വിപണി വില 800 രൂപ വരെ; കാന്താരി ഇങ്ങനെ കൃഷി ചെയ്യാം വീട്ടിലേക്കും വരുമാനത്തിനും
text_fieldsകാന്താരി മുളകരച്ചുണ്ടാക്കുന്ന ചമ്മന്തിയും കറികളുമെല്ലാം എന്നും മലയാളിയുടെ പ്രിയപ്പെട്ട രുചി ഓർമകളാണ്. മുളകിനങ്ങൾ പലതും അടുക്കള കൈയേറാൻ തുടങ്ങിയപ്പോൾ കാന്താരിമുളക് പല വീടുകളിൽ നിന്നും അപ്രത്യക്ഷമാവാൻ തുടങ്ങി. ഒന്ന് മനസ്സുവെച്ചാൽ വീട്ടിലേക്കുള്ള ആവശ്യങ്ങൾക്കും വരുമാനമുണ്ടാക്കാനും കൃഷി ചെയ്യാവുന്ന വിളയാണ് ഈ കുഞ്ഞൻ മുളക്. വിദേശ മാർക്കറ്റുകളിൽവരെ ആവശ്യക്കാർ ഏറെയാണ്.
കാന്താരി മുളകിലടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ തന്നെയാണ് അവിടെ പ്രിയം കൂടാൻ കാരണം. ഇതിലടങ്ങിയിരിക്കുന്ന ക്യാപ്സിയിൽ കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ ജീവകം എ, സി, ഇ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമായും പച്ച, വെള്ള നിറങ്ങളിലുള്ള കാന്താരി മുളകുകളാണ് കണ്ടുവരുന്നത്. ഇതിൽ തന്നെ പച്ചക്കാണ് ആവശ്യക്കാർ കൂടുതൽ.
പഴുത്ത കാന്താരിയിൽ നിന്ന് വേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകൾ അര മണിക്കൂർ വെള്ളത്തിൽ/സ്യൂഡോമോണസിൽ കുതിർക്കുന്നത് നല്ലതാണ്. ഏത് കാലാവസ്ഥയിലും കാന്താരി മുളക് നടാം. തീരെ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ നടുന്നത് ഒഴിവാക്കാം. വിത്തുകൾ മുളച്ചശേഷം മാറ്റി നടാം. കാന്താരി മുളകിന് പ്രത്യേകിച്ച് വളപ്രയോഗങ്ങളുടെ ആവശ്യമില്ലെങ്കിലും ചാണകം, കമ്പോസ്റ്റ് വളം തുടങ്ങിയ ജൈവവളങ്ങൾ ഇടവേളകളിൽ നൽകുന്നത് വിളവ് വർധിപ്പിക്കും. ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലങ്ങളിൽ തടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും ഒഴിവാക്കണം. കാര്യമായ കീടബാധ ഇല്ലാത്ത വിളയാണിത്. മാത്രമല്ല ജൈവകീടനാശിനികളും ഇവയുപയോഗിച്ച് നിർമിക്കാം.
കാന്താരി മുളക് ഉപ്പിലിട്ടതും അച്ചാറുകളും ഇതിനോടകം മാർക്കറ്റുകളിൽ ലഭ്യമാണ്. പ്രവാസികൾ തിരിച്ചുപോകുമ്പോൾ സ്വന്തം ആവശ്യങ്ങൾക്കും സുഹൃത്തുക്കൾക്ക് നൽകാനും ഉണക്കിയ കാന്താരിമുളക് കൈയിൽ സൂക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. പ്രത്യേക പരിചരണം ആവശ്യമില്ല എന്നതുകൊണ്ടുതന്നെ ആർക്കും കൃഷി ചെയ്യാവുന്നതും വരുമാനം കണ്ടെത്താനും കാന്താരി മുളകിനെ ആശ്രയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

