അഞ്ച് വർഷത്തിനുള്ളിൽ കടൽവിഭവ കയറ്റുമതി 30 ബില്യൺ ഡോളറിലെത്തിക്കും -കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
text_fieldsന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ കടൽവിഭവ കയറ്റുമതി നിലവിലുള്ള 8.5 ബില്യൺ ഡോളറിൽനിന്ന് 30 ബില്യൺ ഡോളറായി (ഏകദേശം 2.5 ലക്ഷം കോടി രൂപ) ഉയർത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. ഉൽപാദന വർധനവിനൊപ്പം ഗുണനിലവാരത്തിലും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വിപണിയിൽ ഉയർന്ന വില ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന കടൽവിഭവ കയറ്റുമതി സംബന്ധിച്ച ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോളതലത്തിൽ ഇന്ത്യൻ മത്സ്യങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തണമെന്നും അസംസ്‌കൃത ചെമ്മീന്റെ ഇറക്കുമതി കുറച്ച്, മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിക്കും സ്വന്തം ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിനും ഊന്നൽ നൽകണമെന്നും മന്ത്രി കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ വികസിത രാജ്യങ്ങളുമായി ഇന്ത്യ ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് ഫിഷറീസ് മേഖലയ്ക്ക് വലിയ വിപണി സാധ്യതകൾ തുറന്നു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ പ്രതിസന്ധിയും അന്താരാഷ്ട്ര തലത്തിൽ ഡീസൽ വിലവർധന നിലനിൽക്കുന്ന സമയത്തുപോലും ഇന്ത്യയിൽ ഇന്ധനവില വലിയ തോതിൽ വർധിക്കാതെ നിയന്ത്രിക്കാൻ സാധിച്ചത് ഊർജ ആവശ്യങ്ങളുടെ കൃത്യമായ മാനേജ്മെന്റ് മൂലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എണ്ണ, വളം കമ്പനികൾ നേരിട്ട വൻ നഷ്ടം കേന്ദ്രസർക്കാർ ഏറ്റെടുത്തതിനാലാണ് സാധാരണക്കാർക്കും ബിസിനസുകൾക്കും പ്രയാസമുണ്ടാകാതിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ 3,000 രൂപ വിലയുള്ള വളം കർഷകർക്ക് 300 രൂപയ്ക്കാണ് നൽകുന്നത്. ഇതിനായി 2 ലക്ഷം കോടി രൂപയിലധികം സബ്‌സിഡിയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു. ആഗോള ഫിഷറീസ് കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം വർധിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ സിങ്ങും വ്യക്തമാക്കി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ഫിഷറീസ് കയറ്റുമതിയിൽ 70 ശതമാനം വളർച്ചയുണ്ടായതായി പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. 2013-14 സാമ്പത്തിക വർഷത്തിൽ അഞ്ച് ബില്യൺ ഡോളറായിരുന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) 8.5 ബില്യൺ ഡോളറായി ഉയർന്നു. ഇതേ കാലയളവിൽ ആഗോള ഫിഷറീസ് വ്യാപാരം 150 ബില്യൺ ഡോളറിൽനിന്ന് 164 ബില്യൺ ഡോളറായി മാത്രമാണ് വളർന്നത്. ആഗോള വളർച്ചയേക്കാൾ വേഗത്തിലാണ് ഇന്ത്യ ഈ മേഖലയിൽ മുന്നേറുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

