്രദ്ധാലുവായ ഹരിപ്രിയക്ക് കേരളത്തിലാകമാനമുള്ള കർഷക ഗ്രൂപ്പുകളുമായും വാട്സ് ആപ് ഗ്രൂപ്പുകളുമായും നല്ല ബന്ധമാണുള്ളത്.
മുൻ സംസ്ഥാന അവാർഡ് ജേതാവ് വയനാട് സ്വദേശി ബിൻസി ജെയിംസാണ് കാർഷിക മേഘലയിലെ തന്റെ മികവ് തിരിച്ചറിഞ്ഞ് സംസ്ഥാന അവാർഡിന് അപേക്ഷ നൽകാൻ പ്രേരിപ്പിച്ചതെന്ന് ഈ കൊച്ചു കർഷക പറയുന്നു. സ്കൂളിൽ നിന്നും നാട്ടിലെ സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ഇതിനകം ഹരിപ്രിയക്ക് ലഭിച്ചിട്ടുണ്ട്.