മാരാരിക്കുളം: കര്‍ഷക അവാര്‍ഡ് നിറവിൽ കഞ്ഞിക്കുഴി. മൂന്ന് അംഗീകാരവും ലഭിച്ചത് അയല്‍വാസികള്‍ക്ക്. മികച്ച യുവകര്‍ഷകക്കുള്ള പുരസ്‌കാരം മായിത്തറ കളവേലില്‍ ആഷ ഷൈജുവിനും മികച്ച കര്‍ഷകത്തൊഴിലാളിക്ക് നൽകുന്ന ശ്രമ ശക്തി പുരസ്‌കാരം മായിത്തറ കളവേലിവെളി പി.ശെല്‍വരാജിനും മികച്ച കര്‍ഷകനുള്ള പുരസ്‌കാരം കളവേലി പാപ്പറമ്പില്‍ പി.എസ്. സാനുമോനുമാണ് ലഭിച്ചത്. ഇവരെല്ലാം കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡുകാരാണ്.
യുവ കര്‍ഷകക്കുള്ള പുരസ്‌കാരം നേടിയ ആഷ ഷൈജു വീട്ടില്‍ അടുക്കളത്തോട്ടം ഉണ്ടാക്കിയാണ് കാര്‍ഷിക രംഗത്തേക്ക് എത്തുന്നത്. 2014ല്‍ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്ത് നല്‍കിയ പച്ചക്കറിത്തൈകള്‍ നട്ടാണ് തുടങ്ങിയത്. പപ്പായ, പച്ചമുളക്, വെണ്ട, പയര്‍, പാവല്‍, തക്കാളി ശൈത്യകാല വിളകളായ ബ്രോക്കോളി, കാബേജ്, ക്വാളിഫ്ലവര്‍ വരെ മികച്ച രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. 13 സെന്‍റില്‍ തുടങ്ങിയ കൃഷി ആറര ഏക്കറിലായി. ദിവസവും വിളവെടുക്കുന്ന തരത്തിലാണ് കൃഷി. ഷൈജു ടാക്‌സി ഹൗസ് നടത്തിവരുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ രഹിതനായപ്പോള്‍ ഭാര്യ ആഷയുടെ കൃഷി കാര്യങ്ങളിൽ സഹായിയായി. ടി.ടി.സി ജയിച്ച ആഷ അധ്യാപക ജോലിക്ക് പരിശ്രമിക്കാതെ കൃഷിതന്നെ ഉപജീവനമാക്കി. മകള്‍: ആഷ്‌ന.
മികച്ച കര്‍ഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി അവാര്‍ഡ് ലഭിച്ച ശെല്‍വരാജിന് 10 വര്‍ഷമായി കൃഷപ്പണിയാണ് ഉപജീവനം. ആദ്യം കര്‍ഷകനായി രംഗത്തിറങ്ങി. പിന്നീടാണ് കൃഷിപ്പണിക്കാരനായത്. കരപ്പുറത്തെ പ്രധാന പച്ചക്കറി തോട്ടങ്ങളുടെ രൂപകൽപനക്ക് പിന്നില്‍ സെല്‍വരാജിന്‍റെ കൈയൊപ്പുണ്ട്. ട്രാക്ടറും ടില്ലറും ഉപയോഗിച്ച് കൃഷിത്തോട്ടങ്ങള്‍ ഒരുക്കുന്നതിലും കമനീയമായി പന്തല്‍ തയാറാക്കുന്നതിലും മികവ് പുലര്‍ത്തുന്നു. ഇപ്പോള്‍ ഹൈടെക് ഫാം തയാറാക്കുന്നതിലാണ് ശ്രദ്ധ. പച്ചക്കറിത്തൈ നടീല്‍ മുതല്‍ വിളവെടുപ്പുവരെ കാര്യങ്ങളില്‍ തെളിയിച്ച കഴിവാണ് ശെല്‍വരാജിനെ ശ്രദ്ധേയനാക്കിയത്. കഞ്ഞിക്കുഴി കര്‍മസേനയിലും കഞ്ഞിക്കുഴി സര്‍വിസ് സഹകരണ ബാങ്കിന്‍റെ കര്‍ഷകസംഘത്തിലും ടെ്കനീഷനായി ജോലി ചെയ്യുന്നു. ഭാര്യ: രമ്യമോള്‍. മക്കള്‍: കൃഷ്ണ, സേതുരാജ്.
സമ്മിശ്ര കര്‍ഷകനായ പി.എസ്. സാനുമോന് ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളിയായ സാനുമോന്‍ ആ മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്നാണ് കൃഷിയിലേക്കിറങ്ങിയത്. പച്ചക്കറി- മത്സ്യ -നെല്‍കൃഷികളും കോഴി, പശു വളര്‍ത്തല്‍ എന്നിവ നടത്തിയാണ് ഉപജീവനം. രണ്ടു തവണ ജില്ലയിലെ രണ്ടാമത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ജില്ലയിലെ മികച്ച കര്‍ഷകനുള്ള അക്ഷയശ്രീ പുരസ്‌കാരവും തേടിയെത്തി. ആറ് ഏക്കറിലാണ് കൃഷി. ഇതില്‍ ഒന്നര ഏക്കറേ സ്വന്തമായുള്ളൂ. ബാക്കി പാട്ടത്തിനെടുത്തതാണ്. ദിവസവും വിളവെടുപ്പ് നടത്തുന്ന തരത്തില്‍ പരമ്പരാഗത മാര്‍ഗത്തോടൊപ്പം ഹൈടെക് കൃഷി രീതിയും അവലംബിക്കുന്നുണ്ട്. ദേശീയപാതയോരത്ത് തിരുവിഴയില്‍ കാട്ടുകട ക്ലസ്റ്ററിന്‍റെ പച്ചക്കറി വിപണനകേന്ദ്രം നടത്തുന്ന സാനുമോന്‍ നാട്ടിലെ പച്ചക്കറി കര്‍ഷകരുടെ ഉൽപന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്നുണ്ട്. ഭാര്യ: എ. അനിത (അധ്യാപിക, കെ.ഇ. കാര്‍മല്‍ സ്‌കൂള്‍). മക്കള്‍: അഭിഷേക്, അമേയ.