Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഅലങ്കാര മത്സ്യകൃഷി...

അലങ്കാര മത്സ്യകൃഷി നല്ല വരുമാന മാർഗം; എങ്ങനെ ഒരു ബിസിനസായി ഉയർത്താം

text_fields
bookmark_border
അലങ്കാര മത്സ്യകൃഷി നല്ല വരുമാന മാർഗം; എങ്ങനെ ഒരു ബിസിനസായി ഉയർത്താം
cancel

അലങ്കാര മത്സ്യങ്ങളെ വളർത്തുന്നത് കേവലം ഒരു വിനോദം മാത്രമല്ല, ഇന്ന് കേരളത്തിൽ വൻ വിജയസാധ്യതയുള്ള ഒരു മികച്ച സ്വയംതൊഴിൽ ബിസിനസ്സ് കൂടിയാണ്. കുറഞ്ഞ സ്ഥലവും പരിമിതമായ മൂലധനവും ഉപയോഗിച്ച് വീടുകളിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ഒരു ബിസിനസ്സ് എന്ന രീതിയിൽ ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്.

ബിസിനസ്സ് മോഡൽ തിരഞ്ഞെടുക്കുക

ഏത് രീതിയിലാണ് ബിസിനസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കുന്നതാണ് ആദ്യപടി. മികച്ച ഇനം മത്സ്യങ്ങളെ വാങ്ങി പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന ബ്രീഡിങ് യൂനിറ്റ് എന്ന രീതി പിന്തുടരാം. (ഉദാഹരണത്തിന്: ഗപ്പി, മോളി, പ്ലാറ്റി എന്നിവ പെട്ടെന്ന് പ്രജനനം നടത്തുന്നവയാണ്). റിയറിങ് യൂനിറ്റ് എന്നാൽ ചെറിയ മീൻകുഞ്ഞുങ്ങളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി, വളർത്തി വലുതാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന രീതിയാണ്. മത്സ്യങ്ങൾക്കൊപ്പം അക്വാറിയം ടാങ്കുകൾ, തീറ്റകൾ, ലൈറ്റുകൾ, മരുന്ന് എന്നിവയും വിൽക്കുന്ന കട എന്ന നിലയ്ക്ക് റീട്ടെയ്ൽ അക്വാറിയം വിപണിയും തുടങ്ങാവുന്നതാണ്.

അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കണം

സിമന്റ് ടാങ്കുകൾ, പ്ലാസ്റ്റിക് ടബ്ബുകൾ, അല്ലെങ്കിൽ ഗ്ലാസ് ടാങ്കുകൾ എന്നിവ മത്സ്യങ്ങലെ വളർത്താനായി ഉപയോഗിക്കാം. തണലുള്ള, എന്നാൽ നേരിയ വെളിച്ചം കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. വെള്ളത്തിൽ ഓക്സിജൻ നിലനിർത്താൻ എയറേറ്ററുകൾ (Aerators) അത്യാവശ്യമാണ്. ക്ലോറിൻ ഇല്ലാത്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ. വീടിനുള്ളിൽ അക്വാറിയം വെക്കുമ്പോൾ നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത ഇടങ്ങൾ തിരഞ്ഞെടുക്കണം. കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റുന്നതും അമിതമായി തീറ്റ നൽകാതിരിക്കുന്നതും മത്സ്യങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

അനുയോജ്യമായ മത്സ്യങ്ങളെ തിരഞ്ഞെടുക്കുക

കേരളത്തിലെ വിപണിയിൽ എപ്പോഴും ഡിമാൻഡുള്ളതും തുടക്കക്കാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ മത്സ്യങ്ങളെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഗപ്പി (ഫാൻസി ഇനങ്ങൾ), മോളി, പ്ലാറ്റി, സോർഡ് ടെയിൽ എന്നിങ്ങനെയുള്ള ലോ ബഡ്ജറ്റ് ഇനങ്ങൾ നിലവിലുണ്ട്. ഗോൾഡ് ഫിഷ്, കോയി കാർപ്പ്, എഞ്ചൽ ഫിഷ്, ഫൈറ്റർ (ബെറ്റ) പോലെയുള്ള മീഡിയം/ഹൈ ബഡ്ജറ്റ് അലങ്കാര മത്സ്യങ്ങളെയും വളർത്താവുന്നതാണ്. സാധാരണ ഇനം ഗപ്പികൾക്ക് പകരം മാർക്കറ്റിൽ നല്ല ഡിമാൻഡുള്ള 'ഫാൻസി ഗപ്പി' ഇനങ്ങൾ വളർത്തിയാൽ കൂടുതൽ ലാഭം കൊയ്യാം.

വിപണന സാധ്യതകൾ

ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളെ എവിടെ വിൽക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. നിങ്ങളുടെ പ്രദേശത്തുള്ള പ്രാദേശിക അക്വാറിയം കടക്കാരുമായി മുൻകൂട്ടി സംസാരിച്ച് മൊത്തമായി നിങ്ങൾക്ക് വിൽക്കാം.

