താന്ന്യം ഒരുചുവട് മുന്നില്‍
text_fieldsവാടകഭൂമിയില്‍ പോളിഹൗസ് കൃഷി. അമ്പലത്തില്‍ അന്നദാനത്തിനുള്ള പച്ചക്കറിയുണ്ടാക്കാന്‍ ഹരിതഗൃഹം. വിഷഭയമില്ലാതെ വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ ഹൈടെക് രീതി. പ്രവാസജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചത്തെിയവര്‍ തുടങ്ങിയത് പോളിഹൗസില്‍ വാണിജ്യകൃഷി. പെണ്‍പിറന്നവര്‍ അറച്ചിരിക്കാതെ തുനിഞ്ഞിറങ്ങിയപ്പോള്‍ വിളഞ്ഞത് തുള്ളിക്കൊരുകുടം - സംസ്ഥാനത്തെ ആദ്യ ഹൈടെക് മാതൃകഗ്രാമമായി പ്രഖ്യാപിച്ച തൃശൂര്‍ താന്ന്യത്തെ പുതുകൃഷിച്ചിട്ടകള്‍ പലതാണ്. ഒരു പഞ്ചായത്തിന്‍െറ പരിധിയില്‍ 16 പോളിഹൗസുകളൊരുക്കിയാണ് താന്ന്യം അടിമുടി ഹൈടെക്കായത്. സമീപത്തെ അഞ്ച് പഞ്ചായത്തുകളുള്‍പ്പെട്ട അന്തിക്കാട് ബ്ളോക്കില്‍ നിലവില്‍ 26 പോളിഹൗസുകളുണ്ട്. താന്ന്യത്തിന് പുറമേ അരിമ്പൂരും മണലൂരും ചാഴൂരും അന്തിക്കാടും ചേരുമ്പോഴാണിത്. സംസ്ഥാനത്ത് ഒരു പോളിഹൗസുപോലുമില്ലാത്ത പഞ്ചായത്തുകളുള്ളപ്പോഴാണ് 16 പോളിഹൗസുകളൊരുക്കി താന്ന്യം ഹൈടെക് കൃഷിയില്‍ കേരളത്തിലെ പതാകവാഹകരാകുന്നത്.
വിളയിലുമുണ്ട് ഒരു സൂപ്പര്‍മാര്‍ക്കറ്റിനെ അനുസ്മരിപ്പിക്കുന്ന അനുകരണം. കരിമ്പച്ച മേനിയോടെ വിളങ്ങുന്ന സലാഡ് കുക്കുമ്പറാണതില്‍ മുഖ്യം. മീറ്റര്‍ കവിഞ്ഞാലും നീളാന്‍ മടിയില്ലാത്ത പയറിന് കൊടുക്കാം രണ്ടാംസ്ഥാനം. അടിമുടി എരിവില്‍ കുളിച്ചുനില്‍ക്കുന്ന മുളക് പിന്നാലെയത്തെും. പെണ്‍വിരലോളമുള്ള വെണ്ട മാത്രമല്ല ഒരടിയിലേറെ നീളാന്‍ മടിയില്ലാത്തവയുമുണ്ട് കൂട്ടിന്. ഉരുണ്ട വയലറ്റും നീളന്‍ വഴുതനയും കൂട്ടത്തിലുണ്ട്. പച്ചക്കുതന്നെ രുചിയോടെ കഴിക്കാവുന്ന ബീന്‍സുണ്ട് വിളമത്സരത്തിന്. ഇലക്കറികളോട് മലയാളിക്കുള്ള ഇഷ്ടത്തിന് തെളിവായി ചീരയുടെ പെരുനിരതന്നെ ഓരോ പോളിഹൗസിലുമുണ്ട്. കൊച്ചുകൊച്ചു സിനിമാകൊട്ടക കണക്കെ മഞ്ഞുകൂടാരങ്ങള്‍ മുട്ടിന് മുട്ടിന് പണിതുയര്‍ത്തുമ്പോഴും ഇവിടെ വിളയുന്നതെല്ലാം അങ്ങാടിയില്‍ വിലപ്പോകുമോ എന്ന ചോദ്യം ന്യായം. അര പതിറ്റാണ്ടായി പോളിഹൗസ് കൃഷിയില്‍ സജീവമായ രാജന്‍ വാലത്തിന്‍െറ കൈയില്‍ ആ സംശയത്തിന് മറുമറുന്നുണ്ടായിരുന്നു. ‘സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍’ എന്നതായിരുന്നു അത്. വൈകാതെ അന്തിക്കാട് ബ്ളോക് പരിധിയില്‍ പ്രിസിഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ രൂപംകൊണ്ടു. താന്ന്യത്തിന്‍െറ മുന്നേറ്റത്തിന് സര്‍ക്കാര്‍ പിന്തുണയുമായത്തെി. പോളിഹൗസിന് 75 ശതമാനം സബ്സിഡി നല്‍കാന്‍ തീരുമാനിച്ചു. വിളവിറക്കിയ ശേഷമേ തുക നല്‍കൂ എന്നതാണ് വ്യവസ്ഥ. ഇതിനകം സബ്സിഡി തുക കൈപ്പറ്റിയവരും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നവരുമുണ്ട്. 400 ചതുരശ്ര മീറ്ററിലാണ് ഭൂരിഭാഗം പോളിഹൗസുകളും പണിതത്. നിബന്ധനകളെല്ലാം പാലിച്ച് നിര്‍മിക്കുന്ന പോളിഹൗസിന് 4.4 ലക്ഷമാണ് ചെലവ്. ഇതില്‍ 2.8 ലക്ഷം സബ്സിഡി കിട്ടും.
താന്ന്യത്തിന്‍െറ മുന്നേറ്റം പലകോണുകളില്‍നിന്നുള്ള സഹായം കൊണ്ടാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് രാജന്‍ വാലത്ത് പറഞ്ഞു. കേരള കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. സി. നാരായണന്‍കുട്ടി പുതുകൃഷി വിപ്ളവത്തിനുള്ള സാങ്കേതിക സഹായവുമായി മുഴുവന്‍ സമയവും ഒപ്പംനിന്നു. കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ തയാറാണെന്ന് പറഞ്ഞ് ഒരു ബാങ്ക് മുന്നോട്ടുവന്ന കാഴ്ചയും ഞങ്ങള്‍ കണ്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ടശ്ശാംകടവ് ശാഖയാണ് ഇത്തരത്തില്‍ കര്‍ഷകരെ ‘ഞെട്ടിച്ചത്’. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍നിന്ന് മെക്കാനിക്കല്‍ സൂപ്പര്‍വൈസറായി വിരമിച്ച രാജന്‍ വാലത്ത് അര പതിറ്റാണ്ടായി കൃഷിയില്‍ സജീവമാണ്. പോളിഹൗസിനുള്ളില്‍ നട്ട കുക്കുമ്പറും കാപ്സിക്കവും വിളവെടുപ്പിനൊരുങ്ങുകയാണ്. പുറത്ത് കാബേജും കോളിഫ്ളവറും വെണ്ടയും പാവലും മുളകും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കൃഷിയിറക്കിയിട്ടുണ്ട്. എല്ലാം പ്രിസിഷന്‍ രീതിയില്‍തന്നെ. രാജന്‍െറ കൃഷിരീതിയില്‍ ആകൃഷ്ടരായ കൃഷിസ്നേഹികളാണ് താന്ന്യത്തെ ഹൈടെക് ഗ്രാമമാക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായത്.

