മുഹമ്മ: ദീപ്തി സ്‌പെഷൽ സ്‌കൂളിന്റെ കാർഷിക പുരസ്കാരത്തിന് തിളക്കമേറെ. പ്രളയകാലത്ത് വെള്ളം കയറി കായലോരത്തെ സ്കൂളിൽ കൃഷി നശിച്ചെങ്കിലും വീണ്ടും കൃഷിയിടം തിരികെ പിടിച്ച് ഹരിത സമൃദ്ധിയുടെ നിറകണി ഒരുക്കുകയായിരുന്നു ഇവർ. മികച്ച രീതിയിൽ പച്ചക്കറികൃഷി നടത്തിയതിന് കൃഷിവകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരമാണ് ലഭിച്ചത്.
ഭിന്നശേഷിക്കുട്ടികളും കന്യാസ്ത്രീകളും അധ്യാപകരും ചേർന്നാണ് സ്കൂൾവളപ്പിൽ വിവിധയിനങ്ങൾ കൃഷിചെയ്യുന്നത്. ചീര, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി, ഇഞ്ചി, ചോളം, ക്യാരറ്റ്, ബീറ്റ്റൂട്ട്, ബജി മുളക്, കരിമ്പ്, വിവിധയിനം വാഴ എന്നിവക്ക് പുറമെ മത്സ്യകൃഷിയും നടത്തുന്നു. കോഴി, താറാവ്, മുയൽ എന്നിവയും സ്‌കൂളിലുണ്ട്. ടി.ജി പോളിമേഴ്‌സ് സൗജന്യമായി നൽകിയ ആയിരത്തോളം ഗ്രോബാഗിലായിരുന്നു വിത്ത് നട്ടത്.
ജൈവവളമാണ് ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നട്ട ബീറ്റ് റൂട്ട് കഴിഞ്ഞദിവസം വിളവെടുത്തു. നൂറോളം ചുവട് തക്കാളിയിൽനിന്ന് ദിവസവും വിളവെടുപ്പ് നടക്കുന്നുമുണ്ട്. 105 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രിൻസിപ്പൽ സിസ്‌റ്റർ ജൂലിയറ്റ്, സി. ആഞ്ചോ, സി. റീസപോൾ എന്നിവർ നേതൃത്വം നൽകുന്നു.