സോഷ്യൽ മീഡിയ മാർക്കറ്റിങ് ഈ ഡിജിറ്റൽ യുഗത്തിൽ നല്ല തന്ത്രമാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവ വഴി മത്സ്യങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ച് നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാം. ഇത് കൂടുതൽ ലാഭം തരും.

കേരളത്തിൽ ഫിഷറീസ് വകുപ്പും അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റികളും അലങ്കാര മത്സ്യകൃഷിക്ക് കൃത്യമായ പരിശീലനങ്ങളും ധനസഹായങ്ങളും (സബ്സിഡികൾ) നൽകാറുണ്ട്. ഇത്തരം പദ്ധതികളെക്കുറിച്ച് തദ്ദേശീയ ഫിഷറീസ് ഓഫിസുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നത് തുടക്കത്തിൽ വളരെയധികം സഹായകരമാകും.

തുടക്കകാർക്ക് വളർത്താൻ എളുപ്പമുള്ള മത്സ്യങ്ങൾ

ഗപ്പി: തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ മത്സ്യമാണ് ഗപ്പികൾ. പലവിധ നിറങ്ങളിലും വാലുകളുടെ പ്രത്യേകതകളിലും ലഭിക്കുന്ന ഇവയ്ക്ക് വലിയ പരിചരണം ആവശ്യമില്ല. ചെറിയ പാത്രങ്ങളിലും അക്വാറിയങ്ങളിലും ഇവയെ വളർത്താം.

ഗോൾഡ് ഫിഷ്: അലങ്കാര മത്സ്യങ്ങളിൽ എക്കാലത്തെയും ജനപ്രിയ ഇനമാണിത്. ആകർഷകമായ സ്വർണനിറവും ശാന്തമായ സ്വഭാവവും ഇവയെ വീടുകൾക്കുള്ളിലെ വലിയ അക്വാറിയങ്ങൾക്ക് അനുയോജ്യമാക്കുന്നു.

ഫൈറ്റർ ഫിഷ് / ബെറ്റ: ഒറ്റയ്ക്ക് വളർത്താൻ പറ്റിയ ഏറ്റവും മനോഹരമായ മത്സ്യമാണിത്.വിവിധ നിറങ്ങളും നീളമുള്ള ചിറകുകളും ഫൈറ്റർ ഫിഷുകൾക്ക് ഓക്സിജൻ പമ്പ് ഇല്ലാതെതന്നെ ചെറിയ ബൗളുകളിൽ പോലും ജീവിക്കാൻ സാധിക്കും.

മോളി: മഞ്ഞ, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ ലഭിക്കുന്ന ഇവ വളരെ പെട്ടെന്ന് പ്രജനനം സാധിക്കുന്നവയാണ്. അക്വാറിയത്തിലെ പായലുകൾ തിന്നും ഈ വിരുതർ വിശപ്പടക്കുമെന്നതിനാൽ കൂടുതൽ തീറ്റിപ്പോറ്റേണ്ടി വരില്ല.

പ്ലാറ്റി/സോർഡ് ടെയിൽ: ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്ന ഇവയും തുടക്കക്കാർക്ക് വളർത്താൻ എളുപ്പമുള്ളവയാണ്. ഏറെ ഭംഗിയുള്ളവയാണെന്ന് മാത്രമല്ല, വളരെ സജീവമായി നീന്തിനടക്കുന്ന ഇനത്തിൽ പെട്ടവയാണിത്.

ടെട്രകൾ: നിയോൺ ടെട്ര, കാർഡിനൽ ടെട്ര തുടങ്ങിയ ചെറു മത്സ്യങ്ങൾ കൂട്ടമായി നീന്തുന്നത് കാണാൻ അക്വാറിയങ്ങളിൽ പ്രത്യേക ഭംഗിയാണ്. ലൈറ്റുകൾ ഇട്ട അക്വാറിയങ്ങളിൽ ഇവ തിളങ്ങിനിൽക്കും.

ഏഞ്ചൽ ഫിഷ് : പരന്ന ശരീരവും നീണ്ട ചിറകുകളുമുള്ള എഞ്ചൽ ഫിഷുകൾ അക്വാറിയങ്ങൾക്ക് ഒരു രാജകീയ പ്രൗഢി നൽകുന്നു. അല്പം വലിയ അക്വാറിയങ്ങളാണ് ഇവയ്ക്ക് ആവശ്യം.

വീടുകൾക്കുള്ളിൽ അക്വാറിയം സജ്ജീകരിച്ച് അലങ്കാര മത്സ്യങ്ങളെ വളർത്തുന്നത് ഇന്ന് കേരളത്തിൽ ഒരു പ്രധാന വിനോദവും വീടുകളുടെ ഭംഗി കൂട്ടാനുള്ള മാർഗവുമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ വരുമാന സാധ്യത കൂടിയ ഒരു ബിസിനസ്സ് സംരംഭമായി അലങ്കാര മത്സ്യ കൃഷിയെ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ornamental fish farmingBusiness GuideagricultureLatest NewsKerala
News Summary - Ornamental fish farming; How to grow it as a business
Next Story