അടിമാലി: ജൈവപച്ചക്കറി കൃഷിയില്‍ ഇടുക്കിക്ക് അഭിമാനവും പുതുതലമുറക്ക് മാതൃകയുമാണ് രാജാക്കാട് സ്വദേശി പത്താം ക്ലാസ് വിദ്യാർഥിനി ജിജിന ജിജി. ജില്ലയിലെ മികച്ച കുട്ടി കര്ഷകയാണിപ്പോൾ ജിജിന. എസ്.പി.സി കാഡറ്റ് കൂടിയായ ജിജിന ലോക്ഡൗണ്‍ കാലത്താണ് ജൈവ കൃഷിക്ക്തുടക്കംകുറിച്ചത്. കോവിഡ് പിടിമുറുക്കിയപ്പോള്‍ രാജാക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി കാഡറ്റുകള്‍ പച്ചക്കറി കൃഷി പരിപാലനം നടത്തിയിരുന്നു.
ഇവിടെനിന്ന് കിട്ടിയ പ്രചോദനമാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കംകുറിക്കാന്‍ ജിജിനക്ക് കഴിഞ്ഞത്. കൃഷി വകുപ്പിന്റെ സഹായത്തോടെ അഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് മഴമറയ്ക്കുള്ളിലാണ് ജിജിനയുടെ കൃഷി. പയർ, ബീന്‍സ്, വിവിധ ഇനം ചീരകള്‍, കാബോജ്, കോളിഫ്ലവര്‍, അടക്കം പച്ചക്കറികളാണ് ജിജിന നട്ടുപരിപാലിക്കുന്നത്. ഇത്തവണ ഇടുക്കി ജില്ലയിലെ മികച്ച കുട്ടികര്‍ഷകയായി ജിജിനയെയാണ് തെരഞ്ഞെടുത്തത്.
പിതാവ് മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ കൂടിയായ ജിജി ജോണും. മാതാവ് രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബിന്‍സിയും സഹോദരിമാരായ ജിബിന, ജോർജിറ്റ് റോസ് എന്നിവരും കൃഷി കാര്യങ്ങളിൽ സഹായത്തിനുണ്ട്. ജൈവകൃഷി ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ നിലനില്‍പ്പിനും അനിവാര്യമെന്നാണ് ജിജിന കൂട്ടുകാർക്കായി നൽകുന്ന സന്ദേശം.