മിനി കുട്ടനാട് എന്നാണ് കോഴിക്കോട് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ വയൽ അറിയപ്പെടുന്നത്. ഇവിടെ എല്ലാവരും കൃഷിയിൽ സാക്ഷരത നേടിയവരാണ്. നെൽകൃഷിയും ഇടവിളകൃഷിയും ഗ്രാമത്തിന് പച്ചപ്പും കുളിർമയും നൽകുന്നു.
വിദേശത്തുനിന്ന് 2012ൽ നാട്ടിലെത്തിയ പറോക്കുംചാലിൽ ബഷീർ പാടത്ത് പലതരം കൃഷിയിറക്കിയിട്ടുണ്ട്. ഇല്ലത്ത്താഴം വയലും കുറ്റിവയൽതാഴം വയലും ബഷീറിന്റെ കൈക്കരുത്തിൽ ഹരിതാഭമാണ്. വയലിൽ ഔഷധ നെല്ലിനങ്ങളായ രക്തശാലിയും ഞവരയുമാണ് കൃഷി. കൂടാതെ ഇടവിളകൃഷിയായി ചേമ്പ്, ചേന, മഞ്ഞൾ, കൂർക്ക, കപ്പ എന്നിവയുണ്ട്.
വേനലിൽ പച്ചക്കറി കൃഷിയുമുണ്ട്. രുചിയുടെ കാര്യത്തിൽ കേമനായ കുട്ടമ്പൂർ കൂർക്കയും പ്രധാന കൃഷിയാണ്. രാവിലെ പാടത്തിറങ്ങിയ ശേഷമാണ് ആടിനെ പരിചരിക്കൽ. ആട് വളർത്തലും ആദായകരമാണെന്നാണ് പറയുന്നത്. വിദേശത്തായിരിക്കുമ്പോൾ തന്നെ കൃഷിയിൽ അഭിരുചിയുണ്ടായതിനാൽ അക്കാലത്ത് തൊഴിലാളികളെ വെച്ചായിരുന്നു കൃഷി. വിദേശത്തുനിന്നും വന്നാൽ ആദ്യ ദിവസം ബന്ധുവീടുകൾ സന്ദർശിക്കും. പിന്നെ വിത്തും കൈക്കോട്ടുമേന്തി പാടത്തിറങ്ങും. മടങ്ങുംവരെ കൃഷിയിടം വിട്ടൊരു കളിയില്ല.
ശരിയായ പരിചരണമുണ്ടായാൽ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്നാണ് ഈ മുൻ പ്രവാസിയുടെ അഭിപ്രായം. സ്വന്തം വീട്ടാവശ്യത്തിന് എടുത്തശേഷമാണ് പച്ചക്കറികൾ പുറത്തേക്ക് കൊടുക്കുന്നത്.