‘റോ’യുടെ മുന്‍മേധാവി ഇനി കര്‍ഷക വേഷത്തില്‍

  • ഹോര്‍മിസ് തരകന്‍ ഉളവെയ്പ്പില്‍ നെല്‍കൃഷിക്ക് തുടക്കംകുറിച്ചു

01:02 AM
11/08/2016
ഹോര്‍മിസ് തരകന്‍ പാടത്ത് വിത്തെറിയുന്നു

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ‘റോ’യുടെ മുന്‍ മേധാവിയും കേരള പൊലീസിന്‍െറ മുന്‍ തലവനുമായ ഹോര്‍മിസ് തരകന്‍ ഇനി കര്‍ഷക വേഷത്തില്‍. ജന്മനാടായ ഉളവെയ്പ്പില്‍ സ്വന്തമായുള്ള 15 ഏക്കര്‍ കരിനിലത്തില്‍ വിത്തെറിഞ്ഞ് അദ്ദേഹം നെല്‍കൃഷിക്ക് തുടക്കംകുറിച്ചു.
അരൂര്‍ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ ഉളവെയ്പ് സ്വദേശിയായ ഹോര്‍മിസ് തരകന്‍ 2003ല്‍ കേരളഡി.ജി.പി ആയും 2007ല്‍ റോയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. 2007ല്‍ വിരമിച്ചശേഷം കര്‍ണാടക ഗവര്‍ണറുടെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച ഹോര്‍മിസ് തരകന്‍, പിതാവായ തേക്കനാട്ട് പാറായില്‍ കൊച്ചുപാപ്പു തരകന്‍െറ 12 മക്കളില്‍ ഒരാളാണ്. പിതാവിന്‍െറ കര്‍ഷക പാരമ്പര്യം പിന്തുടരണമെന്ന ആഗ്രഹമാണ് കാര്‍ഷികവൃത്തിയിലേക്ക് തിരിയാന്‍ പ്രേരണയായത്. കഴിഞ്ഞ 30 വര്‍ഷക്കാലമായി കൃഷി ഇറക്കാതെ കിടന്ന കരിനിലത്തില്‍ തന്‍െറ പിതാവിന്‍െറ ഓര്‍മകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ അദ്ദേഹം വിത്തെറിയുകയായിരുന്നു. സംയോജിത നെല്‍-മത്സ്യ കൃഷിയായിട്ട് അഡാക്കിന്‍െറ സഹായത്തോടെയാണ് കൃഷി. തനത് പൊക്കാളി വിത്തിനമായ ചെട്ടിവിരിപ്പ് വിതച്ച്, ഞാറ്റടിയാക്കി, ഞാറ് നടീല്‍ യന്ത്രം ഉപയോഗിച്ച് പറിച്ചുനട്ടുള്ള നൂതന കൃഷി രീതിയാണ് അവലംബിക്കുന്നത്.

 

COMMENTS