ഈ കുട്ടികൾക്ക്​ കളിയല്ല കൃഷി

12:45 PM
22/02/2020
school-farming

ഈ സ്​കൂളിൽ വിദ്യാർഥികൾ അറിവ്​ നേടുന്നത്​ പുസ്​തകങ്ങളിൽനിന്ന്​ മാത്രമല്ല. മണ്ണിനെ തൊട്ടറിഞ്ഞും ജൈവകൃഷിയുടെ മാതൃക തീർത്തും പഠനത്തെ അവർ രസകരമാക്കുകയാണ്​.  ‘മണ്ണിനെ അറിയുക കൃഷിയിലേക്ക് മടങ്ങുക’ എന്ന ലക്ഷ്യവുമായി പത്തനംതിട്ട ജില്ലയിൽ പന്തളത്തെ പൂഴിക്കാട് ഗവ.  യു.പി സ്കൂളാണ്​ ജൈവകൃഷിയിൽ മാതൃകയാകുന്നത്​. 

സീസൺ വിളകൾക്ക് മുൻതൂക്കം നൽകുന്ന കൃഷിരീതിയാണ് സ്കൂളി​േൻറത്​. കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ്​ ജൈവകൃഷിയുടെ വിജയത്തിന്​ കാരണമെന്ന് പ്രഥമാധ്യാപിക വി.വി ജയലക്ഷ്മി പറയുന്നു. അഞ്ച് ഹൗസുകളായി തിരിച്ചാണ് കൃഷിയും പരിപാലനവും. സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നീ അഞ്ചു നദികളുടെ പേരാണ് അഞ്ച് ഹൗസുകൾക്കും നൽകിയത്. സീസൺ വിളകളായ കോളിഫ്ലവർ, കാബേജ്, തക്കാളി, പടവലം, വെണ്ട, ചീര എന്നിവയാണ് പ്രധാന വിളകൾ.

ശീതകാല വിളയായ കോളിഫ്ലവർ വിളവെടുക്കാൻ പാകമായിക്കഴിഞ്ഞു. ചാണകപ്പൊടി, കടലപ്പിണ്ണാക്ക് പൊടി എന്നിവയാണ് പ്രധാന വളങ്ങൾ. കീടബാധയ്ക്ക് ഗോമൂത്രം ഉപയോഗിക്കുന്നു. സ്കൂളിൽ ക്യഷി ചെയ്യുന്ന ഉൽപന്നങ്ങളാണ്​ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്​ ഉപയോഗിക്കുന്നത്​. കൃഷി വിഷരഹിത ഭക്ഷണം നൽകാൻ സഹായിക്കുന്നതായി വിജയലക്ഷ്മി പറഞ്ഞു. 
കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നെല്ലും കൃഷി ചെയ്തിരുന്നു. ഈ അധ്യയനവർഷം ആദ്യമുണ്ടായ മഴ കൃഷിയെ സാരമായി ബാധിച്ചു. 

Loading...
COMMENTS