തച്ചനാട്ടുകര: തരിശുഭൂമിയിലെ പച്ചക്കറികൃഷിയിൽ 'ടോപ്പ്' വിളവുമായി ഹിൽടോപ് ക്ലബ് അംഗങ്ങൾ. വിളവ്, പ്രതീക്ഷയുടെ നൂറും കടന്നപ്പോൾ കോവിഡ് പ്രതിസന്ധി കാരണം തിരിച്ചുപോക്ക് മുടങ്ങിയ പ്രവാസികൾക്ക് ഇത് അതിജീവനത്തിെൻറ വേറിട്ട വഴിയായി.
സംസ്ഥാന സർക്കാറിെൻറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പൂവത്താണി ഹിൽടോപ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ നേതൃത്വത്തിൽ വെള്ളക്കുന്നത്തെ അഞ്ച് ഏക്കർ ഭൂമിയിൽ പച്ചക്കറികൃഷി ഇറക്കിയത്.
ഹിൽടോപ് ക്ലബ് അംഗങ്ങളായ മൻസൂർ, മുഹമ്മദാലി, ഷഫീർ, ലത്തീഫ് അച്ചിപറ, യൂനസ്, അനീസ്, യൂസഫ്, സുൽഫീർ, ഷിബു നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
പ്രവാസികളായ ടി.ടി. യൂസഫ്, ടി.വി. യാസിൽ, ഷിബു, മുഹമ്മദലി തിരുത്തുമ്മൽ, എം.ടി. ഷഫീഖ്, റാഷിദ്, അൻസാർ എന്നിവരും കൂട്ടായ്മയിൽ പങ്കാളികളായി. മൊയ്തീൻ, വീരാൻ തോട്ടുങ്കൽതൊടി എന്നിവരാണ് കൃഷി ചെയ്യുന്നതിനുള്ള സ്ഥലം വിട്ടുനൽകിയത്.
വിളവെടുപ്പുത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. രാമൻകുട്ടി ഗുപ്തെൻറ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. കമറുൽ ലൈല ഉദ്ഘാടനം ചെയ്തു.
വിളവെടുത്ത പച്ചക്കറി ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുനൽകിയതിനാൽ നല്ല വിലയും ലഭിച്ചു. ഇതിനോടകം ക്ലബിെൻറ നേതൃത്വത്തിൽ 300ൽപരം കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.