Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightറബര്‍ കര്‍ഷകരെ...

റബര്‍ കര്‍ഷകരെ സഹായിക്കാത്ത കേരള കോണ്‍ഗ്രസ് സ്വന്തം ശവക്കല്ലറ തീര്‍ക്കുന്നെന്ന് കെ. സുധാകരന്‍

text_fields
bookmark_border
റബര്‍ കര്‍ഷകരെ സഹായിക്കാത്ത കേരള കോണ്‍ഗ്രസ് സ്വന്തം ശവക്കല്ലറ തീര്‍ക്കുന്നെന്ന് കെ. സുധാകരന്‍
cancel

തിരുവനന്തപുരം :റബര്‍ കര്‍ഷകരെ സഹായിക്കാത്ത കേരള കോണ്‍ഗ്രസ് സ്വന്തം ശവക്കല്ലറ തീര്‍ക്കുന്നെന്ന് കെ. സുധാകരന്‍തിരുവനന്തപുരം :കനത്ത വിലയിടിവുമൂലം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍, റബര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പട്ട കേരള കോണ്‍ഗ്രസ്- (എം) ഇടതുകൂടാരത്തില്‍ സ്വന്തം ശവക്കല്ലറ തീര്‍ക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. കര്‍ഷകരെ വര്‍ഗശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റുകാരോടൊപ്പമുള്ള സഹവാസം കര്‍ഷകപാര്‍ട്ടിയെയും അതേ വാര്‍പ്പിലാക്കി.

സാമ്പത്തികമായി തകര്‍ന്ന് സ്വന്തം അണികള്‍ കയറും കീടനാശിനിയും എടുക്കുമ്പോള്‍ അധികാരത്തിന്റെ ശീതളിമയില്‍ കഴിയുന്നതിനെതിരേ ഉയരുന്ന ജനരോഷം എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാകുമെന്നു സുധാകരന്‍ ചോദിച്ചു. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സര്‍ക്കാര്‍, റബര്‍ വില 125 രൂപയായിട്ടും കര്‍ഷകര്‍ക്കുവേണ്ടി ചെറുവിരല്‍ അനക്കിയില്ല എന്നിടത്താണ് കര്‍ഷകവഞ്ചനയുടെ ചുരുള്‍ നിവരുന്നത്.

റബര്‍ വില താഴാവുന്നതിന്റെ പരമാവധി താഴ്ന്നിട്ടും കേരള കോണ്‍ഗ്രസ് എമ്മിന് മുന്നണിയിലിരുന്ന് ഒന്നു നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല. റബര്‍വില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ഈ സാമ്പത്തിക വര്‍ഷം ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ് എന്ന് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയില്‍ നല്കിയ രേഖാമൂലമുള്ള മറുപടി കര്‍ഷക കേരളത്തെ ഞെട്ടിച്ചു. കര്‍ഷകര്‍ക്കായി മാറ്റിവച്ചു എന്നവകാശപ്പെടുന്ന തുകയുടെ ആറ് ശതമാനം പോലും സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ചെലവഴിക്കാത്ത പിണറായി സര്‍ക്കാരിനെ തെങ്ങിന്റെ പച്ചമടല്‍ വെട്ടി അടിക്കണം.

റബര്‍ കര്‍ഷകരുടെയും മലയോര കര്‍ഷകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെടുകയും കേരള കോണ്‍ഗ്രസ്(എം) മുഖംതിരിച്ചു നിൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചിലര്‍ ബി.ജെ.പിയോട് അടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ജനാധിപത്യ മതേതരചേരിയില്‍ അടിയുറച്ചുനിന്ന ഒരു ജനസമൂഹത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാനുള്ള സാഹചര്യം പിണറായി സര്‍ക്കാര്‍ ഒരുക്കുന്നത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണെന്ന് സംസാരമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ പല ഡീലുകളില്‍ ഒന്നാണിതെന്നും സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് 2015ല്‍ ആദ്യമായി റബറിന് 150 രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയത്. റബര്‍ വില 120 രൂപയായി കുത്തനെ ഇടിഞ്ഞപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ പരിഷ്‌കാരം കര്‍ഷകരെ ആത്മഹത്യയില്‍നിന്നും സാമ്പത്തിക തകര്‍ച്ചയില്‍നിന്നും സംരക്ഷിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ കേരളം ഭരിച്ചിരുന്നെങ്കില്‍ റബിന് 250 രൂപയെങ്കിലും വില ഉണ്ടാകുമായിരുന്നെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. റബറിന്റെ വില പാതാളത്തോളം താഴുകയും ടയര്‍ വില വാണം പോലെ ഉയരുകയും ചെയ്യുമ്പോള്‍ കര്‍ഷകരെ വഞ്ചിച്ച ചരിത്രവും കോര്‍പറേറ്റുകളെ പ്രീണിക്കുന്ന വര്‍ത്തമാനകാലവുമുള്ള ബിജെപിയെ എങ്ങനെ കര്‍ഷകര്‍ക്ക് വിശ്വസിക്കാനാകുമെന്നു സുധാകരന്‍ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congressrubber farmers
News Summary - K Sudhakaran said that the Kerala Congress, which does not help the rubber farmers, is preparing its own grave.
Next Story