വർഷകാല ചെമ്മീൻ കൃഷിയിൽ അശോകെൻറ വിജയഗാഥ. 20 വർഷമായി ചെമ്മീൻ കൃഷി ചെയ്യുന്ന കരൂപ്പടന്ന വള്ളിവട്ടം ചിറയിൽ അശോകനാണ് സ്വന്തമായി വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി വിജയകരമാക്കുന്നത്. കനോലി കനാലിനോട് ചേർന്നാണ് ചെമ്മീൻകെട്ട്. പുഴയിലെ ഓക്സിജെൻറ അളവ് കാലക്രമത്തിൽ കുറഞ്ഞുവരികയാണ്. അതിന് പരിഹാരമായി ചെമ്മീൻ കുഞ്ഞുങ്ങൾക്ക് ശുദ്ധവായു കിട്ടാനാണ് അശോകൻ പ്രത്യേക സംവിധാനം ഒരുക്കിയത്.
കൃഷിസ്ഥലത്തിെൻറ മൂന്ന് ഭാഗങ്ങളിലായി പ്രത്യേക പ്ലാറ്റ്ഫോം ഉണ്ടാക്കി മൂന്ന് ഓട്ടോറിക്ഷകൾ സ്ഥാപിച്ച് അതിെൻറ എൻജിൻ പ്രവർത്തിപ്പിച്ച് എയറേറ്റർ പ്രവർത്തിപ്പിക്കുന്ന രീതിയാണ് സംവിധാനിച്ചത്. ഓട്ടോറിക്ഷയുടെ പിറകിലെ ചക്രത്തിെൻറ ഡ്രമ്മിൽ നിന്നുള്ള കണക്ഷനിലൂടെ തടാകത്തിൽ പ്രത്യേകം തയാറാക്കിയ ലീഫുകൾ പ്രവർത്തിപ്പിക്കുന്നു. ഇതുവഴി വെള്ളം ചലിച്ചുകൊണ്ടിരിക്കുമ്പോൾ ആവശ്യമായ ഓക്സിജൻ ചെമ്മീൻ കുഞ്ഞുങ്ങൾക്ക് ലഭിക്കും. ദിവസേന 12 മണിക്കൂർ ഇത് പ്രവർത്തിപ്പിക്കും. ഒരു എൻജിൻ പ്രവർത്തിപ്പിക്കാൻ മണിക്കൂറിന് 25 രൂപയുടെ ഡീസലാണ് വേണ്ടത്.

കഴിഞ്ഞ തവണ 128 ദിവസം കൊണ്ട് അശോകൻ ഉൽപാദിപ്പിച്ചത് 1500 കിലോ വനാമി ചെമ്മീനാണ്. പാട്ടത്തിനെടുത്ത നാല് ഏക്കറിൽ പൂർണമായി ജൈവ രീതിയിൽ കൃഷി നടത്തുന്ന അശോകൻ ഇത്തവണ പ്രതീക്ഷിക്കുന്നത് 2000 കിലോ ചെമ്മീനാണ്. പാകമായ ചെമ്മീൻ രണ്ടുദിവസത്തിനുള്ളിൽ വിളവെടുക്കും. ഫിഷറീസ് വകുപ്പിൽനിന്ന് ലഭ്യമായ കാര ചെമ്മീൻ കുഞ്ഞുങ്ങളെ നാല് മാസം മുമ്പാണ് നിക്ഷേപിച്ചത്. രണ്ട് സ്ഥിരം പണിക്കാരോടൊപ്പം അശോകൻ രാവും പകലും അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നു. പിന്തുണയും സഹായവുമായി ഭാര്യ ഗീതയും മകൾ അശ്വിനിയുമുണ്ട്. മകൻ അശ്വിൻ ഗൾഫിൽ ജോലി ചെയ്യുന്നു.