മാലിന്യം സംഭരിച്ച് വീണാമണിയുടെ കീട പ്രതിരോധം

നിഷ പി.ആര്‍
13:03 PM
14/06/2016
വീണാമണി


കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്‍െറയും ഇഴപിരിയാത്ത ബന്ധമാണ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയായ പി.എം.വീണാമണിയെ കര്‍ഷക ശാസ്ത്രജ്ഞയാക്കിയത്. പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സജീവമായ ഈ പൊതുപ്രവര്‍ത്തകയെ ഒരുപക്ഷേ കണ്ണൂരുകാര്‍ക്ക് പരിചയപ്പെടുത്തേണ്ടകാര്യമില്ല. കാരണം, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടല്‍ ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചും പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെട്ടും  ശ്രദ്ധേയയാണ് വീണാമണി.  പരിസ്ഥിതി വിഷയങ്ങളിലെ ഇവരുടെ കണ്ടത്തെലുകളും അറിവുകളും മികച്ച പരിസ്ഥിതി പ്രവര്‍ത്തകക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലായിരുന്നു 2008ല്‍ വീണാമണിക്ക് അവാര്‍ഡ് നല്‍കിയത്. പാരമ്പര്യ അറിവുകളെ മൂലധനമാക്കി പ്ളാസ്റ്റിക് മാലിന്യമൊഴിച്ചുള്ളവയെ വളമാക്കുന്ന അറിവ് പ്രായോഗികപഥത്തിലത്തെിച്ചതിനായിരുന്നു ആ അംഗീകാരം.  പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ജൈവാമൃതമെന്ന വളം, അമൃതമെന്ന മറ്റൊരു ജൈവവളം, തെങ്ങിന്‍െറ മണ്ഡരിക്കും ചീരക്കും പയറിനുമുണ്ടാകുന്ന കീടബാധക്കുമുള്ള മരുന്നുകള്‍ എന്നിവ വീണാമണി കണ്ടത്തെിയിട്ടുണ്ട്. വീണാമണിയുടെ കണ്ടത്തെലുകളിലേറെയും പ്രകൃതിയില്‍നിന്നുള്ള അറിവുകള്‍ തന്നെ.

ജൈവാമൃതം
തോട്ടിലും പുഴയിലും വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ജൈവാമൃതത്തിന്‍െറ പ്രധാന അസംസ്കൃത വസ്തു.  പ്ളാസ്റ്റിക് ഒഴിച്ച് അറവുശാലയിലെ മാലിന്യങ്ങള്‍, കോഴിവേസ്റ്റ്,  മത്സ്യ വേസ്റ്റ് തുടങ്ങി മറ്റെല്ലാ മാലിന്യങ്ങളും  ഇതിനുപയോഗിക്കാം.
ആദ്യം മാലിന്യം ഡ്രമ്മില്‍ നിക്ഷേപിക്കുകയാണ് വേണ്ടത് . അതിന്‍െറ കൂടെ അഞ്ചു കിലോ  വീതം ശര്‍ക്കര,  വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്  എന്നിവ നിക്ഷേപിക്കാം. ഗോമൂത്രവും 20 കിലോ ചാണകവും കൂടെ ചേര്‍ക്കാം.  21 ദിവസം രാവിലെയും വൈകീട്ടും കോലുകൊണ്ട് ഇളക്കുക. ചണച്ചാക്കുകൊണ്ട് മൂടിവെക്കുക. 21 ദിവസം കഴിഞ്ഞാല്‍ ജൈവാമൃതം റെഡി. ഇത് രാവിലെ എട്ടിനുമുമ്പും വൈകീട്ട് അഞ്ചിന് ശേഷവും പച്ചവെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിക്കാം. ഈ വളം കൊണ്ട് മണ്ണിരകളെ വര്‍ധിപ്പിക്കാം. ചെടികളെ രോഗങ്ങളില്‍നിന്ന് അകറ്റാം. കായ്ഫലവും തൂക്കവും വര്‍ധിപ്പിക്കാമെന്നും വീണാമണി പറയുന്നു.

 അമൃതം പൊടി
ചതുരത്തില്‍ പത്തടി താഴ്ചയില്‍ കുഴിയെടുത്ത്  അതില്‍ ആദ്യം മണ്ണിടണം. അറവുമാലിന്യം  (50 കിലോയുണ്ടെങ്കില്‍ നല്ലത് ) അതിന് മുകളില്‍ ഇടുക. 10 കിലോഗ്രാം ചാണകം അതിന് മീതെ.  അഞ്ചു കിലോ ശര്‍ക്കര , രണ്ടു കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ടു കിലോ കടലപ്പിണ്ണാക്ക്. 100 മില്ലി യീസ്റ്റ് എന്നിവ ചേര്‍ക്കുക. മണ്ണിട്ട് പുറമെ അറക്കാപൊടി വിതറിയശേഷം മണ്ണിട്ട് മൂടുക. 41 ദിവസം കഴിഞ്ഞാല്‍ അമൃതം പൊടി തയാറാകും.

