പൂക്കോട്ടുംപാടം: കവളമുക്കട്ടയിലെ ചീരതടത്തിൽ സുലൈമാന് കൃഷി ജീവനാണ്. വയസ്സ് 66 പിന്നിട്ടെങ്കിലും നേരം പുലരുന്നതോടെ സജീവമാകുന്ന സുലൈമാൻ വൈകുന്നേരം വരെ തെൻറ ജൈവ കൃഷിയിടത്തിലുണ്ടാവും. കൃഷിയോടുള്ള താൽപര്യംകൊണ്ട് മാത്രമാണ് കൂലിപ്പണി ഉപേക്ഷിച്ച് ഇദ്ദേഹം പച്ചക്കറി കൃഷിയിൽ ആകൃഷ്ടനായത്.
സ്വന്തമായി കൃഷി ഭൂമിയില്ലാത്ത സുലൈമാൻ പാട്ടഭൂമിയിലാണ് കൃഷി ചെയ്യുന്നത്. വെള്ളരി, പടവലം, ചുരങ്ങ തുടങ്ങിയ പച്ചക്കറികളും ചേന, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകളും നേന്ത്രവാഴയും മറ്റു വാഴകൃഷിയും ഇദ്ദേഹം ഇവിടെ ചെയ്ത് വരുന്നുണ്ട്. ജൈവ രീതിയിലാണ് കൃഷി. വിളയിക്കുന്ന ഉത്പ്പന്നങ്ങൾ സ്വന്തം വീട്ടിലെ ആവശ്യം കഴിഞ്ഞ് വിൽപ്പന നടത്തുകയാണ് പതിവ്.
സുലൈമാെൻറ കൃഷിയിടത്തിലെ മായം കലരാത്ത കാർഷിക ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. വിപണി വിലയിലാണ് വിൽപന. കൂലിപ്പണി ചെയ്തിരുന്ന കാലത്ത് ലഭിച്ചിരുന്നതിനെക്കാൾ വരുമാനം ഇപ്പോൾ പാട്ട ഭൂമിയിൽ നടത്തുന്ന കൃഷിയിൽനിന്ന് തനിക്ക് ലഭിക്കുന്നതായി സുലൈമാൻ പറയുന്നു. എന്നാൽ കൃഷിവകുപ്പിെൻറ ആനുകൂല്യമോ സർക്കാറിെൻറ പ്രോത്സാഹനമോ അംഗീകാരമോ ഇതുവരെ ഇദ്ദേഹത്തിനു ലഭിച്ചിട്ടില്ല.