Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightവില കയറിയിട്ടും കർഷകന്...

വില കയറിയിട്ടും കർഷകന് നേട്ടമില്ല; പ്രതിസന്ധിയിൽ നാളികേര കൃഷി

text_fields
bookmark_border
Coconut
cancel

പാലക്കാട്: നാളികേര കർഷകർക്കായി സർക്കാർ വിവിധ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്ന പരാതിയിലാണ് കർഷകർ. കാലാവസ്ഥയും രോഗങ്ങളും തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് നാളികേര വിപണിക്കും തിരിച്ചടിയാകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേര കർഷകരുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. കിഴക്കൻ മേഖലയിൽ ഏക്കർകണക്കിന് തോപ്പുകളിലാണ് തെങ്ങ് കൃഷി ചെയ്യുന്നത്. തമിഴ്നാട് അതിർത്തിയോടുചേർന്ന പ്രദേശമായതിനാൽ തന്നെ വിപണി നിയന്ത്രിക്കുന്നതും തമിഴ്നാട്ടിലെ വ്യാപാരികളാണ്. ഒന്നാം എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് താങ്ങുവില നൽകി പച്ചത്തേങ്ങ സംഭരിച്ചിരുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. മികച്ച വില ലഭിച്ചതും കെട്ടിക്കിടക്കാതെ തേങ്ങ വിൽക്കാൻ സാധിച്ചതും കർഷകർക്ക് ഗുണകരമായി. എന്നാൽ, പദ്ധതി നിലച്ചതോടെ വീണ്ടും വിപണി കണ്ടെത്താനാകാത്ത അവസ്ഥയിലാണ് നാളികേര കർഷകർ.

തേങ്ങക്ക് വില കയറുന്നു; നേട്ടം വ്യാപാരികൾക്ക്, നഷ്ടം കർഷകന്

തമിഴ്നാട്ടിൽനിന്നുള്ള മൊത്ത വ്യാപാരികൾ കർഷകരിൽനിന്നും കിലോക്ക് 42 രൂപക്കാണ് തേങ്ങ സംഭരിക്കുന്നത്. ഇത് വിപണിയിലെത്തുമ്പോൾ 60-65 രൂപ വരെയായി ഉയരും. എന്നാൽ, ഇതിന്‍റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. കേരളത്തിൽനിന്നുള്ള ഭൂരിഭാഗം തേങ്ങയും പൊള്ളാച്ചി വിപണിയിലേക്കാണ് കയറ്റിയയക്കുന്നത്. കേരളത്തിന്റെ തേങ്ങാ വിപണി തമിഴ്നാട്ടിലെ വ്യാപാരികളാണ് നിയന്ത്രിക്കുന്നതെന്ന ആക്ഷേപം കർഷകർക്കുണ്ട്. ഒരു തെങ്ങിൽനിന്നും തേങ്ങയിടാൻ ശരാശരി 50-70 രൂപ വരെ നൽകണം. രണ്ടുവർഷം മുമ്പ് വരെ ഇത് ശരാശരി 30-50 രൂപയായിരുന്നു. കുറഞ്ഞ കായ്ഫലമുള്ള തെങ്ങിൽ കയറി തേങ്ങയിട്ടാലും കൂലി കൊടുക്കണം. കഴിഞ്ഞയാഴ്ച പച്ചത്തേങ്ങക്ക് കിലോ 32-34 രൂപ ആയിരുന്നത് ഈയാഴ്ച 42-44 രൂപയായി. ബ്രൗൺ നിറത്തിലുള്ള തേങ്ങയും 42-44 രൂപയിലെത്തി. മഴക്കാലത്ത് തോപ്പുകളിൽ തേങ്ങ കൂട്ടിയിടാനാവില്ല. അതിനാൽ കിട്ടുന്ന വിലയ്ക്ക് കൊടുത്ത് ഒഴിവാക്കേണ്ട സ്ഥിതിയുമുണ്ട്. കേരഫെഡിന്‍റെ നേതൃത്വത്തിൽ കൃഷിഭവനുകളിലൂടെ തേങ്ങ സംഭരണം ആരംഭിച്ചാലേ കർഷകർക്ക് ഗുണം ലഭിക്കുകയുള്ളൂ.