തെങ്ങിന്‍െറ മണ്ഡരിക്ക്
വേപ്പിന്‍െറ കുരു മിക്സിയിലിട്ട് അടിച്ചോ, അമ്മിയില്‍ ചതച്ചോ ചാന്ത് രൂപത്തിലാക്കുക. പുളിച്ച കഞ്ഞിവെള്ളം, മരമഞ്ഞള്‍, കാട്ടുതുളസിയുടെ ഇല, കരിനൊച്ചി എന്നിവ കൂടെ അരച്ചുചേര്‍ത്ത് ബോട്ടിലില്‍ കെട്ടിത്തൂക്കുക. സൂചി കൊണ്ട് ചെറിയ ദ്വാരങ്ങളിടുക. ഇതില്‍നിന്നുള്ള  ഗന്ധം കാരണം കീടങ്ങള്‍ അടുക്കില്ല.  

ചീരയുടെ പുള്ളിക്കുത്ത്
ചീരക്ക് പുള്ളിക്കുത്ത് വരാതിരിക്കാന്‍ മരമഞ്ഞളും കായവും വെളുത്തുള്ളിയും ചതച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ചീരക്ക് തളിച്ചു കൊടുക്കുന്നു. മരമഞ്ഞള്‍ നല്ളൊരു കീടനാശിനിയാണ്.

പച്ചക്കറി കീടനാശിനി
പുളിച്ച കഞ്ഞിവെള്ളം, കച്ചോലം കിഴങ്ങ്,  ഒരുപിടി കാന്താരിമുളക് എന്നിവ ചേര്‍ത്ത് മിക്സിയില്‍ ചാന്ത് രൂപത്തിലാക്കി  വെള്ളമൊഴിച്ച് നേര്‍പ്പിച്ച്  ഗോമൂത്രവുമായി ചേര്‍ത്തു തളിക്കാം. പയറിന്‍െറ പുഴു, പേന്‍ ശല്യം, ഉറുമ്പടക്കം വൈറസ് ബാധ എന്നിവ തടയാമെന്നതാണ് പ്രധാന ഗുണം. വാഴത്തോട്ടത്തിലെ ഇലവാട്ടത്തിനും ഉത്തമ കീടനാശിനിയാണ്. ഇഞ്ചിയും കച്ചോലവും ചേര്‍ന്നുള്ള ലായനി  നെല്ലിന്‍െറ  മൂഞ്ഞരോഗ പ്രതിരോധത്തിനും  നല്ലതാണ്. തീപ്പൊള്ളല്‍,  മഞ്ഞപ്പിത്തം, ഹൈപ്പറ്റൈറ്റിസ് എന്നിവക്കുള്ള മരുന്ന് കണ്ടത്തെിയിട്ടുണ്ടെന്ന്  വീണാ മണി പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തക
തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍നിന്ന് ബിരുദമെടുത്ത വീണാമണി കൃഷി വകുപ്പില്‍ കൃഷി ഓഫിസര്‍ ആയിരുന്നു. അഗ്രികള്‍ച്ചറല്‍ ഡിപാര്‍ട്ട്മെന്‍റില്‍ തനിക്ക് ലഭിച്ച ഉദ്യോഗം രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. പ്രകൃതിക്കുനേരെയുള്ള  കൈയേറ്റങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 14 വര്‍ഷമായി വീണാമണി പല സമരങ്ങള്‍ നടത്തിയിട്ടുണ്ട്. 2007ല്‍ പരിസ്ഥിതി അവര്‍ഡ്, പരിസ്ഥിതി ഉച്ചകോടി അവാര്‍ഡ്, ബാല കോണ്‍ഗ്രസ് നല്ല കോഓഡിനേറ്റര്‍ക്കുള്ള അവാര്‍ഡ്, ഗവേഷണത്തിന് ബാലശാസ്ത്ര അവാര്‍ഡ്  തുടങ്ങിയ പുരസ്കാരങ്ങള്‍ നേടി.  കൃഷിപഠനത്തില്‍ ഗവേഷക. വിമണ്‍സ് വോയ്സ് എജുക്കേഷന്‍ സൊസൈറ്റി  അഖിലേന്ത്യാ ചെയര്‍മാനാണ്. മിത്രാ നികേതന്‍ 2009ല്‍ സംഘടിപ്പിച്ച ഫാര്‍മേഴ്സ് ഇന്നവേറ്റേഴ്സ് മീറ്റില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. വീട്ടിലെ മികച്ച കര്‍ഷക കൂടിയാണ്  വീണാമണി. രണ്ടര ഏക്കര്‍ സ്വന്തം കൃഷിഭൂമിയില്‍ കൃഷിചെയ്തുവരുന്നു. കൂടാതെ, ബാക്കി  ആറേക്കറോളം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. നെല്ല്, പച്ചക്കറി, മഞ്ഞള്‍, ഇഞ്ചി, കപ്പ, വാഴ എന്നിവയാണ് പ്രധാന കൃഷിയിനങ്ങള്‍. സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന ജൈവവളം തന്നെയാണ് കൃഷിയിടങ്ങളില്‍ ഉപയോഗിച്ചുവരുന്നതെന്ന് വീണാമണി പറയുന്നു.

COMMENTS