ഒട്ടുമിക്ക പോളിഹൗസുകളിലും വിത്തിറക്കിയതോടെ വിപണനം കീറാമുട്ടിയാകുമോ എന്ന സംശയമുയര്‍ന്നു. അതിന് പരിഹാരം കാണാന്‍ പെരിങ്ങോട്ടുകരയില്‍ സംഭരണ വിപണന കേന്ദ്രം തുടങ്ങിയ സന്തോഷത്തിലാണിവര്‍. ഇത്രയും പോളിഹൗസിനുവേണ്ട തൈ ഉല്‍പാദിപ്പിക്കാന്‍ അസോസിയേഷന് കീഴില്‍ പോളിഹൗസ് നഴ്സറി തുടങ്ങിക്കഴിഞ്ഞു. ഇവരുടെ സംഘശക്തി അറിഞ്ഞതോടെ വിലപേശലിന് അവസരമൊരുങ്ങി. വിത്ത് മുതല്‍ നിലത്ത് വിരിക്കാനുള്ള ഉമിയടക്കം ന്യായവിലക്ക് കിട്ടുമെന്നായി. അതിന്‍െറ മെച്ചം കര്‍ഷകര്‍ക്കോരോരുത്തര്‍ക്കും കിട്ടുന്നുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി താനപ്പറമ്പില്‍ സുരേഷ്ബാബു പറഞ്ഞു.
പ്രിസിഷന്‍ കൃഷിക്കിറങ്ങിയവരെല്ലാം അഭ്യസ്തവിദ്യരായത് വിവര വിനിമയത്തിന് ഏറെ ഗുണംചെയ്യുന്നുണ്ടെന്നാണ് താന്ന്യം കൃഷി ഓഫിസര്‍ എം.കെ. അനിതയുടെ പക്ഷം. ഡോക്ടറും അഭിഭാഷകനും റിട്ട. എഞ്ചിനീയറും പ്രവാസജീവിതം മതിയാക്കിയവരുമെല്ലാമാണ് ഇതില്‍ കണ്ണിചേര്‍ന്നിരിക്കുന്നത്്. അഞ്ചുകൊല്ലം തുടര്‍ച്ചയായി വിളവിറക്കണമെന്ന വ്യവസ്ഥപ്രകാരമാണ് കൃഷി. ലാഭകരമാണോ അല്ലയോ എന്ന് വിലയിരുത്താന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെടുക്കും - അവര്‍ ചൂണ്ടിക്കാട്ടി.
26 വര്‍ഷം അബുദാബിയില്‍ മെക്കാനിക്കല്‍ ടെക്നീഷ്യനായശേഷം പത്തുവര്‍ഷമായി നാട്ടില്‍ കൃഷിയില്‍ സജീവമായ ബ്രഹ്മകുളത്ത് തെക്കത്ത് ആന്‍േറാ പോളിഹൗസിലെ വിളപ്പെരുമ കണ്ട് അന്തംവിട്ടിരിക്കുകയാണ്. ഇതിനകം ഒരു ടണ്ണിലേറെ കുക്കുമ്പര്‍ വിളവെടുത്തു. രണ്ടര ക്വിന്‍റല്‍ പയര്‍ വിറ്റു. പ്രാദേശിക വിപണിയെ ആശ്രയിച്ചാണ് വിപണനം.
വ്യോമസേനയില്‍നിന്ന് വിരമിച്ചശേഷം കൃഷിയിലേക്കിറങ്ങിയ കണ്ടശ്ശാംകടവ് ചുള്ളിപ്പറമ്പ് വിശ്വരത്നത്തിന്‍െറ സൂര്യ ഫാംസിലെ പ്രിസിഷന്‍ കൃഷിയുടെ വിളവെടുപ്പ് തുടരുകയാണ്. ഒരു ടണ്‍ കുക്കുമ്പറും അര ടണ്‍ പയറും വിളവെടുത്തു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കുന്നതിനാല്‍ വിപണനം പ്രശ്നമല്ളെന്നാണ് വിശ്വരത്നത്തിന്‍െറ പക്ഷം.
