സ്വന്തം ലേഖകൻ
കൊടുവള്ളി: കുന്നിൻമുകളിലെ പാറപ്പുറത്ത് വിത്തിറക്കി നൂറുമേനി വിള കൊയ്ത് നാലംഗ കർഷക സുഹൃത്തുക്കൾ. കൊടുവള്ളി നഗരസഭയിലെ വാവാട് സെൻറർ 36 ഡിവിഷനിലെ കപ്പലാംകുഴി മലമുകളിലാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ തരിശുഭൂമിയില്‍ കരനെല്ല് വിളയിച്ച് ചരിത്രം കുറിച്ചത്. കാട്ടുപന്നികളെ തുരത്താന്‍ രാത്രി മുഴുവനും കാവലിരുന്നാണ് ഇവര്‍ ലക്ഷ്യം നേടിയത്. കൃഷിയോടുള്ള ആത്മാർഥതയും ഒരുമയുള്ള മനസ്സുമുണ്ടെങ്കില്‍ നെല്ല് പാറപ്പുറത്തും വിളയിക്കാമെന്ന് പുതുതലമുറക്ക് കാണിച്ചുകൊടുത്തിരിക്കുകയാണ് ഇവർ.
പാരമ്പര്യ കര്‍ഷകരായ കെ. കൃഷ്ണന്‍കുട്ടി, ഉണ്ണി കട്ടിപ്പാറ, കെ.പി. രാമന്‍കുട്ടി, പി.കെ. കുമാരന്‍ എന്നിവരാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കുന്നിന്‍പുറത്ത് കരനെല്ല് വിളയിച്ചെടുത്തത്.
വര്‍ഷങ്ങളായി വിവിധ കൃഷികള്‍ നടത്തിവരുന്ന ഇവര്‍ ഈ വര്‍ഷം വേറിട്ടൊരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൊടുവള്ളി കൃഷിഭവനിലെ പാര്‍ട്ട് ടൈം ജീവനക്കാരനായ കൃഷ്ണന്‍കുട്ടിയുടെ ആശയം മറ്റുള്ളവരും ഏറ്റെടുത്തു.
കാടുമൂടിക്കിടന്ന പ്രദേശം വെട്ടിത്തെളിച്ച് പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ മണ്ണിട്ട് വിത്തിറക്കുമ്പോള്‍ പലരും അത്ഭുതത്തോടെ നോക്കിനിന്നു. ഏത് പാറപ്പുറത്തും കരനെല്ല് വിളയിക്കാമെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇവിടെയെത്തിക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. കൃഷി കാണാൻ നിരവധി പേർ എത്തുകയും കൃഷിരീതികൾ മനസ്സിലാക്കുകയും ചെയ്തു.
കൊടുവള്ളി കൃഷിഭവനിൽനിന്ന് മികച്ച സഹകരണവും ഇവർക്ക് ലഭിച്ചു. 110 ദിവസംകൊണ്ട് വിളവെടുക്കാനാവുന്ന ശ്രേയസ്സാണ് വിതച്ചത്. വിതച്ച നാള്‍ മുതല്‍ പന്നികളെ തുരത്താനായി രാത്രിയില്‍ നാലു പേരും കൃഷിയിടത്തിലാണ് കഴിഞ്ഞത്. ദിവസവും 100 രൂപയുടെ പടക്കം പൊട്ടിക്കും. ഷെഡ് കെട്ടി കാവലിരിക്കുകയും ചെയ്തു. രാത്രികളെ പകലാക്കാന്‍ കര്‍ഷകനും കവിയുമായ പി.കെ. കുമാരന്‍ കവിതകള്‍ എഴുതി.
കവിതയും കൃഷിയും നാട്ടുകാര്‍ നെഞ്ചോട് ചേര്‍ത്തു. ഒന്നും വെറുതെയായില്ല. ഇവര്‍ക്ക് നൂറുമേനി വിളവുതന്നെ ലഭിച്ചു. ഉത്സവാന്തരീക്ഷത്തില്‍ നടത്താനിരുന്ന കൊയ്ത്തിന് കോവിഡ് തടസ്സമായി.
എങ്കിലും പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്സൻ ശരീഫ കണ്ണാടിപ്പൊയില്‍ കരനെല്ലിെൻറ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ എന്‍.എസ്. അപര്‍ണ, കൃഷി അസിസ്റ്റൻറുമാരായ എം.കെ. ഷാജു കുമാര്‍, കെ.പി. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.