രോഗങ്ങൾ വലച്ച് തെങ്ങുകൾ

ഒരു വർഷം ഒരു തെങ്ങിൽനിന്നും ശരാശരി ഏഴ് വിളവെടുപ്പാണ് ലഭിക്കുക. കേരളത്തിലെ കണക്കനുസരിച്ച് ഒരു തെങ്ങിൽനിന്നും ഏകദേശം 90 തേങ്ങ ലഭിക്കും. ഇത്തവണ അത് 60-70 ആയി കുറഞ്ഞതായി കർഷകർ പറയുന്നു. തെങ്ങിനെ ബാധിക്കുന്ന പലതരം രോഗങ്ങളാണ് വിളവെടുപ്പ് കുറക്കുന്നത്. മണ്ടചീയൽ, വെള്ളീച്ച ആക്രമണം, വെള്ളപ്പാറ്റ ആക്രമണം, റൂട്ട് വെൽറ്റ് എന്നീ രോഗങ്ങൾ തെങ്ങുകളിൽ വ്യാപകമായി പടരുന്നുണ്ട്. ഇത്തരം രോഗങ്ങളുടെ ആക്രമണം തെങ്ങിനെ പാടേ നശിപ്പിക്കുന്നു. റൂട്ട് വെൽറ്റ് എന്ന രോഗം ബാധിച്ചാൽ പിന്നെ ആ സ്ഥലത്ത് മറ്റൊരു തെങ്ങ് വളർന്നുവരില്ല. കർഷകന് ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാര തുകയും കിട്ടാറില്ലെന്ന് ആക്ഷേപമുണ്ട്.

തേങ്ങയേക്കാൾ ഡിമാൻഡ് ചിരട്ടക്ക്

തേങ്ങയേക്കാളും കൂടുതൽ ഡിമാൻഡ് ഇപ്പോൾ ചിരട്ടക്കാണ്. കിലോഗ്രാമിന് 35 രൂപ വരെ വില ലഭിക്കും. കഴിഞ്ഞയാഴ്ച ഇത് 25 രൂപയായിരുന്നു. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ചിരട്ട ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിട്ടുണ്ട്. തേങ്ങക്ക് വില കൂടുമ്പോൾ ചിരട്ട വിലയും ഉ‍യരും. സമാനരീതിയിൽ ചകിരിക്കും ആവശ്യക്കാരുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ഡ്രൈ കയർ പ്രൊഡക്ഷൻ കമ്പനികൾ നല്ല വില നൽകി ചകിരി വാങ്ങാറുണ്ടെന്ന് കർഷകർ പറയുന്നു.

വെളിച്ചെണ്ണ വിലയ്ക്ക് കൊപ്രയുടെ ‘ചൂട്’

വെളിച്ചെണ്ണയുടെ വില കൂടുന്നതും കുറയുന്നതും അടുക്കള ബജറ്റിനെയും ബാധിക്കും. കഴിഞ്ഞ ഓണക്കാലത്ത് 600 രൂപയും കടന്ന് എണ്ണവില കുതിച്ചത് സാധാരാണക്കാർക്ക് ഇരുട്ടടിയായിരുന്നു. ഇത്തവണ ജൂലൈ പകുതി ആയപ്പോൾ 360 രൂപ വരെയായിരുന്നു ലിറ്ററിന്‍റെ

വില. കൊപ്രക്ക് വില കൂടുന്നത് വെളിച്ചെണ്ണ വിലയെ ബാധിക്കും. കർഷകർ തേങ്ങ ഉണക്കിയാലും സർക്കാർ തലത്തിൽ സംഭരണശാലകൾ ഇല്ലാത്തതിനാൽ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനേ കഴിയൂ. മാർക്കറ്റിൽ കൊടുത്താലും അധികം വില കിട്ടാറില്ലെന്നും കർഷകർ പറയുന്നു.

കാർബൺ ക്രെഡിറ്റ് പദ്ധതി

കാർബൺ ക്രെഡിറ്റ് വിപണിയിൽ നാളികേര കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് നാളികേര വികസന ബോർഡ് (സി.ഡി.ബി). തെങ്ങുകൃഷി അധിഷ്ഠിത കാർബൺ ക്രെഡിറ്റ് പദ്ധതി രൂപകൽപന ചെയ്യുന്നതിനും നടപ്പാക്കാനും പരിചയമുള്ള ഏജൻസികളിൽനിന്നും ബോർഡ് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. കാർബൺ ക്രെഡിറ്റ് സൃഷ്ടിച്ച് അത് വിപണനം ചെയ്ത് കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കാനും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് വേർതിരിച്ച് സംഭരിക്കാനും അന്താരാഷ്ട്രതലത്തിൽ പ്രചാരം ഏറിവരുന്ന രീതിയാണ് കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കലും വിപണനവും. നാളികേര കൃഷിക്ക് ഇതിൽ ഏറെ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ബോർഡ് ഈ രംഗത്തേക്ക് ഇറങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government schemesKerala AgricultureAgri NewsPalakkadCoconut farmers
News Summary - Farmers are not benefiting even though prices have increased
Next Story