അവണേങ്ങാട്ടില്‍ കളരി വിഷ്ണുമായ ക്ഷേത്രത്തില്‍ അന്നദാനത്തിനുവേണ്ട പച്ചക്കറി വിളയുന്നത് പോളിഹൗസിലാണ്. അമ്പലത്തിലേക്കാവശ്യമായ തുളസിയും തെച്ചിയുമടക്കമുള്ള പൂജാപുഷ്പങ്ങളും പോളിഹൗസിന് ചുറ്റുമാണ് ഉല്‍പാദിപ്പിക്കുന്നത്.
മൂന്നര പതിറ്റാണ്ട് നീണ്ട ഇംഗ്ളണ്ടിലെ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചത്തെിയ മണലൂര്‍ തോപ്പില്‍ ഡോ. ആന്‍റണി വര്‍ക്കി വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറി ഉല്‍പാദനം ലക്ഷ്യമിട്ടാണ് ഹൈടെക് കൃഷിയിലേക്കു ചുവടുവെച്ചത് . ഒപ്പം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനാവുന്നത് ഇവിടെ വിളയുന്നുണ്ട്.
താന്ന്യത്തെ പെണ്‍പ്രജകളും കൃഷിക്കാര്യത്തില്‍ പിന്നിലല്ല. പടിയം അറക്കല്‍ വീട്ടിലെ ശോഭനയും ചാഴൂര്‍ അയ്യപ്പത്ത് വീട്ടിലെ ലതയും പ്രിസിഷന്‍ കൃഷിയിലേക്ക് പിച്ചവച്ചാണ് പ്രിസിഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ ഭരണസമിതി അംഗങ്ങളായത്. ഇരുവരും പലതവണ പെരുംവിളവ് വിളയിച്ചതിന്‍െറ സന്തോഷത്തിലാണ്.

തൃശൂരിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറമെ കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച പ്രാദേശിക ചന്തയിലൂടെയാണ് ഉല്‍പന്നങ്ങള്‍ മുഴുവന്‍ വിറ്റഴിക്കുന്നത്. സലാഡ് കുക്കുമ്പറിന് കിലോഗ്രാമിന് 60 രൂപ കിട്ടും. പയറിനാണെങ്കില്‍ 50. ചീര കെട്ടാക്കിയാണ് വില്‍പന. 200 ഗ്രാമിന് 15 രൂപയാണ് മൊത്തവില. പെരിങ്ങോട്ടുകരയിലെ സംഭരണ വിപണന കേന്ദ്രം കാര്യക്ഷമമായതോടെയാണ് വിപണനം പ്രശ്നമല്ലാതായതെന്ന് ഡോ. ആന്‍റണി വര്‍ക്കി പറഞ്ഞു.
പോളിഹൗസ് കൃഷിക്ക് മാത്രമല്ല ഓപണ്‍ പ്രിസിഷന്‍ ഫാമിങും പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അസോസിയേഷന്‍െറ പ്രവര്‍ത്തനമെന്ന് രാജന്‍ വാലത്ത് പറഞ്ഞു. തൃശൂര്‍ ജില്ലയിലെ ഹൈടെക് കൃഷിക്ക് വേണ്ട തൈകള്‍ ഉല്‍പാദിപ്പിക്കാനുള്ള സൗകര്യമൊരുക്കിക്കഴിഞ്ഞു. അതിന് എലൈറ്റ് വിജയകുമാര്‍ എന്ന കൃഷിസ്നേഹിയുടെ പങ്ക് വലുതാണ്. നഴ്സറിക്കുവേണ്ടി ഒരു പോളിഹൗസ് നല്‍കിയാണ് വിജയകുമാര്‍ താന്ന്യത്തിന്‍െറ കണ്ണിലുണ്ണിയായത്. കര്‍ഷകരില്‍നിന്ന് ഉല്‍പന്നം ന്യായവിലക്ക് തിരിച്ചുവാങ്ങുമെന്ന ഉറപ്പിലാണ് കര്‍ഷകരെ ഹൈടെക് കൃഷിക്ക് ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജന്‍ വാലത്ത് - 93493 24925.
ഇ. മെയില്‍- hightechanthikkad@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

