ലോക്​ഡൗണിൽ പച്ചവിരിക്കാം മട്ടുപ്പാവിൽ

സ്​ഥലമില്ലെന്നോർത്ത്​ വിഷമിക്കേണ്ട. ചതുരശ്രയടി കണക്കിന്​ ടെറസല്ലേയുള്ളത്​. അൽപം മനസ്സുവെച്ചാൽ മട്ടുപ്പാവിലും നൂറുമേനി വിളയിക്കാം. തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുളക്​ തുടങ്ങിയവ ടെറസിലും വളരും. കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മട്ടുപ്പാവ്​ കൃഷി അനുഗ്രഹമാകും.

1. തുടരെ മഴപെയ്യുന്ന സമയമാണെങ്കിൽ അതുകഴിഞ്ഞ്​ ടെറസ്​ കൃഷി തുടങ്ങുന്നതാണ്​ നല്ലത്. മഴയിൽ സിമൻറ്​ മേല്‍ക്കൂരയിൽ പായലും വഴുക്കലുമുണ്ടായി തെന്നിവീഴാൻ സാധ്യതയുണ്ട്​. കനത്ത മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ ഒലിച്ചുപോയി വളക്കൂറ് കുറയാം. മഴ പോയി ടെറസ്​ ഉണങ്ങാൻ തുടങ്ങു​േമ്പാൾ പതിയെ കൃഷി ആരംഭിക്കാം.

2. ടെറസ്​കൃഷിയില്‍ രാവിലെയും വൈകീട്ടുമുള്ള നന ഒഴിവാക്കാനാവില്ല. ഇല്ലെങ്കിൽ ഉണങ്ങി നശിക്കും. അതുകൊണ്ട്​ വീട്ടിലെ ജലസംഭരണി ടെറസിൽനിന്ന്​ മൂന്നു മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കണം. വേനലിൽ വെള്ളമില്ലാത്ത പ്രദേശമാണെങ്കിൽ നന​ക്കാൻ വെള്ളം കരുതിവെക്കണം. അല്ലെങ്കിൽ, തുള്ളിനന, തിരിനന രീതികള്‍ പരീക്ഷിക്കാം. അടുക്കളയിലും വാഷ് ബേസിനുകളിലും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ചെറുതായി ശുദ്ധീകരിച്ച്​ ജലസേചനത്തിന്​ ഉപയോഗിക്കാം.

3. ടെറസിനെ മുട്ടി മരക്കൊമ്പുകളോ പോസ്​റ്റുകളോ ഇല്ലാത്തത്​ എലി, ക്ഷുദ്രജീവി ശല്യം കുറക്കും. കൃഷി ചെയ്യുന്നവരുടെ സുരക്ഷക്ക്​ ചുറ്റുമതിലിന് അരമീറ്റര്‍ ഉയരം വേണം.

4. കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ വെറുതെ മണ്ണ് നിരത്തി കൃഷി ചെയ്യരുത്​. വേരുകളും മണ്ണില്‍നിന്ന്​ ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിൽ ചോര്‍ച്ചക്ക്​ ഇടയാക്കിയേക്കാം.  നാലുവശത്തും ഇഷ്​ടിക ചരിച്ചുവെച്ച് ടാർപോളിൻ ഷീറ്റ് വിരിച്ച് ഇഷ്​ടിക ഉയരത്തിൽ മണ്ണിട്ട് കൃഷി ചെയ്യാം. മണ്ണ്​, ചാണകപ്പൊടി, ചകിരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്​റ്റ്​, കരിയിലകള്‍ എന്നിവയാണ്​ നടീൽ മിശ്രിതമായി വേണ്ടത്​.

5. ഇതല്ലാതെ ടെറസിൽ പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. എല്ലാം കഴുകി ഉണക്കിയെടുക്കണം. പത്തുകിലോ ചാക്ക് പുറത്തോട്ട് മടക്കി ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. സുതാര്യമായ പോളിത്തീന്‍ കവറായാൽ വേരുകളിൽ സൂര്യപ്രകാശം തട്ടി വളര്‍ച്ച മുരടിപ്പിക്കും. വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും ഇടുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ട.

 

Loading...
COMMENTS