പിടിച്ചുപറിയും അമിത കൂലിയും; 2500 ഏക്കറിലെ കൃഷി ഉപേക്ഷിച്ച് കർഷകർ
text_fieldsആർപ്പൂക്കര: ചെലവും അമിത കൂലിയും മൂലം ആർപ്പൂക്കര പഞ്ചായത്തിൽ 2500ലധികം ഏക്കർ പാടശേഖരങ്ങളിലെ പുഞ്ചക്കൃഷി വേണ്ടെന്നുെവച്ച് കർഷകർ. മില്ലുടമകൾ നെല്ലെടുക്കുന്നതിന് അമിത കിഴിവ് ഈടാക്കുന്നതും കൃഷിച്ചെലവ് കൂടിയതുമാണ് കാരണം. ഇനിയും നഷ്ടം സഹിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കൃഷിക്കാർ. ഡിസംബർ ആദ്യ ആഴ്ചയിൽ കൊയ്ത നെല്ല് പോലും മില്ലുകാർ എടുത്തിട്ടില്ല. നെല്ലെടുപ്പിക്കാൻ അധികൃതർ അനങ്ങുന്നുമില്ല.
കൊച്ചുവീട്ടിൽ പാടശേഖരത്ത് ഡിസംബർ മൂന്നിന് കൊയ്തെടുത്ത നെല്ല് ഇപ്പോഴും പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പത്ത് ശതമാനത്തിൽ താഴെ മാത്രം ഈർപ്പമുള്ള നെല്ലാണ്. ഇതിനും 14 കിലോ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ പുഞ്ചകൃഷിക്ക് പല പാടശേഖരങ്ങളിലും 15 മുതൽ 20 കിലോ കിഴിവാണ് മില്ലുകാർ ഈടാക്കിയത്. കൊയ്ത്ത് കഴിഞ്ഞാലുടൻ മില്ലുകാരുടെ ഏജന്റ് എത്തി കിഴിവ് എത്രയെന്ന് പ്രഖ്യാപിക്കും. പിന്നീട് പരിശോധനക്കെത്തുന്ന പാഡി ഓഫിസ് ഉദ്യോഗസ്ഥർ ഏജന്റ് പറഞ്ഞ കിഴിവ് ലഭിക്കുന്ന രീതിയിൽ ഈർപ്പം രേഖപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു. ഓരു കയറി ഉൽപാദനം കുറയുന്നതിനും കൃഷി നശിക്കുന്നതിനും നഷ്ടപരിഹാരമായി കൃഷി മന്ത്രി പ്രഖ്യാപിച്ച 10,000 രൂപയും ഇവിടെ ലഭിച്ചിട്ടില്ല. ജില്ലയിൽ പലയിടങ്ങളിലും സമാന അവസ്ഥയാണ്. കൃഷി ചെയ്ത നെല്ല് ശേഖരിക്കുന്നതിലുണ്ടാകുന്ന പാളിച്ചകൾ കർഷകരെ തകർക്കുകയാണ്. പലയിടങ്ങളിലും നെല്ല് എടുക്കാത്തതിനാൽ നശിക്കുന്ന സ്ഥിതിയാണ്. ജനപ്രിയ വിത്ത് ലഭ്യമാക്കാത്തതും കൃഷിയെ സാരമായി ബാധിക്കുന്നു. മതിയായ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യം തുടരുകയാണെങ്കിൽ നെൽകൃഷിയിൽനിന്ന് കൂടുതൽ കർഷകർ പിൻമാറാനാണു സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

